22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 15, 2024
December 13, 2024
December 6, 2024
December 1, 2024
November 22, 2024
November 21, 2024
November 18, 2024
November 16, 2024

കായികത്തിലും കൈകടത്തിയ കാവി

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
May 19, 2024 9:39 pm

ഓരോ രാജ്യത്തിലെയും ഭരണാധികാരികൾ കലകളെയും കായികരംഗത്തെയും പ്രോത്സാഹിപ്പിക്കുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയുമായി നടന്ന മത്സരത്തിൽ ജയിച്ചതിന്റെ ആഹ്ലാദം പ്രകടിപ്പിക്കുവാൻ സൗദി അറേബ്യൻ സർക്കാർ രാജ്യത്താകെ പൊതു അവധിയാണ് പ്രഖ്യാപിച്ചത്. ലോകപ്രശസ്ത ഗോൾകീപ്പർ റഷ്യയുടെ ലവ് യാഷിം നിര്യാതനായപ്പോൾ റഷ്യൻ പാർലമെന്റ് നിർത്തിവച്ച് ദുഃഖം രേഖപെടുത്തിയത് ചരിത്രരേഖയാണ്. പെലെയെയും മറഡോണയെയും ആദരിച്ചത് രാഷ്ട്രീയ നിറം നോക്കിയല്ല. ലോകത്ത് ഒരിടത്തും രാഷ്ട്രീയ നിറം നോക്കി കളിക്കാരോടും കളികളോടും സർക്കാർ പെരുമാറാറില്ല. രാഷ്ട്രീയവും കളിയും തമ്മിൽ കൂട്ടിക്കുഴയ്ക്കാനും ആരും തയ്യാറായിട്ടില്ല. ജർമ്മനിയിലെ ഭരണാധികാരിയായ ഹിറ്റ്ലർ അധികാരത്തിന്റെ അഹങ്കാരത്തിൽ ലോകകപ്പ് അനുമതി തേടിയപ്പോൾ ഫിഫ കുലുങ്ങിയില്ല. പ്രൊസീജിയർ മാറാൻ തയ്യാറല്ലെന്ന് അവർ മറുപടി കൊടുത്തു. കളികളെല്ലാം സ്വതന്ത്രമാണ്. കളികളുടെ ലോകകേന്ദ്രങ്ങളും അങ്ങനെതന്നെയാണ്. കളികളും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കാൻ ആരും അനുവദിക്കാറില്ല. എന്നാൽ നിർഭാഗ്യത്തിന് ഇന്ത്യൻ ഭരണാധികാരികളുടെ സമ്മർദത്തിന് വഴങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി മാറ്റുവാൻ ബിസിസിഐ തയ്യാറായിരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നത്. 2023ലെ ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ ഓറഞ്ച് ജേഴ്സി അണിയുവാൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇന്ത്യൻ ടീമിനെ നിർബ്ബന്ധിച്ചുവെന്നാണ് റിപ്പോർട്ട്. അന്ന് രാഹുൽ ദ്രാവിഡ് കോച്ചും രോഹിത് ശർമ്മ നായകനുമായിരുന്നു. കളിക്കാർ ഒരുമിച്ചു എതിർത്തപ്പോൾ തീരുമാനം നടപ്പാക്കാൻ പറ്റാതെ വന്നു. എന്തിനാണ് നിലവിലുള്ള നീല ജേഴ്സി മാറ്റുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ. 2023 ഒക്ടോബർ 24ന് അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യ‑പാകിസ്ഥാൻ പോരാട്ടം. ഈ മത്സരത്തിൽ ഓറഞ്ച് ജേഴ്സി വേണമെന്ന സർക്കാരിന്റെ സമ്മർദം നടപ്പാക്കാൻ വേണ്ടിയാണ് ബിസിസിഐ ശ്രമിച്ചത്. കളിക്കാരുടെ കൂട്ടായ പ്രതിഷേധത്തിൽ തീരുമാനം പിൻവലിക്കേണ്ടി വന്നുവെന്നാണ് ഇപ്പോൾ പുറത്ത് വന്ന ആധികാരിക വാർത്തകൾ. കായിക മാധ്യമ പ്രവർത്തകയായ ശാരദ ഉഗ്ര പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് വിവരം പുറത്തറിയുന്നത്.

