18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 10, 2023
July 12, 2023
June 1, 2023
April 5, 2023
February 21, 2023
January 24, 2023
December 26, 2022
August 7, 2022
August 4, 2022
July 31, 2022

കരിപ്പൂരിന്റെ വില്പന ഉറപ്പിച്ചു: നടപടികൾ അതിവേഗത്തിലാക്കി കേന്ദ്രം

ബേബി ആലുവ
കൊച്ചി
December 10, 2023 7:29 pm

കരിപ്പൂർ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികൾ അതിവേഗത്തിലാക്കി കേന്ദ്ര സർക്കാർ. കേന്ദ്രം അനുവദിച്ചാൽ ഏറ്റെടുത്ത് നടത്താൻ തയ്യാറാണെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം പാടെ തള്ളിയാണ് വില്പനയ്ക്കുള്ള നീക്കം.
ദേശീയ ആസ്തി പണമാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി 10 വിമാനത്താളങ്ങളോടൊപ്പം കരിപ്പൂരും സ്വകാര്യവല്‍ക്കരിക്കാൻ കേന്ദ്രം ആദ്യം തീരുമാനിച്ചത് 2019ലാണ്. അദാനിക്ക് 50 വർഷത്തേക്ക് പാട്ടത്തിന് കൊടുക്കാനും ആലോചനയുണ്ടായിരുന്നു. ആസ്തി, ശേഷി, സർവീസുകൾ, വരുമാനം എന്നിവയുടെ വിശദാംശങ്ങൾ സമർപ്പിക്കാനും വിമാനത്താവള അധികൃതർക്ക് എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ (എഎഐ ) നിർദേശം നൽകിയിരുന്നു. നാട്ടുകാരും പ്രവാസികളും ഭൂമിയും പണവും നൽകി യാഥാർത്ഥ്യമാക്കിയതും ലാഭത്തിൽ പ്രവർത്തിക്കുന്നതുമായ കരിപ്പൂർ വിമാനത്താവളം കോർപറേറ്റുകൾക്ക് കൈമാറുന്നതിനെതിരെ സംസ്ഥാനം എതിർപ്പ് കടുപ്പിച്ചതോടെ നീക്കം പാളി. പിന്നാലെ, കരിപ്പൂർ സ്വകാര്യവല്‍ക്കരിക്കുന്നതിനായി മന്ത്രിസഭാ യോഗത്തിൽ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രി, കേരളത്തിലെ പാർലമെന്റ് അംഗങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. 

പിന്നീട്, കോർപറേറ്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങി രാജ്യത്തെ 50 വിമാനത്താവളങ്ങൾ സ്വകാര്യവല്‍ക്കരിക്കാൻ തീരുമാനിച്ചപ്പോൾ പട്ടികയിൽ കരിപ്പൂരിനെയും കേന്ദ്രം ഉൾപ്പെടുത്തുകയായിരുന്നു. ഇതോടെ, തിരുവനന്തപുരം, മുംബൈ, ഗുവാഹട്ടി, മംഗളൂരു, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പ്, ദില്ലി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ ജി എം ആർ ഗ്രൂപ്പ്, ബംഗളൂരു വിമാനത്താവളത്തിന്റെ ചുമതലക്കാരായ ഫെയർ ഫാക്സ് തുടങ്ങിയ കോർപറേറ്റ് ഭീമൻ മാർ കരിപ്പൂരിനായി മത്സരിച്ച് രംഗത്തുവന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾത്തന്നെ, സംസ്ഥാനം എതിർപ്പ് പ്രകടിപ്പിക്കുകയും കരിപ്പൂർ ഏറ്റെടുത്ത് നടത്തുന്നതിനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തെങ്കിലും കേന്ദ്രം കൂട്ടാക്കിയില്ല. 

എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ (എഎഐ)യുടെ കണക്കു പ്രകാരം 2020–23 സാമ്പത്തിക വർഷം, കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ ലാഭം നേടിയ രണ്ടെണ്ണത്തിൽ ഒന്നാണ് കരിപ്പൂർ. കൊച്ചിക്കാണ് ഒന്നാം സ്ഥാനം. കൊച്ചിക്ക് 267.17 കോടിയും കരിപ്പൂരിന് 95.38 കോടിയുമാണ് ലാഭം. പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതിനു പുറമെ, എയർ കാർഗോ കൈകാര്യം ചെയ്യുന്നതിലും കരിപ്പൂർ വിമാനത്താവളം മുൻപന്തിയിലാണ്. കരിപ്പൂർ അടക്കം 25 വിമാനത്താവളങ്ങളെയാണ 2025 നകം സ്വകാര്യവല്‍ക്കരിക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നത്. അതിനായുള്ള തിരക്കിട്ട ശ്രമങ്ങൾക്കാണ് ഇപ്പോൾ എഎപി തുടക്കമിട്ടിരിക്കുന്നത്. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.