23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 26, 2024
November 26, 2024
November 24, 2024
June 25, 2024
January 26, 2024
November 26, 2023
September 20, 2023
September 20, 2023
September 12, 2023

വിശ്വഗുരുവും ഋഷിമാരും നമ്മുടെ ഭരണഘടനയും

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
March 10, 2023 4:30 am

‘ഋഷിമാരെക്കുറിച്ച് പുരാതന കാലം മുതൽ നിലവിലുള്ള ഒരു സങ്കല്പമുണ്ട്. ഭൗതിക സുഖങ്ങൾ പരിത്യജിച്ച് ലോകത്തിന്റെ നന്മയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സത്യാന്വേഷികൾ. സ്വന്തം ജീവിതത്തെ കുറിച്ച് അവർക്കാകുലതയില്ല. മറ്റുള്ളവരുടെ ക്ഷേമത്തിലും സുഖത്തിലുമാണ് അവർ സന്തോഷം കണ്ടെത്തുന്നത്. കാലത്തെ അതിജീവിക്കുന്ന ഇവരുടെ ഗണത്തിൽ അഗ്രഗണ്യരായ മഹർഷിതുല്യരുണ്ട്’ എന്ന് ആർ സുഗതൻ സാറിന്റെ ദീപ്ത സ്മരണകൾ പുതുക്കുന്ന വേളയിൽ വെളിയം ഭാർഗവൻ കുറിച്ചിട്ടുണ്ട്. ഇന്നിപ്പോൾ ബിജെപി പ്രചാരക സമിതിക്കാർ നരേന്ദ്രമോഡിയെ വിശ്വഗുരു എന്നാണ് വിശേഷിപ്പിക്കുന്നത്. വിവരത്തിന്റെയും വിജ്ഞാനത്തിന്റെയും ഗുരുത്വത്തിന്റെയും പ്രപഞ്ചവിശാലതയെ അവഹേളിക്കുന്ന നിലയിലാണ് ഈ പ്രയോഗം. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ മഹനീയമായ സാംസ്കാരിക പെെതൃകത്തെ തമസ്ക്കരിക്കുന്നതിന് നേതൃത്വം നല്കുന്ന ഒരാൾ എങ്ങനെ വിശ്വഗുരുവാകും? ഏകാധിപത്യം പിടിമുറുക്കപ്പെട്ട രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യയെന്ന് രാജ്യാന്തര റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വേളയിലാണ് ബിജെപി പ്രചാരണ സംവിധാനം നരേന്ദ്രമോഡിയെ ‘വിശ്വഗുരു‘വായി ഉയർത്തിക്കാട്ടുന്നത് എന്നത് ചരിത്രത്തിലെ വിചിത്രമായ ഫലിതമാണ്. ഏകാധിപത്യം നിലനിൽക്കുന്ന രാജ്യമായി പത്ത് വർഷത്തിനിടയിൽ ഇന്ത്യ മാറിയെന്ന് സ്വീഡൻ ഗോദൻവർക്ക് സർവകലാശാലയിലെ വി-ഡം ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അർധ രാത്രിയിൽ സ്വാതന്ത്ര്യം ലഭ്യമായ ഇന്ത്യ, ഇന്നും ഭാഗികമായ സ്വാതന്ത്ര്യത്തിലാണെന്ന് ഫ്രീഡം ഹൗസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് പേരുകേട്ട ഇന്ത്യ അക്കാര്യത്തിൽ 142-ാം സ്ഥാനത്തേക്ക് മൂക്കുകുത്തി വീണു.

