
അമേരിക്കൻ സാമ്രാജ്യത്വം അഴിച്ചുവിട്ട യുദ്ധഭീകരതയ്ക്ക് ഇരയായ രാജ്യങ്ങളോടും ജനതകളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങാൻ എല്ലാ പാർട്ടി ഘടകങ്ങളോടും സമാധാനപ്രേമികളോടും തിരുവനന്തപുരത്ത് ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. ഗൾഫ് മേഖലയിൽ യുദ്ധഭീതിയിൽ കഴിയുന്ന ഇന്ത്യാക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാർ ഒരു നിമിഷം പോലും വൈകരുതെന്നും സിപിഐ ആവശ്യപ്പെട്ടു.
സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടെ കൂട്ടക്കുരുതി നടത്തിക്കൊണ്ട് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന കടന്നാക്രമണം സാമ്രാജ്യത്വത്തിന്റെ യുദ്ധക്കൊതിയുടെയും ആധിപത്യവാസനയുടെയും ഏറ്റവും ലജ്ജാകരമായ മുഖത്തെയാണ് വെളിവാക്കുന്നത്. രാഷ്ട്രങ്ങളുടെ പരമാധികാരം എന്ന സങ്കല്പം തന്നെ അതിരറ്റ ലാഭാർത്തിയുടെയും അതിന്റെ ഒത്താശക്കാരായ ഭരണകൂടങ്ങളുടെയും സൗകര്യത്തിനനുസരിച്ച് മാത്രം അനുവദിക്കപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് വെനസ്വേലന്‍ പ്രസിഡന്റിനെയും പത്നിയെയും അമേരിക്കൻ സൈനികർ ബലമായി തട്ടിക്കൊണ്ടുപോയത്. എല്ലാ സാർവദേശീയ മര്യാദകളെയും മനുഷ്യാവകാശ തത്വങ്ങളെയും കാറ്റിൽ പറത്തി ഗാസയിൽ അരങ്ങേറിയത് വംശഹത്യ തന്നെയായിരുന്നു. ആഗോള മൂലധനത്തിന്റെ താല്പര്യങ്ങൾക്ക് വഴങ്ങാത്ത ഏതൊരു രാഷ്ട്രവും ഏത് നിമിഷവും കീഴടക്കപ്പെടാം. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും തകർച്ചയാണ് അതിരില്ലാത്ത ലാഭമോഹം മാത്രം ആദർശമാക്കിയ കൊള്ളക്കാരുടെ സർവാധിപത്യത്തിലേക്ക് ലോകത്തെ തള്ളിവിട്ടതെന്ന് ഇന്ന് ഏവരും സമ്മതിക്കും.
ഇന്ത്യയുടെ സദ്പാരമ്പര്യങ്ങളെല്ലാം കൈവിട്ട് അക്രമകാരിയുടെ മുന്നിൽ തലകുനിച്ച് നിൽക്കുന്ന മോഡി ഭരണകൂടത്തിന്റെ ചിത്രം രാജ്യത്തെ ലജ്ജിപ്പിക്കുന്നു. ഇന്ത്യക്കാരെ ചങ്ങലയ്ക്കിട്ട് മടക്കി അയച്ചപ്പോഴും തന്റെ തീട്ടൂരപ്രകാരമാണ് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് എന്ന് ട്രംപ് വീമ്പടിച്ചപ്പോഴും ഭീഷണിപ്പെടുത്തി തീരുവ അടിച്ചേൽപ്പിച്ചപ്പോഴും രാജ്യത്തിന്റെ അന്തസുയർത്തി ഒരു പ്രസ്താവന നൽകാനുള്ള ധൈര്യം പ്രധാനമന്ത്രി മോഡി കാണിച്ചില്ല. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിയോട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പൂർവികർ കാണിച്ചുപോന്ന വിധേയത്വം തന്നെയാണ് ഇന്ന് അമേരിക്കൻ സാമ്രാജ്യത്വത്തോട് മോഡി ഭരണകൂടം കാണിച്ചു കൊണ്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.