23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 21, 2026
January 19, 2026

തുഷാർ ഗാന്ധിക്കെതിരായ സംഘ്പരിവാർ അതിക്രമം തനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 13, 2025 7:07 pm

തുഷാർ ഗാന്ധിക്കെതിരായ സംഘ്പരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയിൽ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടെത്. ഇത് അപലപനീയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകൾക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും. പൊതുജനാഭിപ്രായം വളർത്തി സമൂഹമാകെ ഇത്തരം ചെയ്തികളെ ഒറ്റപ്പെടുത്തുകയും വേണം. 

രാജ്യത്തിന്റെ ആത്മാവിന് വർഗീയതയുടെ അർബുദബാധയുണ്ടാവുന്നു എന്ന ആശങ്കയാണ് തുഷാർ ഗാന്ധി പങ്കുവച്ചത്. നമ്മുടെ സംസ്കാരം വിരുദ്ധ അഭിപ്രായങ്ങളെയും ബഹുമാനിക്കുന്നതാണ്. ആ സംസ്കാരത്തെ അപകീർത്തിപ്പെടുത്തുക കൂടിയാണ് സംഘ്പരിവാർ. പ്രകോപനത്തിന് വശംവദനാവാതെ ഗാന്ധിജിക്ക് ജയ് വിളിച്ചു മടങ്ങുകയാണ് തുഷാർ ഗാന്ധി ചെയ്തത്. കേരളത്തിൽ എത്തുന്ന ദേശീയ‑അന്തർദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങൾ അനുവദിക്കില്ല. 

മതേതര ജനാധിപത്യ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഈ സംഭവത്തിൽ ഉയരേണ്ടതാണ്. ജനാധിപത്യം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയും സമൂഹ വിഭാഗവും രാഷ്ട്രീയ പ്രസ്ഥാനവും മൗനം പാലിച്ചു കൂടാത്ത സന്ദർഭമാണിത്. ആ ബോധവും അതിൽ നിന്നുളവാകുന്ന ശക്തമായ പ്രതിഷേധവും പൊതുമണ്ഡലത്തിൽ ഉണ്ടായാലേ നമ്മുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യമടക്കം സംരക്ഷിക്കാനാവൂ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.