ഏകാധിപതികളുടെ സ്വതവേയുള്ള മാധ്യമ നിയന്ത്രണങ്ങളും വിലക്കുകളും നരേന്ദ്രമോഡിയുടെ ഭരണകൂടത്തിൻ കീഴിൽ അരങ്ങേറുകയാണ്. എല്ലാ മാധ്യമങ്ങളെയും തങ്ങളുടെ വാഴ്ത്തുപാട്ടുകാരായി മാറ്റുകയാണ് ഏകാധിപതികളുടെ ഭരണശൈലി. മോഡി അത് വിജയകരമായി ഇന്ത്യയുടെ മണ്ണിൽ നിർവഹിക്കുന്നു. വലതുപക്ഷ കുത്തക മാധ്യമങ്ങളാകെ നരേന്ദ്രമോഡിയുടെയും അയാൾ നയിക്കുന്ന ഭരണകൂടത്തിന്റെ നെറികേടുകളെയും വാഴ്ത്തിപ്പാടുന്നത് രാജ്യവും ലോകവും കാണുന്നുണ്ട്. വിശ്വഗുരുവായി മോഡിയെ വാഴ്ത്തിപ്പാടുമ്പോൾ മഹാമനീഷിമാർ അവഹേളിക്കപ്പെടുകയും അപകീർത്തിക്കപ്പെടുകയും ചെയ്യുകയാണ്. ശ്രീരാമകൃഷ്ണ പരമ ഹംസരും സ്വാമി വിവേകാനന്ദനും രാജാറാം മോഹന്‍ റാേയും ശ്രീനാരായണഗുരുവും അയ്യന്‍കാളിയും വാഗ്ഭടാനന്ദനുമൊക്കെ തിരശീലക്ക് പിന്നില്‍ മറയുകയാണ്. ഈ വിശ്വഗുരു നിയമ‑നീതിന്യായ സംവിധാനങ്ങളെയാകെ തന്റെ കാൽക്കീഴിലാക്കാൻ പരിശ്രമിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതകൾക്കും രാജ്യം ഇക്കാലയളവിൽ സാക്ഷ്യം വഹിക്കേണ്ടിവന്നു. സുപ്രീം കോടതി ന്യായാധിപന്മാരുടെ കൊളീജിയം തയ്യാറാക്കിയ പട്ടിക അംഗീകരിക്കാതെ ഏകാധിപത്യ പ്രവണത നരേന്ദ്ര മോഡി ഭരണകൂടം പ്രകടിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ സുപ്രീം കോടതി തെരഞ്ഞെടുപ്പു കമ്മിഷനെ സംബന്ധിച്ച് നടത്തിയ വിധിപ്രസ്താവം ചരിത്രപ്രധാനമാണ്. തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കേണ്ടത് പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ അവരുടെ ഓഫിസോ മാത്രമല്ലായെന്ന കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചിന്റെ വിധി ചരിത്രമാണ്. ഡോ. ബി ആർ അംബേദ്കർ രാഷ്ട്രമീംമാംസയെയും സാമൂഹിക ശാസ്ത്രത്തെയും ഇന്ത്യൻ ജീവിത രീതികളെയും നിർണയിച്ചും നിർവചിച്ചും കൊണ്ടാണ് ഇന്ത്യയുടെ ഭരണഘടന സജ്ജമാക്കിയത്. ആ ഭരണഘടനയെ അട്ടിമറിക്കാനാണ് നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ നടപടികൾ തുടരുന്നത്.