സർക്കാരിന്റെ പൂർണ പിന്തുണയോടെ ബിജെപി നേതാവ് ഗുസ്തി താരങ്ങളോട് കാട്ടിയ ലൈംഗിക പീഡനകഥകളും അതിന്റെ പേരിൽ നടന്ന ദീർഘമായ സമരത്തിൽ സർക്കാർ സ്വീകരിച്ചിരുന്ന സമീപനവും കുറ്റവാളിയായ ബിജെപി നേതാവിന് അനുകൂലമായിട്ടായിരുന്നു. ഗുസ്തി താരങ്ങൾ ദീർഘകാലം സമരം നടത്തിയിട്ടും സ്പോർട്സ് മന്ത്രാലയം കണ്ടതായി ഭാവിച്ചില്ല. രാജ്യത്തിന് വേണ്ടി സ്വർണം നേടിയെടുത്ത താരങ്ങൾ അവർക്കു ലഭിച്ച ലോകനേട്ടമായ മെഡലുകൾ തിരിച്ചേൽപ്പിച്ചിട്ടും സർക്കാർ കണ്ടതായി നടിച്ചില്ല. ഒടുവിൽ കോടതി ഇടപെടൽ തന്നെ വേണ്ടിവന്നു നീതി ലഭിക്കുവാൻ. ബിജെപി ഭരണത്തിൽ സ്വതന്ത്ര സ്ഥാപനങ്ങളെയെല്ലാം കാവിവൽക്കരിക്കാനുളള ശ്രമത്തിന്റെ ഭാഗമായി ഇതിനെയെല്ലാം കാണണം. പ്രധാനമന്ത്രി മോഡിയെ തൃപ്തിപ്പെടുത്തുന്നതിന് ഓറഞ്ച് ജേഴ്സിയിൽ താരങ്ങളെ അണിനിരത്താൻ ഗൂഢമായ നീക്കം നടന്നുവെന്ന് വ്യക്തമാണ്. അല്ലെങ്കിൽ പെട്ടെന്ന് ജേഴ്സി മാറ്റം നടക്കില്ലല്ലൊ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നോളം കളികളിൽ സർക്കാർ ഇടപെട്ടിട്ടില്ല. ലോകതലത്തിലും സമാനമായ സംഭവങ്ങൾ വിരളമാണ്. എന്നാൽ കളിക്കാരിൽ മഹാഭൂരിപക്ഷവും സാമ്രാജ്യത്വ വിരുദ്ധവും വർണ വിവേചനവും ചൂഷണവിരുദ്ധവുമായ ചിന്താഗതിക്കാരാണ്. ഇപ്പോൾ നടന്ന ഫിഫാ ഗവേണിങ് യോഗത്തിന്റെ പ്രമേയം ഫാസിസത്തിനെതിരായിട്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ വരുമാനം വാങ്ങുന്ന കായിക താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുറോകപ്പ് വേളയിൽ നടത്തിയ പത്രസമ്മേളനത്തിൽ കൊക്കക്കോള ബോട്ടിൽ എടുത്തുമാറ്റിയപ്പോൾ ഓഹരി കമ്പോളത്തിൽ കൊക്കക്കോള ഓഹരികൾക്ക് എട്ട് ശതമാനം വിലയിടിഞ്ഞത് കളിക്കാരുടെ വികാരം പ്രതിഫലിപ്പിക്കുന്നു. ആഫ്രിക്കൻ ഫുട്‌ബോൾ താരമായ സാദിയൊ മാനെ പട്ടിണിക്കെതിരെ പോരാടുന്ന കറുത്തവന്റെ പ്രതിനിധിയാണ്. ആഫ്രിക്കയിലെ വലിയ വരുമാനമുള്ള ഫുട്‌ബോളറായ മാനെയോട് ‘താങ്കളെന്താ പൊട്ടിപ്പൊളിഞ്ഞ മൊബൈലുമായി നടക്കുന്നത്‘എന്ന് ചോദിച്ച വാർത്താ ലേഖകനോട് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, എനിക്ക് വേണമെങ്കിൽ പുതിയ ഫോണുകൾ എത്രവേണമെങ്കിലും വാങ്ങാം. പക്ഷെ എന്റെ മനസ് നീറുന്നത് എന്റെ നാട്ടിലെ പട്ടിണിക്കാരായ കറുത്തവരെക്കുറിച്ച് ചിന്തിച്ചുകൊണ്ടാണ്. അവരുടെ പട്ടിണി കുറച്ചെങ്കിലും മാറ്റാൻ എന്റെ വരുമാനം ഉപയോഗിക്കും. കളിയുടെ ലോകം കനിവിന്റെയും കാരുണ്യത്തിന്റെയും കൂടിയാണ്. ഇവിടെ പരസ്പരസ്നേഹവുംകൂട്ടായ്മയും നിറഞ്ഞു നിൽക്കുന്നു. കളിക്കളത്തിൽ വാശിയും വീറും കാട്ടുന്നവർ പുറത്ത് നിറഞ്ഞ സൗഹൃദത്തിലാണ്. എന്നാൽ ഇന്ത്യൻ ഭരണാധികാരികൾ കളിയെ രാഷ്ട്രീയവൽക്കരിക്കാൻ നടത്തുന്ന ശ്രമത്തിന്റെ സാമ്പിൾ മാത്രമാണ് പുറത്ത് വന്നത്.

