11 January 2026, Sunday

Related news

January 8, 2026
January 4, 2026
January 1, 2026
December 29, 2025
December 28, 2025
December 26, 2025
December 25, 2025
December 25, 2025
December 24, 2025
December 16, 2025

സൽമാന്റെ സംഹാര താണ്ഡവം

Janayugom Webdesk
തിരുവനന്തപുരം
August 30, 2025 10:03 pm

സൽമാൻ നിസാറിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തില്‍ ട്രിവാന്‍ഡ്രം റോയൽസിനെ തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സ്. 13 റൺസിനാണ് കാലിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസ് 173 റൺസിന് ഓൾ ഔട്ടായി. അവിസ്മരണീയ ഇന്നിങ്സുമായി കാലിക്കറ്റിന് വിജയമൊരുക്കിയ സൽമാൻ നിസാറാണ് പ്ലെയർ ഓഫ് ദി മാച്ച്. വിജയത്തോടെ എട്ട് പോയിന്റുമായി കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.
കെസിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന്. അതിനായിരുന്നു സൽമാൻ നിസാറിലൂടെ ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ കളിയിലെപ്പോലെ മോശം തുടക്കമായിരുന്നു റോയൽസിനെതിരെയും കാലിക്കറ്റിന്റേത്. ഓപ്പണർമാരായ പ്രീതിഷ് പവൻ ഏഴും രോഹൻ കുന്നുമ്മൽ 11ഉം റൺസെടുത്ത് പുറത്തായി. അഖിൽ സ്കറിയയും സച്ചിൻ സുരേഷും കൂടി ചെറിയ സ്കോറുകളിൽ പുറത്തായതോടെ നാല് വിക്കറ്റിന് 76 റൺസെന്ന നിലയിലായി കാലിക്കറ്റ്.

എന്നാൽ ഒരറ്റത്ത് ഉറച്ച് നിന്ന അജ്നാസാണ് കാലിക്കറ്റിനെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത്. അജ്നാസ് 50 പന്തിൽ 51 റൺസ് നേടി. എങ്കിലും 16-ാം ഓവറിൽ മാത്രമായിരുന്നു കാലിക്കറ്റിന്റെ സ്കോർ 100ലെത്തിയത്. 17-ാം ഓവറിൽ അജ്നാസ് പുറത്താകുമ്പോൾ സ്കോർ 108 റൺസ് മാത്രം. 18-ാം ഓവറിൽ പിറന്നത് അഞ്ച് റൺസ് മാത്രം. എന്നാൽ തുടർന്നുള്ള രണ്ട് ഓവറുകളിലൂടെ കളിയുടെ തിരക്കഥ ഒറ്റയ്ക്ക് മാറ്റിയെഴുതുകയായിരുന്നു സൽമാൻ നിസാർ. ബേസിൽ തമ്പി എറിഞ്ഞ 19-ാം ഓവറിലെ ആദ്യ അഞ്ച് പന്തുകളിലും സിക്സർ. അവസാന പന്തിൽ സിംഗിൾ നേടിയ സൽമാൻ സ്ട്രൈക് നിലനിർത്തി. അവസാന ഓവർ സാക്ഷ്യം വഹിച്ചത് അവിസ്മരണീയ നിമിഷങ്ങൾക്കാണ്. അഭിജിത് പ്രവീൺ എറിഞ്ഞ എല്ലാ പന്തുകളെയും സൽമാൻ സിക്സർ പായിച്ചു. നോ ബോളും വൈഡും കൂടി ചേർന്നപ്പോൾ 40 റൺസാണ് അവസാന ഓവറിൽ പിറന്നത്. അവസാന രണ്ടോവറിൽ നേടിയ 71 റൺസുമായി കാലിക്കറ്റിന്റെ സ്കോർ 186ലേക്ക്. വെറും 26 പന്തുകളിൽ 12 സിക്സുകളുടെ മികവിൽ പുറത്താകാതെ 86 റൺസാണ് സൽമാൻ നിസാർ നേടിയത്. റോയൽസിന് വേണ്ടി എം നിഖിലും ആസിഫ് സലാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസിന്റെ തുടക്കവും മികച്ചതായിരുന്നില്ല. വിഷ്ണുരാജ് 12 റൺസെടുത്ത് മടങ്ങി. റിയ ബഷീർ മികച്ച ഷോട്ടുകളുമായി പ്രതീക്ഷ നല്‍കിയെങ്കിലും 25 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ കൃഷ്ണപ്രസാദ് 18 റൺസുമായി മടങ്ങി. തുടർന്നെത്തിയവരിൽ സഞ്ജീവ് സതീശന് മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. 23 പന്തുകളിൽ 34 റൺസാണ് സഞ്ജീവ് നേടിയത്. അബ്ദുൾ ബാസിദ് 11 പന്തുകളിൽ 22 റൺസുമായി മടങ്ങി. അവസാന ഓവറുകളിൽ ഒമ്പത് പന്തുകളിൽ നിന്ന് 23 റൺസ് നേടിയ ബേസിൽ തമ്പിയുടെ പ്രകടനം മത്സരം അവസാന ഓവർ വരെ നീട്ടിയെങ്കിലും റോയൽസിന്റെ മറുപടി 173ൽ അവസാനിച്ചു.കാലിക്കറ്റിന് വേണ്ടി അഖിൽ സ്കറിയ മൂന്ന് വിക്കറ്റ് നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.