24 January 2026, Saturday

തിരുവനന്തപുരം, ആലപ്പുഴ നഴ്സിങ് കോളജുകളിൽ മെന്റൽ ഹെൽത്ത് നഴ്സിങ് കോഴ്സിന് അനുമതി

Janayugom Webdesk
തിരുവനന്തപുരം
July 26, 2023 10:15 pm

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സർക്കാർ നഴ്സിങ് കോളജുകളിൽ 2023–24 അധ്യയന വർഷം മുതൽ പുതിയ പിജി കോഴ്സുകൾ ആരംഭിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. എംഎസ്‌സി മെന്റൽ ഹെൽത്ത് നഴ്സിങ് കോഴ്സ് ആരംഭിക്കാനാണ് അനുമതി നൽകിയത്. ഓരോ നഴ്സിങ് കോളജിനും എട്ട് വീതം സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എംഎസ്‌സി മെന്റൽ ഹെൽത്ത് നഴ്സിങ് കോഴ്സ്. ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് രണ്ട് നഴ്സിങ് കോളജുകളിൽ ഈ കോഴ്സ് ആരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
സംസ്ഥാനത്തെ ഒമ്പത് സർക്കാർ നഴ്സിങ് കോളജുകളിൽ കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ മൂന്ന് കോളജുകളിൽ മാത്രമാണ് എംഎസ്‌സി മെന്റൽ ഹെൽത്ത് നഴ്സിങ് കോഴ്സ് നടത്തപ്പെടുന്നത്. ഈ മൂന്ന് കോളജുകളിലുമായി മൊത്തം 15 വിദ്യാർത്ഥികളുടെ വാർഷിക പ്രവേശന ശേഷി മാത്രമാണുള്ളത്. മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് അനുയോജ്യമായ മാനസികാരോഗ്യ പരിപാലന സേവനങ്ങൾ നൽകുന്നതിന് കൂടുതൽ മാനസികാരോഗ്യ സംരക്ഷണ വിദഗ്ധരെ സൃഷ്ടിക്കണം. അതിനാൽ ഈ മേഖലയിൽ പുതിയ കോഴ്സുകൾ തുടങ്ങേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം, ആലപ്പുഴ നഴ്സിങ് കോളജുകളിൽ കൂടി ഈ കോഴ്സ് ആരംഭിക്കുന്നത്.
ഇവിടേയും വിദേശത്തും ഒരുപോലെ തൊഴിലവസരം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദേശ രാജ്യങ്ങളിൽ കേരളത്തിലെ നഴ്സുമാർക്ക് വലിയ അവസരമാണ് ഒരുങ്ങുന്നത്. ആവശ്യകത മുന്നിൽ കണ്ട് വിദേശത്തും സംസ്ഥാനത്തുമായി ആശുപത്രികളിലായി കൂടുതൽ നഴ്സിങ് സീറ്റുകൾ വർധിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം മാത്രം സർക്കാർ മേഖലയിൽ 212 നഴ്സിങ് സീറ്റുകളാണ് വർധിപ്പിച്ചത്. ഈ വർഷവും പരമാവധി സീറ്റ് വർധിപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.
സർക്കാർ തലത്തിലും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റിന് കീഴിലും കൂടുതൽ നഴ്സിങ് കോളജുകൾ പുതുതായി ആരംഭിക്കാൻ തത്വത്തിൽ അംഗീകാരം നൽകി. ഇതോടൊപ്പം നിലവിലെ നഴ്സിങ് സ്കൂളുകളിലും കോളജുകളിലും സൗകര്യമൊരുക്കി സീറ്റ് വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

eng­lish sum­ma­ry; Sanc­tioned for men­tal health nurs­ing course in Thiru­vanan­tha­pu­ram and Alap­puzha nurs­ing colleges

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.