21 January 2026, Wednesday

സഖി താളം തെറ്റുന്നു; വണ്‍ സ്റ്റോപ്പ് സെന്ററുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 6, 2023 10:36 pm

കേന്ദ്രസര്‍ക്കാരിന്റെ സഖി പദ്ധതി താളം തെറ്റുന്നു. വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ നിർഭയ ഫണ്ടിന് കീഴിലുള്ള സഖി വൺ സ്റ്റോപ്പ് സെന്റർ അക്രമത്തിനിരയായ സ്ത്രീകൾക്ക് പിന്തുണ നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ്.
ശാരീരികവും ലൈംഗികവും വൈകാരികവും മാനസികവും സാമ്പത്തികവുമായ പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് പിന്തുണയും പരിഹാരവും നൽകുന്നതാണ് സഖി പദ്ധതി. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഗാര്‍ഹിക പീഡനം തടയുവാനും അതിജീവിച്ചവർക്ക് മതിയായ പിന്തുണ നൽകുന്നതിനും പദ്ധതിക്ക് കഴിഞ്ഞിട്ടില്ല. മിക്ക സംസ്ഥാനങ്ങളിലും ആഘോഷപൂര്‍വം തുടങ്ങിയ വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ വിസ്മരിക്കപ്പെട്ടുകിടക്കുന്ന സ്ഥിതിയിലേക്ക് മാറി. കേരളമടക്കം ഏതാനും ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് പദ്ധതി കുറച്ചെങ്കിലും പ്രവര്‍ത്തിക്കുന്നത്.
അതിക്രമങ്ങൾക്കിരയാകുന്നവർ നീതി ലഭിക്കാൻ പലയിടങ്ങളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കി എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ ലക്ഷ്യം. ഓരോരുത്തരുടെയും ആവശ്യമനുസരിച്ച് താൽക്കാലിക അഭയം, നിയമസഹായം, ചികിത്സ, കൗൺസലിങ്, പൊലീസ് സഹായം തുടങ്ങിയവ ലഭ്യമാക്കുന്നു. വിമൻ പ്രൊട്ടക്ഷൻ ഓഫിസർ, പൊലീസ്, കൗൺസിലർ, അഭിഭാഷകർ തുടങ്ങിയവരുടെ സേവനം കേന്ദ്രത്തിൽ ലഭിക്കും. അതിക്രമങ്ങൾ നേരിട്ടവർക്ക് പരമാവധി അഞ്ച് ദിവസം വരെ വൺ സ്റ്റോപ്പ് കേന്ദ്രങ്ങളിൽ തുടരാം. പൊലീസ്, കോടതി നടപടികൾക്കായി ആവശ്യമെങ്കിൽ വീഡിയോ കോൺഫറൻസ് സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
പദ്ധതിക്കായി വകയിരുത്തിയ കേന്ദ്ര ഫണ്ടിന്റെ പകുതിയിൽ താഴെ മാത്രമാണ് 2015നും 2022നും ഇടയിൽ വിനിയോഗിച്ചിരിക്കുന്നത്. വനിതാ ഹെൽപ്പ് ലൈൻ പോലുള്ള മറ്റ് സംവിധാനങ്ങളെ സംയോജിപ്പിക്കുന്നതിൽ പരാജയപ്പെട്ടതും ജീവനക്കാരുടെ കുറവും സേവനത്തിന്റെ ഫലപ്രാപ്തിയെ ബാധിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി 10ന് ലോക്‌സഭയിൽ നൽകിയ കണക്കുകൾ പ്രകാരം രാജ്യത്തെ 729 ജില്ലകളിലായി 733 സഖി കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
കേന്ദ്രസർക്കാരാണ് നിര്‍ഭയ ഫണ്ടിലൂടെ ധനസഹായം നൽകുന്നതെങ്കിലും സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സഖി കേന്ദ്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ സർക്കാരില്‍ നിന്നും മതിയായ സഹായം ലഭിക്കുന്നില്ല. പല കേന്ദ്രങ്ങളും മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ത്യാസ്പെന്‍ഡ് നടത്തിയ അന്വേഷണം പറയുന്നു.

eng­lish summary:Sakhi goes out of tune; One Stop Cen­ters cease to function
you may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.