
പൂജയിലൂടെ പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ സന്യാസി 20 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈയിലെ ഒരു അഭിഭാഷകനാണ് ഈ തട്ടിപ്പിന് ഇരയായത്. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. മീരാ റോഡിൽ താമസിക്കുന്ന അഭിഭാഷകൻ ധർമ്മവീർ ത്രിപാഠിക്കാണ് പണം നഷ്ടമായത്. ഏതാനും വർഷങ്ങൾക്കു മുമ്പ് കാശിയിൽ വെച്ച് പരിചയപ്പെട്ട ഒരു സന്യാസി വഴിയാണ് പ്രേം സിംഗ് എന്ന വ്യാജ സന്യാസിയെ ധർമ്മവീർ പരിചയപ്പെടുന്നത്. 42 വയസ്സുകാരനായ പ്രേം സിംഗ് നിരന്തരം ഉപദേശങ്ങൾ നൽകി വരികയായിരുന്നു. ഇതിനിടയിലാണ് തനിക്ക് പണം ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്ന് അഭിഭാഷകനെ വിശ്വസിപ്പിച്ചത്. അത്യാഗ്രഹം മൂത്ത ധർമ്മവീർ, 20 ലക്ഷം രൂപ ഒരു ബാഗിലാക്കി കുടുംബസമേതം പൂജയ്ക്കായി പുറപ്പെട്ടു.
നവി മുംബൈയിലെ ബേലാപ്പൂരിലുള്ള ഒരു ഫ്ലാറ്റിലേക്കാണ് തട്ടിപ്പുകാരൻ അഭിഭാഷകനെ വിളിച്ചുവരുത്തിയത്. അവിടെ വെച്ച്, പണം ദൈവങ്ങളുടെ ഫോട്ടോയ്ക്ക് മുന്നിൽ വെക്കാൻ ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന്, അഭിഭാഷകനെയും ഭാര്യയെയും മകനെയും ഫ്ലാറ്റിലെ കിടപ്പുമുറിയിലേക്ക് മാറ്റി. 15 മിനിറ്റ് പൂജാകർമ്മം നീണ്ടുനിൽക്കുമെന്നും അതുവരെ മന്ത്രോച്ചാരണം നടത്തണമെന്നും സന്യാസി നിർദേശിച്ചിരുന്നു. സമയം കഴിഞ്ഞു പുറത്തിറങ്ങി നോക്കിയപ്പോൾ, പൂജ നടന്ന സ്ഥലത്ത് പണവുമില്ല സന്യാസിയുമില്ല. ഇരട്ടിപ്പിക്കാൻ വെച്ച 20 ലക്ഷവുമായി സന്ന്യാസി കടന്നു കളയുകയായിരുന്നു. അഭിഭാഷകന്റെ പരാതിയിൽ സന്യാസിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ കൂട്ടാളിയെന്ന് സംശയിക്കുന്ന ഫ്ലാറ്റ് ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.