ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കലോത്സവം ‘അലാമി- 2023’ വർണാഭമായി ആരംഭിച്ചപ്പോൾ ആലപ്പുഴ തുറവൂർ പ്രാദേശിക കേന്ദ്രം അടച്ച് പൂട്ടുന്നതിനെതിരെ ഘോഷയാത്രയിൽ തന്നെ പ്രതിഷേധമറിയിച്ച് വിദ്യാർത്ഥികൾ. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഘോഷയാത്രയിൽ ഒന്നാം സ്ഥാനം നേടിയ തുറവൂർ സെന്റർ അടച്ചുപൂട്ടാൻ സർവ്വകലാശാല തീരുമാനിച്ചതോടെ നിരവധി വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവസരമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ അപേക്ഷ നൽകുന്ന എം എസ് ഡബ്ല്യൂ അടക്കമുള്ള വിഷയങ്ങളായിരുന്നു തുറവൂർ കേന്ദ്രത്തിൽ നടന്നുകൊണ്ടിരുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ വാടക കെട്ടിടത്തിൽ കേന്ദ്രം നടത്തിയത് അക്കാദമിക മുരടിപ്പിനും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും വഴിവെച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്രം പൂട്ടുന്നത്. സർവ്വകലാശാല അധികാരികളുടെ പിടിപ്പുക്കേട് കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടുന്നത് ജനം തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുത്ത ക്യാമ്പസ് ചെയർപേഴ്സണും എഐഎസ്എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവുമായ എ എസ് നിധിൻ പറഞ്ഞു.
ചെരുപ്പ് ധരിക്കാതെ കറുത്ത വസ്ത്രം ധരിച്ച് വായും കണ്ണും കറുത്ത തുണികൊണ്ട് കെട്ടി അണിനിരന്ന വിദ്യാർത്ഥികൾ ‘പ്രാദേശിക കേന്ദ്രം തുറവൂർ 1995–2024’ എന്നെഴുതിയത് വെട്ടിയിട്ട കറുത്ത ബാനറുമായാണ് ഘോഷയാത്രയിൽ പങ്കെടുത്തത്.
കൊല്ലം പന്മന സെന്ററിലെ വിദ്യാർത്ഥികളും സീറ്റുകൾ വെട്ടിചുരുക്കിയതിനെതിരെ പ്ലക്കാർഡുകളുമായാണ് ഘോഷയാത്രയിൽ അണിനിരന്നത്.
English Summary: Sanskrit University Arts Festival; Thuravur Center protested against the closure of the centre
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.