
സംസ്ഥാനത്ത് സാനിട്ടറി പാഡുകൾ, ഗർഭനിരോധന ഉറകൾ, പുനരുപയോഗ സാധ്യമല്ലാത്ത തുണികൾ, മുടി എന്നിവ ശാസ്ത്രീയമായി നിർമ്മാർജനം ചെയ്യുന്നതിനായി നാല് സാനിട്ടറി മാലിന്യ നിർമ്മാർജന പ്ലാന്റുകൾ കൂടി സർക്കാർ ആരംഭിക്കുന്നു. കൊട്ടാരക്കര (കൊല്ലം), മൂവാറ്റുപുഴ (എറണാകുളം), കുറ്റിപ്പുറം (മലപ്പുറം), കടന്നപ്പള്ളി (കണ്ണൂർ) എന്നിവിടങ്ങളിലാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ക്ലീൻ കേരള കമ്പനിയുമായി ചേർന്ന് പൊതു ‑സ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്ലാന്റുകൾ സ്ഥാപിക്കുക. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്.
ഒരു പ്ലാന്റിന് അഞ്ച് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം 20 ടൺ മാലിന്യം നിർമ്മാർജനം ചെയ്യാനുള്ള ശേഷിയുണ്ടാവും. 50 സെന്റിലാകും പ്ലാന്റ്. കുറ്റിപ്പുറത്ത് ക്ലീൻ കേരള കമ്പനിയുടെ സ്ഥലത്തും മറ്റ് ജില്ലകളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് കമ്പനിക്ക് അനുവദിച്ച സ്ഥലത്തുമാണ് പ്ലാന്റുകൾ നിർമ്മിക്കുക. ക്ലീൻ കേരള കമ്പനി ആദ്യമായാണ് ഇത്തരം പ്ലാന്റ് നിർമ്മിക്കുന്നത്. പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ ശുചിത്വ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടറുടെ നേതൃത്വത്തിൽ സാങ്കേതിക, നിരീക്ഷണ സമിതി സർക്കാർ രൂപീകരിച്ചു. സംസ്ഥാനത്ത് അഞ്ച് പ്ലാന്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ തിരുവനന്തപുരത്ത് വർക്കല മുനിസിപ്പിലിറ്റിയിലാണ് പ്ലാന്റ് പ്രവർത്തനം തുടങ്ങിയത്.
യൂസർ ഫീ നൽകണം
പ്ലാന്റിൽ നിർമ്മാർജനത്തിന് കൊണ്ടുവരുന്ന മാലിന്യങ്ങൾക്ക് നിശ്ചിത തുക യൂസർ ഫീ ഏർപ്പെടുത്തും. ഇതിനായി മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കും. കൂടുതൽ പ്ലാന്റുകൾ വരുന്നതോടെ മാലിന്യങ്ങൾ കേന്ദ്രീകൃത പ്ലാന്റുകളിൽ കൊണ്ടുപോയി സംസ്കരിക്കുന്നതിന് ജനങ്ങൾക്കുണ്ടാകുന്ന ചെലവ് കുറയ്ക്കാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.