മുഴുവൻ ജേഴ്സിയും ഓറഞ്ച് ആയില്ലെങ്കിലും ഒരു ഭാഗം ഓറഞ്ചാക്കി മാറ്റി. ഇനിയുള്ള സമയത്ത് മോഡി വീണ്ടും അധികാരത്തിൽ വന്നുവെങ്കിൽ സ്പോർട്സ് രംഗത്തെ രാഷ്ട്രീയവൽക്കരിക്കുമെന്നതിന്റെ സൂചനയാണ് ക്രിക്കറ്റിൽ കണ്ടത്. പഴയകാലത്ത് ഇന്ത്യൻ ഫുട്ബോളിൽ ഏഷ്യൻ തലത്തിൽ വളർന്ന കളിക്കാരിൽ പ്രധാനിയാണ് ഡെറിക് ഡിസൂസ. പിന്നീട് ചുനി ഗോസ്വാമി, തുടർന്ന് കുറച്ചു കാലത്തെ വിടവിന് ശേഷം ഏഷ്യൻ റെക്കോഡ് നേടിയ ഐ എം വിജയൻ വലിയ പ്രതീക്ഷയുയർത്തി. മാത്രമല്ല, ഏഷ്യൻ ഫുട്ബോളിൽ ഇന്നേവരെ ആർക്കും ഭേദിക്കാൻ കഴിയാത്ത അതിവേഗ ഗോളെന്ന റെക്കോഡ് സ്വന്തം പേരിൽ എഴുതിച്ചേർത്താണ് വിജയനെന്ന കറുത്ത മുത്ത് കളം വിട്ടത്‌. പിന്നീട് ബൈചുങ് ഭൂട്ടിയ വന്നപ്പോൾ ആശ്വാസമായി. തുടർന്നാണ് സുനില്‍ ഛേത്രി കടന്നുവന്നത്. കണിശമായ പാസും കൃത്യമായി അവസരം ഉപയോഗിക്കാനുള്ള കഴിവും സഹകളിക്കാർക്ക് ഛേത്രിയെ സ്വീകാര്യനാക്കി. മൈതാനത്ത് ആരോടും പരിഭവമില്ലാതെ സ്വന്തം ടീമിനെ നയിച്ചു പോകുന്ന നല്ല ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം. ഇന്ത്യൻ ഫുട്ബോൾ നായകനായ സുനിൽ ഛേത്രി രാജ്യാന്തര ഫുട്‌ബോളിൽ നിന്നും വിടവാങ്ങുവാൻ തീരുമാനിച്ചു. മൂന്നു പതിറ്റാണ്ടുകാലം ഇന്ത്യൻ ഫുട്‌ബോളിൽ കളിച്ച ഛേത്രി ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ ഫുട്‌ബോളർ എന്ന നിലയിൽ ചരിത്രത്തിന്റെ ഭാഗമാണ്. മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തൊട്ടു പിന്നിലാണ് ഛേത്രിയുടെ സ്ഥാനം. ലോകഫുട്ബോളിൽ ഇന്ത്യ 116-ാം റാങ്കിലേക്ക് താഴ്ന്നിരിക്കുന്ന കാലമാണിത്. ഈ ദുഃസ്ഥിതി തരണം ചെയ്യാൻ ഛേത്രിയുടെ പരിചയ സമ്പത്ത് അനിവാര്യമാണ്. മാത്രമല്ല ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യക്ക് കരുത്തായിരുന്നു. നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹം നേടിയിരിക്കുന്ന അന്താരാഷ്ട്ര ഗോളുകളിൽ യൂറോപ്യൻ ഫുട്‌ബോളിലെയോ ഏഷ്യയ്ക്ക് പുറത്തുള്ളതോ ആയ ക്ലബ്ബുകൾക്ക് എതിരായിട്ടായിരുന്നില്ല. എങ്കിലും രാജ്യാന്തര പട്ടികയിൽ 150 മത്സരങ്ങളിൽനിന്ന് 94 ഗോളുകൾ നേടിയിട്ടുണ്ട്. ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച 550 കളികളിൽ 253 ഗോളുകൾ സ്വന്തം പേരിൽ എഴുതിച്ചേർത്തു. എഎ‌സി കപ്പ്, സാഫ് കപ്പ് ‚ചാലഞ്ച് കപ്പ്, ഇന്റർ കോണ്ടിനെന്റൽ,നെഹ്രു കപ്പ്, ത്രിരാഷ്ട്ര ടൂർണമെന്റ് എന്നിവയിലെ കിരീടനേട്ടം ഛേത്രിയുടെ വ്യക്തിപരമായ നേട്ടം കൂടിയാണ്.
