22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 7, 2024
December 4, 2024
December 4, 2024
December 2, 2024
December 1, 2024
November 25, 2024
November 24, 2024
November 8, 2024

പ്രിയപ്പെട്ട സച്ചിന് പിറന്നാള്‍ ആശംസകള്‍

web desk
തിരുവനന്തപുരം
April 24, 2023 8:49 am

ക്രിക്കറ്റെന്നാല്‍ ഇന്നിന്റെ തലമുറയിലെ കുഞ്ഞുങ്ങള്‍ പോലും പറയും, സച്ചിന്‍… എന്ന്. ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസമാണ് ഈ കളിസൗന്ദര്യം. ഇന്നും കുരുന്നുപയ്യന്റെ കാഴ്ചയും കരുത്തുമുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പിറന്നാളാണ്. അമ്പത് വയസിന്റെ പിറന്നാള്‍. ലോകാന്തര ക്രിക്കറ്റ് താരങ്ങള്‍ പോലും അതിശയത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ സ്വകാര്യ അഹങ്കാരത്തെ കാണുന്നത്. പതിനാറാം വയസിലാണ് സച്ചിന്‍ ബാറ്റെടുത്തത്. 24 വര്‍ഷത്തോളം ക്രീസില്‍ ചെലവിട്ട് ഒടുവില്‍ 2013ല്‍ ക്രിക്കറ്റില്‍ നിന്ന് വിടപറഞ്ഞു.

1973 ഏപ്രില്‍ 24‑ന് മുംബൈയിലെ ബാന്ദ്രയില്‍ ആണ് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ജനനം. മറാത്തി കവിയും നോവലിസ്റ്റും കോളജ് അധ്യാപകനുമായിരുന്ന രമേഷ് തെണ്ടുല്‍ക്കറാണ് അച്ഛന്‍. അമ്മ രജനി ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥയാണ്. പിതാവിന് സംഗീത സംവിധായകനായ സച്ചിന്‍ ദേവ് ബര്‍മനോടുള്ള ആരാധന കാരണമാണ് മകന് സച്ചിന്‍ എന്ന പേരിട്ടത്.

വിനോദ് കാംബ്ലിക്കൊപ്പം 1988 ഫെബ്രുവരിയില്‍ തീര്‍ത്ത 664 റണ്‍സിന്റെ കൂട്ടുകെട്ടാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പ്രതിഭയെ ക്രിക്കറ്റില്‍ ശ്രദ്ധേയനാക്കിയത്. ചെന്നൈയിലെ പേസ് ഫൗണ്ടേഷനില്‍ പേസ് ബൗളറാകാനാണ് സച്ചിന്‍ എത്തിയത്. എന്നാല്‍  സച്ചിനെ ഡെന്നീസ് ലില്ലി ബാറ്റിങ്ങിന് അയച്ചു. സച്ചിന്റെ വിക്കറ്റുകള്‍ വീഴ്ത്തുന്നവര്‍ക്ക് ഓരോ രൂപ സമ്മാനം പ്രഖ്യാപിച്ച് രമാകാന്ത് അച്‌രേക്കര്‍ ആ ബാറ്റിങ് പ്രതിഭയെ വളര്‍ത്തുകയും ചെയ്തു. 1988 ഡിസംബര്‍ 11ന് ഗുജറാത്തിനെതിരേ സെഞ്ചുറി നേടിക്കൊണ്ട് റെക്കോഡുകളുടെ കളിക്കാലത്തിലേക്ക് സച്ചിന്‍ പ്രവേശിച്ചു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മൂന്നക്കം കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായിരുന്നു സച്ചിന്‍. രഞ്ജിയിലും ദുലീപ് ട്രോഫിയിലും ഇറാനി കപ്പിലും അരങ്ങേറ്റമത്സരങ്ങളില്‍ സെഞ്ചുറി നേടി. 1989 നവംബറില്‍ പാകിസ്താന്‍ പര്യടനത്തിന് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ വെറു 16 വയസുകാരന്‍. കറാച്ചിയില്‍ പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും ഇളമുറക്കാരന്‍ അന്നും ഇന്നും സച്ചിന്‍ തന്നെ. അന്നുതുടങ്ങി 2013‑ല്‍ മുംബൈയിലെ വാംഖഡെയില്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തോടെ പാഡ് അഴിക്കുന്നതിനിടയിലെ 24 വര്‍ഷത്തെ ഓരോ മുഹൂര്‍ത്തവും ക്രിക്കറ്റ് ചരിത്രത്തിലുണ്ട്. 2011 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിക്കുന്നതില്‍ അദ്ദേഹം നിര്‍ണായകമായി.

സച്ചിനുപകരം സച്ചിന്‍ മാത്രം. പ്രിയപ്പെട്ട സച്ചിന് കായിക ലോകം പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ഇന്ന്. സമൂഹമാധ്യമങ്ങളാകെ സച്ചിന്‍ മയമാണ്. നമുക്കും നേരാം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിന് പിറന്നാള്‍ ആശംസകള്‍.

Eng­lish Sam­mury: Today is Sachin Ten­dulka­r’s 50th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.