ഇതുകൂടി വായിക്കൂ: അധികാരത്തണലില്‍ വിദ്വേഷ പ്രസംഗകരുടെ വിളയാട്ടം


ഏകമതം, ഏകജാതി, ഏകഭാഷ, ഏകഭക്ഷണം എന്ന നിലയിലേക്ക് ഇന്ത്യയെ മാറ്റിത്തീർക്കാൻ ഇന്ത്യൻ ഭരണഘടനയെത്തന്നെ അട്ടിമറിക്കുകയാണ് സംഘ്പരിവാര്‍ ഭരണകൂടം. മതേതരത്വം, സോഷ്യലിസം ഇതെല്ലാം ഭരണഘടനയിൽ നിന്ന് ഒഴിവാക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന കൂട്ടരാണവർ. സംഘ്പരിവാറിന്റെ രണ്ടാമത്തെ സർസംഘ് ചാലകായ മാധവ് സദാശിവ് ഗോൾവാൾക്കർ മനുസ്മൃതിയായിരിക്കണം ഇന്ത്യയുടെ ഭരണഘടന എന്ന് ദശാബ്ദങ്ങൾക്കു മുമ്പേ ഉദ്ഘോഷിച്ചിരുന്നു. സവർണ പൗരോഹിത്യ ഹിന്ദുത്വ അജണ്ടയാണ് മനുഷ്യരെ നാലായി വിഭജിച്ച മനുസ്മൃതി മുന്നോട്ടുവച്ചത്. ഗോൾവാൾക്കറുടെ ഈ അജണ്ട നടപ്പാക്കാനാണ് ഭരണഘടനാ തത്വങ്ങളെ ലംഘിച്ചുകൊണ്ട് പൗരത്വാവകാശ നിയമഭേദഗതി ഉൾപ്പെടെയുള്ളവ നരേന്ദ്ര മോഡി സർക്കാർ നടപ്പിലാക്കാൻ യത്നിക്കുന്നത്. ഇവിടെ സമവായത്തിന്റെ വഴികളില്ല. വെല്ലുവിളികളുടെയും പ്രതിരോധത്തിന്റെയും വഴികൾ മാത്രമാണ് നമുക്ക് മുന്നിലുള്ളത്. ‘ബ്രാഹ്മണന്റെ ജന്മം തന്നെ ഭൂമിയിലെ ഏറ്റവും ഉന്നതമാണ്. സൃഷ്ടിക്കപ്പെട്ട എല്ലാത്തിന്റെയും തമ്പുരാനും നിയമ ദണ്ഡകത്തിന്റെ സംരക്ഷകനുമാണവൻ’ എന്ന് മനു പറഞ്ഞു. ‘ബ്രാഹ്മണൻ അവന്റെ ഭക്ഷണമേ കഴിക്കൂ, അവന്റെ വസ്ത്രമേ ധരിക്കു, സ്വന്തം വകയിൽ നിന്നേ ഭിക്ഷ നൽകൂ, മറ്റ് ജനങ്ങൾ ബ്രാഹ്മണന്റെ ഔദാര്യം കൊണ്ട് മാത്രമാണ് ഉപജീവനം നടത്തുന്നത്’ എന്നതും മനുവാചകം. ബ്രാഹ്മണ‑ക്ഷത്രിയ പൗരോഹിത്യത്തിന്റെ ഹിന്ദുത്വ രാഷ്ട്രം സൃഷ്ടിക്കലാണ് മനുസ്മൃതി ഭരണഘടനയാക്കണമെന്ന വാദത്തിലൂടെ ഗോൾവാൾക്കർ മുന്നോട്ടുവച്ചത്. നരേന്ദ്രമോഡിയെ വിശ്വഗുരുവായി അവതരിപ്പിക്കുമ്പോൾ അതിനെതിരായ ആശയപരമായ ആയുധമണിഞ്ഞുള്ള പോരാട്ടങ്ങൾ അനിവാര്യമായ ഘട്ടമാണിത്. ”ഇ താ ത്വം കകേ സ്ഥിരപിതമാകു നെെനാം ചിനന്തുപി വാദിനേഷ്യ അദേന ചരതിമായ യെെവ വാചാം സുശ്രുവാം അവലാമപുഷ്പാം” എന്ന ഋഗ്വേദത്തിലെ വരികൾ വിശ്വഗുരുക്കളായി വാഴ്ത്തപ്പെടുന്നവർ ആവർത്തിച്ചാവർത്തിച്ച് വായിച്ചാൽ രാജ്യം ക്ഷേമത്തിലേയ്ക്കും സൗഹാർദത്തിലേക്കും വളരും. ‘കുടികൊള്ളാന്‍ കൊതിയെനിക്ക് കവിപാടും കളമേറി’ എന്ന് പൗരാവകാശ നിഷേധവേളയില്‍ ഭാരതിയര്‍ വിലപിക്കുന്നു. പോരാട്ടം തന്നെ പ്രതിരോധം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.