ഓരോ ദിവസവും നേതാക്കളും അണികളും കോൺഗ്രസ് വിട്ട് ഇടതുസ്ഥാനാർത്ഥിക്ക് പിന്തുണ നല്‍കുന്ന അത്യപൂര്‍വ കാഴ്ചയാണ് പാലക്കാട് മണ്ഡലത്തില്‍. ഷാഫി പറമ്പിലിന്റെ ധാര്‍ഷ്ട്യവും ഏകാധിപത്യ പ്രവണതയും സഹിക്കാനാവുന്നതിനപ്പുറമായെന്നും ഏകപക്ഷീയ സ്ഥാനാര്‍ത്ഥിക്ക് വോട്ടുപിടിക്കാന്‍ ഇനി തങ്ങളില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് സംസ്ഥാന‑ജില്ലാതല നേതാക്കളും അണികളും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും കൈവിട്ട് പി സരിനെ പിന്തുണച്ചെത്തുന്നത്. സരിനോടൊപ്പം ഇവര്‍ പ്രചരണരംഗത്തിറങ്ങുന്നുമുണ്ട്.
പിരായിരി മണ്ഡലം ദളിത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ എ സുരേഷാണ് ഏറ്റവുമൊടുവില്‍ സരിന് പിന്തുണ പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ പ്രവർത്തകരെക്കാൾ ആവേശത്തിലാണ് ഡോ. പി സരിൻ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമിട്ടത്. സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ പി രാജേന്ദ്രൻ പ്രചരണപര്യടനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെ ഗ്രൂപ്പ് സമവായങ്ങൾ തെറ്റിക്കുന്നതാണ് പി സരിന്റെ സ്ഥാനാർത്ഥിത്വമെന്നും ഇത്തവണ പാലക്കാട്ട് നിന്നും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും കെ പി രാജേന്ദ്രൻ പറഞ്ഞു.
കണ്ണാടി പഞ്ചായത്തിലെ കടലാകുറിശിയിലായിരുന്നു ആദ്യ സ്വീകരണം. തുടർന്ന് വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും കയറി വോട്ടഭ്യർത്ഥിച്ചു. കണ്ണാടി പഞ്ചായത്തിലെ ഞായറാഴ്ചക്കാവിൽ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയവരിൽ പത്തുവയസുകാരി മുതൽ 80 വയസുളള മുത്തശിമാർ വരെയുണ്ടായിരുന്നു. പിന്നീട് കണ്ണംപരിയാരം, മന്ദാട്ടുകുളം, ചാളയ്ക്കൽ, പറക്കുളം, ഈന്തക്കാട്, പരയ്ക്കാട്, അരയാൽക്കുളം, പടിഞ്ഞാറേമുറി, ചേലക്കാട്, പാങ്ങോട്, കടകുറുശി, കിരിയാട് തുടങ്ങിയ സ്ഥലങ്ങള്‍ പിന്നിട്ട് സമാപന കേന്ദ്രമായ ചാത്തൻകുളങ്ങരയിലെത്തിയപ്പോഴേക്കും രാത്രി ഏറെ ഇരുട്ടിയിരുന്നു.
വർഗീയശക്തികളുമായി യാതൊരുവിധ ഒത്തുതീർപ്പിനും ഇല്ലെന്ന് പ്രഖ്യാപിച്ച് സരിനു വേണ്ടി വോട്ടഭ്യർത്ഥിക്കാൻ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രനും വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.