ചാമ്പ്യന്‍സ് ട്രോഫിയില്‍ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാന് വമ്പന്‍ സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്തു. ഇബ്രാഹിം സദ്രാന്റെ സെഞ്ചുറി മികവിലാണ് അഫ്ഗാനിസ്ഥാന്‍ മികച്ച സ്കോര്‍ നേടിയത്. 146 പന്തില്‍ 12 ഫോറും ആറ് സിക്സറുമുള്‍പ്പെടെ 177 റണ്‍സെടുത്താണ് താരം മടങ്ങിയത്. ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോഡും സദ്രാന്‍ തന്റെ പേരില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്കെതിരെ 165 റൺസടിച്ച ഇംഗ്ലീഷ് ഓപ്പണർ ബെൻ ഡക്കറ്റിന്റെ റെക്കോഡാണ് സദ്രാന്‍ തകർത്തത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 15 റണ്‍സെടുക്കുന്നതിനിടെ തന്നെ രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് ആറ് റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ സെദിഖുള്ള അതലിനെയും (4) കൂടാരം കയറ്റി ജൊഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിന് ഗംഭീര തുടക്കം സമ്മാനിച്ചു. റഹ്‌മത്തുള്ള ഷായ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. അതോടെ അഫ്ഗാന്‍ 37–3 എന്ന നിലയിലേക്ക് വീണു. നാലാം വിക്കറ്റിൽ ഹഷ്മത്തുള്ള ഷാഹിദിക്കൊപ്പം 124 പന്തിൽ 103 റൺസ് കൂട്ടിച്ചേര്‍ത്തു. 40 റണ്‍സെടുത്ത ഷ്മത്തുള്ളയെ ബൗള്‍ഡാക്കി ആദില്‍ റാഷിദാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. പിന്നാലെയെത്തിയ അസ്മത്തുള്ള (41), മുഹമ്മദ് നബി (40) എന്നിവര്‍ക്കൊപ്പവും സദ്രാന്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി. നബിയുമായുള്ള കൂട്ടുകെട്ടിലാണ് സ്കോര്‍ 300 കടന്നത്. അവസാന ഓവറിന്റെ ആദ്യ പന്തില്‍ ലിവിങ്സ്റ്റണാണ് സദ്രാനെ പുറത്താക്കുന്നത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ 10 ഓവറിൽ 64 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ലിയാം ലിവിങ്സ്റ്റൻ അഞ്ച് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.