
അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമ്മാണം പൂർത്തിയായ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി കാവിപ്പതാക ഉയർത്തിയതിൽ സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇന്ത്യൻ ഭരണഘടനാ ചരിത്രത്തെ തിരുത്തിയെഴുതാനുള്ള ധിക്കാരപരമായ ശ്രമമാണിതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. “ബാബരി മസ്ജിദ് തകർത്തത് ക്രിമിനൽ പ്രവൃത്തിയാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടും, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇന്ത്യൻ നാഗരികതയുടെ പുനരുജ്ജീവനത്തിന്റെ പ്രതീകമായി അവകാശപ്പെട്ട് അയോധ്യയിൽ കാവിപ്പതാക ഉയർത്തി രാജ്യത്തിന് മുന്നിൽ നിൽക്കുന്നു,” ഡി രാജ കുറ്റപ്പെടുത്തി. ഇത് വെറും തിരുത്തൽ പ്രക്രിയയല്ലെന്നും, “ഇടുങ്ങിയതും പുറന്തള്ളുന്നതുമായ പ്രത്യയശാസ്ത്രം ഉപയോഗിച്ച് നമ്മുടെ ഭരണഘടനാ ചരിത്രത്തെ മാറ്റിയെഴുതാനുള്ള ധിക്കാരപരമായ ശ്രമമാണ്” ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടനയിലെ ബഹുസ്വരതാ ആശയത്തെ ആഘോഷിക്കുന്നതിനു പകരം, ആർ എസ് എസ്സിന്റെ പ്രത്യയശാസ്ത്ര അജണ്ടയെ നിയമവിധേയമാക്കാൻ രാജ്യത്തെ ഏറ്റവും ഉയർന്ന പദവി ഉപയോഗിക്കുന്നത് ഏറെ ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യൻ, ദലിത്, ആദിവാസി, സ്ത്രീ, പുരുഷൻ എന്നിങ്ങനെ നമ്മെയെല്ലാം യഥാർത്ഥത്തിൽ പ്രതിനിധീകരിക്കുന്ന ഒരേയൊരു പതാക ഈ രാജ്യത്തെ സ്വാതന്ത്ര്യത്തിനും മതേതര-ജനാധിപത്യ റിപ്പബ്ലിക് കെട്ടിപ്പടുക്കാനും വേണ്ടി നാം പോരാടിയ ത്രിവർണ പതാകയാണ്, ഡി രാജ ഓർമ്മിപ്പിച്ചു. അയോധ്യയിലെ ഈ കാഴ്ച പുനരുജ്ജീവനമല്ല, മറിച്ച് നമ്മുടെ ദേശീയത, സമത്വം, നീതി, സാഹോദര്യം, നിയമവാഴ്ച എന്നിവയെ നിർവചിക്കുന്ന മൂല്യങ്ങളുടെ നിരാകരണമാണെന്നും അദ്ദേഹം വിശദമാക്കി.
നിർമ്മാണം പൂർത്തിയായ അയോധ്യ രാമക്ഷേത്രത്തിന്റെ 161 അടി ഉയരമുള്ള പ്രധാന ഗോപുരത്തിന് മുകളിലാണ് ഇന്നലെ പ്രധാനമന്ത്രി കാവിപ്പതാക ഉയർത്തിയത്. 22 അടി നീളവും 11 അടി വീതിയുമുള്ള ത്രികോണാകൃതിയിലുള്ള പതാകയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.