22 January 2026, Thursday

സംഭാല്‍ വെടിവയ്പ്: കേസെടുക്കാന്‍ നിര്‍ദേശിച്ച ജഡ്ജിയെ സ്ഥലംമാറ്റി

Janayugom Webdesk
അലഹബാദ്
January 21, 2026 9:25 pm

സംഭാല്‍ ശാഹി ജുമാമസ്ജിദിന് സമീപം മുസ്ലിങ്ങള്‍ക്കെതിരെ വെടിവയ്പ് നടത്തിയ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച ജഡ്ജിയെ സ്ഥലം മാറ്റി. സംഭാല്‍ സിജെഎം വിഭാന്‍ഷു സുധീറിനെയാണ് സ്ഥലം മാറ്റിയത്. ചൊവ്വാഴ്ചയാണ് സുധീറിനെ സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) ആയി സുൽത്താൻപൂരിലേക്ക് സ്ഥലം മാറ്റിയത്. ചന്ദോസി സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്‍) ആദിത്യ സിങ്ങിനെ പകരം നിയമിച്ചു. സംഭാല്‍ മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹര്‍ജിയില്‍ അതേദിവസം തന്നെ സര്‍വേയ്ക്ക് ഉത്തരവിട്ടയാളാണ് ആദിത്യ സിങ്. 

2024 നവംബറില്‍ സംഭാല്‍ മസ്ജിദിന് സമീപം 23കാരനായ ബിസ്‌ക്കറ്റ് വില്പനക്കാരനെ വെടിവച്ചതിനാണ് സംഭാല്‍ സര്‍ക്കിള്‍ ഓഫിസറായിരുന്ന അനുജ് ചൗധരി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ വിഭാന്‍ഷു സുധീര്‍ ഉത്തരവിട്ടത്. 2024 നവംബര്‍ 19നാണ് സംഭാല്‍ മസ്ജിദില്‍ സര്‍വേ നടത്താന്‍ ചന്ദോസി സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്‍) ആദിത്യ സിങ് ഉത്തരവിട്ടിരുന്നത്. ഹിന്ദുത്വര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഉത്തരവ്. പിന്നീട് നവംബര്‍ 24ന് മറ്റൊരു സര്‍വേ കൂടി നടത്തി. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘവും സര്‍വേ സംഘത്തിന് ഒപ്പമുണ്ടായിരുന്നു. പ്രദേശത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അഞ്ച് മുസ്ലിം യുവാക്കളെയാണ് അന്ന് പൊലീസ് വെടിവച്ചു കൊന്നത്. കൂടാതെ ആയിരത്തിലധികം പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.
അതേസമയം ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ സംഭാലിൽ ഒരു കൂട്ടം അഭിഭാഷകർ പ്രതിഷേധ പ്രകടനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.