
ബിജെപി സർക്കാരിനു കീഴിൽ സൈന്യത്തില്‍ ഹിന്ദു പുരാണ പരാമർശങ്ങള്‍ വർധിക്കുന്നു. ഇത് സൈന്യത്തിന്റെ നിഷ്പക്ഷതയെയും പ്രവര്‍ത്തനത്തില്‍ അന്തർലീനമായ മതേതരത്വത്തെയും ഇല്ലാതാക്കുന്നതായി പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.2014ൽ അധികാരത്തിൽ വന്നതിനുശേഷം, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പൊതുജീവിതത്തിൽ മാത്രമല്ല, സൈനിക മേഖലയിലും ഹിന്ദു പുരാണങ്ങളെ കൂടുതലായി ഉൾപ്പെടുത്തിക്കൊണ്ടുപോരുന്നതായാണ് കണ്ടുവരുന്നത്. വിവിധ സൈനിക പ്രവർത്തനങ്ങൾക്ക് ഇതിഹാസങ്ങളിൽ നിന്നും പുരാണങ്ങളിൽ നിന്നുമുള്ള വ്യക്തികൾ, ആശയങ്ങൾ, സംഭവങ്ങൾ എന്നിവയുടെ പേരുകൾ ഇപ്പോൾ പതിവായി നൽകിവരുന്നു. ഹിന്ദു പുരാണങ്ങളിൽ ആഘോഷിക്കപ്പെടുന്ന വീര്യത്തിന്റെയും ദിവ്യത്വത്തിന്റെയും പരിവേഷത്തോടെ സായുധ സേനയെ അവതരിപ്പിക്കുക എന്നതാണിപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.
കൊളോണിയൽ കാലഘട്ടത്തിലെ പദവികൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ ഉപേക്ഷിക്കുകയെന്ന ആശയം മാറ്റങ്ങള്‍ക്ക് പിന്നിലുണ്ട്. എന്നാല്‍ ഒരു ദേശീയവാദ ശ്രമം കൂടിയുണ്ടെന്ന് പിന്നീട് വെളിവായി. ഇതോടെ സുദർശൻ ചക്ര (വിഷ്ണുവിന്റെ ആകാശ ചക്രം), രുദ്ര (സംഹാരകൻ), മഹാദേവൻ (മഹാനായ ദൈവം), ഭൈരവൻ (ക്രൂരൻ) തുടങ്ങിയ പേരുകൾ, സമീപ വർഷങ്ങളിൽ സൈന്യത്തിൽ നിരന്തരം അവതരിപ്പിക്കപ്പെട്ടു.
കൃത്യമായ ലക്ഷ്യത്തോടെ പുരാണ പേരുകൾ മാനുവലുകളിലും ആചാരങ്ങളിലും സംക്ഷിപ്ത വിവരങ്ങളിലും ഉൾപ്പെടുത്തുന്നുമുണ്ട്. കൗടില്യന്റെ അർത്ഥശാസ്ത്രം, ഭഗവദ്ഗീത തുടങ്ങിയ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിലെ പഠനവും സർക്കാർ സൈനിക സ്ഥാപനങ്ങളിൽ നിർബന്ധമാക്കിയിരിക്കുകയാണ്. ദീർഘകാലമായി സ്ഥാപിതമായ വസ്ത്രധാരണ രീതികൾ, പൈപ്പ്, ഡ്രം ബാൻഡുകൾ, വർണ അവതരണങ്ങൾ, പ്രതിഷ്ഠാ ചടങ്ങുകൾ എന്നിവ പുനഃപരിശോധിക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ വിവിധ സേനാവിഭാഗങ്ങള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കരുത്ത് പകരാനും സൈനിക പ്രവർത്തനങ്ങൾ ബിജെപി ഉപയോഗപ്പെടുത്തി, 2016 ലെ സർജിക്കൽ സ്ട്രൈക്കുകൾ, 2019 ലെ ബാലകോട്ട് വ്യോമാക്രമണം തുടങ്ങിയ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കൂടി ഭാഗമായിരുന്നു. സേനയെ ദേശീയത ഉയര്‍ത്തിയെടുക്കാനുള്ള ഉപകരണമാക്കി. ഇതിനോട് ചേര്‍ന്നുനിന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റങ്ങളും സൈനിക ബഹുമതികളും വിരമിക്കലിനുശേഷം ഉയർന്ന സ്ഥാനങ്ങളും നൽകി. അതേസമയം ഇത്തരം ലോബിയിങ് സായുധ സേനയുടെ മതേതരത്വം ഉൾക്കൊള്ളുന്ന സ്വഭാവത്തെ ഗുരുതരമായി ദുർബലപ്പെടുത്തുമെന്നും ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സ്ഥാപനങ്ങളിലൊന്നിനെ ബാധിക്കുമെന്നും മുന്‍ സൈനികര്‍ മുന്നറിയിപ്പ് നൽകുന്നു. സർക്കാരിനെ പ്രീതിപ്പെടുത്തുന്നതിനായി മതപരമായി സ്വാധീനിച്ച നാമകരണം സ്വീകരിക്കാൻ മൂന്ന് സേനകളും ഇപ്പോൾ മത്സരിക്കുന്ന അവസ്ഥയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.