18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 2, 2024
November 20, 2024
November 19, 2024
November 15, 2024
March 4, 2023
February 21, 2023
January 8, 2023
May 6, 2022
May 3, 2022

പുതുചരിത്രം കുറിച്ച് മേഘാലയ

സുരേഷ് എടപ്പാൾ
February 21, 2023 10:52 am

സന്തോഷ് ട്രോഫിയുടെ എഴുപത്തിയാറ് വർഷത്തെ സുദീർഘചരിത്രത്തിൽ ഇതാദ്യമായി മേഘാലയ സെമിഫൈനലിൽ പ്രവേശിച്ചു. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ബംഗാളിനെ 2–1 കീഴ്പ്പെടുത്തിയാണ് വടക്കുകിഴക്കിന്റെ കുട്ടികൾ കരുത്ത് തെളിയിച്ചത്. കളിയിൽ ആദ്യം ഗോളടിച്ച് ബംഗാൾ മുന്നിട്ടു നിന്നെങ്കിലും തുടർച്ചയായി രണ്ടു ഗോളുകള്‍ നേടി മേഘാലയ മത്സരം പിടിക്കുകയായിരുന്നു. ബംഗാളിനെതിരെ ജയിച്ചാൽ സെമി ഉറപ്പായതിനാൽ മികച്ച ഫുട്ബോൾ പുറത്തെടുത്താണ് ടീം ആധികാരിക വിജയം നേടിയത്. മേഘാലയയുടെ ഫുട്ബോൾ മുന്നേറ്റത്തിനുള്ള അംഗീകാരമായാണ് സെമി പ്രവേശനത്തെ കാണുന്നതെന്ന് ഹെഡ് കോച്ച് ഖെളയ്ൻ പിർഖാത് സിഎംലിയെ പറഞ്ഞു. 2007 ലെ ദേശീയ ഗെയിംസിൽ ലഭിച്ച വെങ്കലം മാത്രമാണ് ഇതിനു മുമ്പ് ഫുട്ബോളിലുണ്ടായ ഏക നേട്ടം.

മുൻകാലങ്ങളിൽ സന്തോഷ് ട്രോഫിയിലേക്ക് യോഗ്യത നേടാൻ പോലും കഴിയാതിരുന്ന ടീമിന് ശക്തരായ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് അവസാന നാല് മികച്ച ടീമുകളിൽ ഒന്നാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്-കോച്ച് പറഞ്ഞു. മണിപ്പൂർ, മിസോറാം ടീമുകളാണ് ഇതിനു മുമ്പ് വടക്കു കിഴക്കൻ മേഖലയിൽ നിന്ന് സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും കപ്പ് നേടുകയും ചെയ്തിട്ടുള്ളത്. ഈ ഗ്രൂപ്പിൽ നിന്ന് സർവീസസ് നേരത്തെതന്നെ സെമി ഉറപ്പാക്കിയിരുന്നു. അവസാന മത്സരത്തിൽ പട്ടാള ടീം റെയിൽവേസിനെ തകർത്തു തരിപ്പണമാക്കി. മറുപടിയില്ലാത്ത നാലുഗോളുകൾക്കായിരുന്നു ജയം. ഫൈനൽ റൗണ്ടിലെ അവസാന മത്സരത്തിൽ കരുത്തരായ മണിപ്പൂരിനെ ഡൽഹി മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപ്പിച്ചു.

ബംഗാളിന്റെ വീഴ്ചയാണ് ഇത്തവണത്തെ സന്തോഷ് ട്രോഫിയിൽ ഏറെ ചർച്ചചെയ്യപ്പെട്ടത്. കളിച്ച അഞ്ചുമത്സരങ്ങളിൽ ഒന്നുപോലും ജയിക്കാതെയാണ് മുപ്പത്തിരണ്ട് തവണ കിരീടം നേടുകയും കഴിഞ്ഞ തവണ ഫൈനലിൽ കേരളത്തിനെതിരെ പൊരുതി വീഴുകയും ചെയ്ത ടീം ഭുവനേശ്വർ വിട്ടത്. ഡൽഹിക്കെതിരെ നേടിയ സമനിലയിലൂടെ നേടിയ ഒരു പോയിന്റ് മാത്രമാണ് ഫൈനൽ റൗണ്ടിൽ ടീംമിന്റെ സമ്പാദ്യം. നിലവിലെ ചാമ്പ്യന്മാരായ കേരളവും രണ്ടാം സ്ഥാനക്കാരായ ബംഗാളും ഇല്ലാതെയാണ് റിയാദിൽ സെമി നടക്കുക. ബി ഗ്രൂപ്പിൽ 14 പോയിന്റുമായി സർവീസസ് ഒന്നാം സ്ഥാനത്തും 10 പോയിന്റുമായി മേഘാലയ രണ്ടാം സ്ഥാനത്തുമാണ്.

ഗ്രൂപ്പ് എ യിൽ നിന്ന് പഞ്ചാബും കർണാടകയും റിയാദ് ടിക്കറ്റ് ഉറപ്പാക്കിയിരുന്നു. സെമിയിൽ പ്രവേശിച്ച മേഘാലയ ഒഴിച്ചുള്ള മൂന്നു ടീമുകളും കഴിഞ്ഞകാലങ്ങളിൽ പലവട്ടം കപ്പ് നേടിയവരാണ്. സെമി ഫൈനലിൽ ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് ബിയിലെ രണ്ടാം സ്ഥാനക്കാരായ മേഘാലയയെ നേരിടും. രണ്ടാം സെമിയിൽ കർണാടകയും സർവീസസും തമ്മിൽ ഏറ്റുമുട്ടും. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ തീരുമാനിച്ചിട്ടുള്ളത്. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് യോഗ്യതാ മത്സരങ്ങൾക്കു ശേഷം ഫൈനൽ റൗണ്ടിൽ പൊരുതാൻ ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.