
മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലില്‍. സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരില്‍ വെസ്റ്റിന്‍ഡീസിനെതിരെ ആറ് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സഞ്ജു 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നു. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.
മറുപടി ബാറ്റിങ്ങില്‍ അഭിഷേക് ശര്‍മ്മ തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. എന്നാല്‍ ഒരു വശത്ത് സഞ്ജു സാംസണ്‍ വെടിക്കെട്ട് നടത്തിയത് ഇന്ത്യക്ക് കരുത്തായി. 11 പന്തില്‍ 10 റണ്‍സെടുത്ത് അഭിഷേക് മടങ്ങി. പിന്നാലെ കിഷനെത്തിയെങ്കിലും ക്രീസില്‍ അധികം ആയുസുണ്ടായിരുന്നില്ല. ആറ് പന്തില്‍ 10 റണ്‍സെടുത്ത കിഷനെ ജേസണ്‍ ഹോള്‍ഡര്‍ ഷെമ്രോണ്‍ ഹെറ്റ്മെയറിന്റെ കൈകളിലെത്തിച്ചു. പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലായി ഇന്ത്യ.
എന്നാല്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ ഒരു വശത്ത് നിര്‍ത്തി സഞ്ജു ശ്രദ്ധോയോടെ ബാറ്റ് വീശിയതോടെ സ്കോര്‍ ഉയര്‍ന്നു. എന്നാല്‍ സ്കോര്‍ 99ല്‍ നില്‍ക്കെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ പുറത്തായി. 16 പന്തില്‍ 18 റണ്‍സെടുത്താണ് താരം മടങ്ങിയത്. തിലക് വര്‍മ്മ മികച്ച പിന്തുണ നല്‍കി. 15 പന്തില്‍ 27 റണ്‍സ് നേടിയാണ് പുറത്തായത്. ഹാര്‍ദിക് പാണ്ഡ്യ (17) റണ്‍സ് നേടി.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റീന്‍ഡീസിന് ഭേദപ്പെട്ട തുടക്കം ലഭിച്ചു. എന്നാല്‍ പവര്‍പ്ലേയില്‍ റണ്‍സുയര്‍ത്താന്‍ വിന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ഷായ് ഹോപ്പ്-റോസ്റ്റണ്‍ ചേസ് സഖ്യം 8.5 ഓവറില്‍ 68 റണ്‍സാണ് ഓപ്പണിങ് കൂട്ടുകെട്ടില്‍ കൂട്ടിച്ചേര്‍ത്തത്. 33 പന്തില്‍ 32 റണ്‍സെടുക്കാനെ ഹോപ്പിനായുള്ളു. പിന്നാലെ ഹെറ്റ്മെയര്‍ എത്തിയതോടെ സ്കോര്‍ 100 കടന്നു. 12 പന്തില്‍ 27 റണ്‍സെടുത്ത ഹെറ്റ്മെയറെ ജസ്പ്രീത് ബുംറ വിക്കറ്റ് കീപ്പറായ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു. ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡിന് തിളങ്ങാനായില്ല (14).
പിന്നാലെയൊന്നിച്ച റോവ്മാന്‍ പവലും ജേസണ്‍ ഹോള്‍ഡറും 76 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി സ്കോര്‍ 195ല്‍ എത്തിച്ചു. പവല്‍ 19 പന്തില്‍ 34 റണ്‍സോടെയും ഹോള്‍ഡര്‍ 22 പന്തില്‍ 37 റണ്‍സുമായും പുറത്താകാതെ നിന്നു. ഇന്ത്യക്കായി ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.