23 February 2026, Monday

കേരളം vs അസം; സന്തോഷ്‌ട്രോഫി ക്വാർട്ടർ ഫൈനൽ ഇന്ന്

സുരേഷ് എടപ്പാൾ
ഗുവാഹത്തി
February 3, 2026 7:30 am

സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റില്‍ സെമി ഉറപ്പിക്കാന്‍ കേരളം ഇന്ന് ആതിഥേയരായ അസമുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മത്സരം. ഗ്രൂപ്പ് ബിയിലെ അഞ്ച് മത്സരങ്ങളിൽ മൂന്നും ജയിച്ച് 10 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് കേരളം അവസാന എട്ടിലേക്ക് എ­ത്തിയിരിക്കുന്നത്. റെയിൽവേയ്­സുമായി 1–1ന് സമനിലയിൽ പിരിഞ്ഞ കേരളം അവസാന മത്സരത്തിൽ സർവീസിനോട് ഏകപക്ഷകീയമായ ഏകഗോളിനാണ് പരാജയപ്പെട്ടത്.

അതേസമയം എ ഗ്രൂപ്പിൽ ഒരു മത്സരം മാത്രം ജയിക്കുകയും ഒരു സമനില നേടുകയും മൂന്ന് മത്സരങ്ങൾ സമനിലയിലാക്കുകയും ചെയ്ത അസം നാലാം സ്ഥാനക്കാരായി കഷ്ടിച്ചാണ് ക്വാർട്ടറിലേക്ക് എത്തിയത്. പഞ്ചാബിനെ 3–1ന് തോല്പിച്ച് തുടങ്ങിയ കേരളം രണ്ടാം മത്സരത്തിലാണ് റെ­യിൽവേയ്സുമായി സമനിലയിൽ പിരിഞ്ഞത്. തുടർന്ന് ഒഡിഷയെ 1–0ത്തിനും മേഘാലയയെ 3–0ത്തിനും കീഴടക്കി. ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചശേഷമായിരുന്നു സർവീസസിനെതിരായ അപ്രതീക്ഷിത തോൽവി.
ആദ്യമത്സരത്തിൽ തമിഴ്‌നാടിനോടായിരുന്നു അസമിന്റെ തോൽവി. തുടർന്ന് നാഗാലാൻഡ്, ഉത്തരാഖണ്ഡ് എന്നിവരുമായി സമനിലയിൽ പിരിഞ്ഞശേഷം 3–0ത്തിന് രാജസ്ഥാനെ തോല്പിച്ചു. 

അവസാന മത്സരത്തിൽ 1–1ന് പശ്ചിമ ബംഗാളുമായി സമനിലയിൽ പിരിയുകയായിരുന്നു. ടൂർണമെന്റിലെ ഇതുവരെയുള്ള പ്രകടനംവച്ച് അസം കേരളത്തിന് അത്ര വലിയ വെല്ലുവിളിയല്ല. എ­ന്നാൽ സ്വന്തം നാട്ടിൽ മത്സരം നടക്കുന്നു എന്നത് അവർക്ക് മുൻതൂക്കം നൽകുന്നു. മുഹമ്മദ് അജ്സൽ, മുഹമ്മദ് സിനാൻ, വിഘ്‌നേഷ്, ക്യാപ്റ്റൻ സഞ്ജു, സജീഷ്, മുഹമ്മദ് റിയാസ്, അർജുൻ തുടങ്ങിയവരുടെ മികച്ച പ്രകടനമാണ് കേരളത്തിന് ഊർജം നൽകുന്നത്. ഇന്ന് നടക്കുന്ന മറ്റ് ക്വാർട്ടർ ഫൈനലുകളിൽ റെയിൽവേയ്സ് രാജസ്ഥാനെയും പശ്ചിമ ബംഗാൾ സർവീസസിനെയും ത­മിഴ്‌നാട് പഞ്ചാബിനെയും നേരിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.