അന്താരാഷ്ട്ര ഫുട്‌ബോളിൽ 50 ഗോൾ നേടിയ ആദ്യ ഇന്ത്യൻ താരവും എഎഫ്‌സി ചാലഞ്ച് കപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുകയെന്ന ബഹുമതിയും ഛേത്രിക്ക് തന്നെ. മാത്രമല്ല സാഫ് കപ്പിന്റെ മൂന്നു ഫൈനലിൽ ഗോൾ നേടിയ താരമെന്ന ബഹുമതിയും ഛേത്രിയുടെ പേരിലുണ്ട്. ജൂൺ ആറിന് കുവൈത്തിനെതിരായ മത്സരത്തോടെ അദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങളിൽ നിന്ന് വിടപറയും.
ഇന്ത്യൻ ഫുട്ബോളിന്റെ ശോചനീയമായ ഒരു കാലത്താണ് അദ്ദേഹം വിരമിക്കുന്നത്. ഗോൾവരൾച്ചയുടെ ഒരു കാലമാണിത്. മിക്കവാറും മത്സരങ്ങളിൽ നമുക്ക് ഗോൾകണ്ടെത്താൻ കഴിയുന്നില്ല. അന്താരാഷ്ട്ര മത്സരങ്ങളിൽ ഗോളവസരങ്ങൾ സൃഷ്ടിക്കാനും സഹകളിക്കാർക്ക് നൽകുവാനും കഴിയുന്ന ഇന്ത്യൻ കളിക്കാരുടെ അഭാവം വളരെ പ്രധാനമാണ്. നമ്മുടെ കളിക്കാർക്ക് ഗോളടിക്കാൻ മറന്നു പോകുന്ന പ്രവണത കുടിവരുന്നു. അവസരങ്ങൾ സൃഷ്ടിക്കാനും ഗോളാക്കി മാറ്റുവാനും കഴിയുന്ന ഒരു കളിക്കാരനാണ് ഛേത്രി. അദ്ദേഹത്തിന്റെ വിരമിക്കൽ ഇന്ത്യൻ ടീമിന്റെ വിജയവീഥിയിൽ നമുക്കു വലിയ വിടവായിരിക്കും. ഫുട്‌ബോൾ കളിയിൽ ജയിക്കണമെങ്കിൽ ഗോളടിക്കണം. ഇന്ത്യൻ ഫുട്ബോളിൽ ഒരു വലിയ പ്രശ്നം സ്കോറിങ് തന്നെയാണ്. സ്ട്രൈക്കർ പൊസിഷനിൽ കളിക്കുന്നവർ ഗോളടിക്കാതിരുന്നാൽ എങ്ങനെ കളി ജയിക്കും. അവസരങ്ങൾ മുതലാക്കാതെ ജയിക്കാൻ പറ്റുമൊ, നന്നായി കളിച്ച് ഗോളടിക്കാൻ പറ്റിയില്ല എന്നത് പോലെയാണ് ഇന്ത്യൻ ഫുട്ബാളിൽ നിലവിലുള്ള അവസ്ഥ. അതിന്റെ ഫലമാണ് ഐഎസ്എല്ലിൽ വിദേശതാരങ്ങളെ പുർണമായും ആശ്രയിക്കേണ്ടിവരുന്നത്. ഇന്ന് പഴയകാലം പോലെയല്ല. ലോകം മുഴുവൻ നടക്കുന്ന ഫുട്‌ബോൾ കളികൾ ദൃശ്യമാധ്യമങ്ങളിൽ കാണുന്നവരാണ് ആരാധകർ. അതുകൊണ്ടാണ് ഒരു കളിക്കാരന്റെ വിടവിൽ പകരക്കാരൻ ആരാണെന്ന് ചർച്ച ചെയ്യേണ്ടിവരുന്നത്. ഛേത്രിയുടെ വിടവ് ഇന്നത്തെ നിലയിൽ ഇന്ത്യൻ ഫുട്ബോൾ രംഗത്ത് ഒരു വലിയ വിടവ് തന്നെയാണ്.

Eng­lish Summary:Saffron col­or also in sports
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.