
സാമൂതിരി കെ സി രാമചന്ദ്രൻ രാജ (കെ സി ആർ രാജ‑93) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ ബംഗളൂരുവിൽ നടക്കും. സാമൂതിരി സ്വരൂപത്തിലെ കിഴക്കേ കോവിലകം ശാഖയിലെ അംഗമാണ്. രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന മാനേജ്മെന്റ് കൺസൾട്ടന്റ് വിദഗ്ധൻ കൂടിയായ അദ്ദേഹം സാമൂതിരി കെ സി ഉണ്ണിയനുജൻ രാജയുടെ മരണത്തെ തുടർന്ന് രണ്ടുമാസം മുമ്പാണ് സാമൂതിരിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ബംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ താമസക്കാരനായ കെ സി ആർ രാജ നാൽപത് വർഷത്തിലേറെ ബിസിനസ് മാനേജ്മെന്റ്, കൺസൾട്ടൻസി മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു. എസ് പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ, മുംബൈ ഗാർവേർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ എജുക്കേഷൻ സ്ഥാപക ഡയറക്ടർ, ജി ഐ ഡി സി രാജ്ജു ഷോർഫ് റോഫേൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് അഡൈ്വസർ, മുംബൈ മാനേജ്മെന്റ് അസോസി യേഷൻ ഗവേഷണവിഭാഗം ചെയർമാൻ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും വിവിധ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് ഉപദേഷ്ടാവായിരുന്നു.
കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം പരേതയായ മഹാദേവി തമ്പുരാട്ടിയുടെയും പരേതനായ ജാതവേദൻ നമ്പൂതിരിയുടെയും ഏകമകനാണ്. ഭാര്യ: ഇന്ദിര രാജ മേനോൻ. മക്കൾ: കല്യാണി രാജ മേനോൻ (ബംഗളൂരു), നാരായൺ മേനോൻ (യു എസ് എ). മരുമക്കൾ: കൊങ്ങശ്ശേരി രവീന്ദ്രനാഥ് മേനോൻ (റിട്ട. സിവിൽ എൻജിനിയർ, അബുദാബി), മിനി ഉണ്ണികൃഷ്ണമേനോൻ (യു എസ് എ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.