ഫെഡറല്‍ തത്വം കാറ്റില്‍പ്പറത്തുന്ന മോഡി സര്‍ക്കാര്‍ വിദ്യാഭ്യാസ കാര്യത്തില്‍ കേരളമുള്‍പ്പെടെ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടി. ബ്രാന്‍ഡിങ് നടത്താത്തതിന്റെ പേരിലാണ് അര്‍ഹമായ തുക നല്‍കാതെയുള്ള പ്രതികാരം. എസ്എസ്എ (സര്‍വ ശിക്ഷാ അഭിയാന്‍) പദ്ധതിയില്‍ 2024–25 സാമ്പത്തിക വര്‍ഷം കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാതെ പ്രതികാരം വീട്ടിയ മോഡി സര്‍ക്കാര്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിന് 4,487.46 കോടി രൂപയാണ് അനുവദിച്ചത്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് മോഡി സര്‍ക്കാരിന്റെ പകവീട്ടല്‍ വ്യക്തമായത്. പ്രധാനമന്ത്രി സ്കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ (പിഎം ശ്രീ) പദ്ധതി നിര്‍വഹണത്തിലെ അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് മൂന്നു സംസ്ഥാനങ്ങള്‍ക്കും നയാപൈസ അനുവദിക്കാതെ സര്‍ക്കാര്‍ പ്രതികാരം ചെയ്തത്. ബജറ്റ് വിഹിതമായി 36 സംസ്ഥാനങ്ങള്‍ക്ക് 45,830.21 കോടിയാണ് എസ്എസ്എ ഫണ്ട് വകയിരുത്തിയത്. മാര്‍ച്ച് 27 വരെയുള്ള കണക്കനുസരിച്ച് 27,833.50 കോടി വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കായി വിതരണം ചെയ്തു. എന്നാല്‍ കേരളത്തിനും ബംഗാളിനും തമിഴ്‌നാടിനും മാത്രം ഒരുരൂപ പോലും ലഭ്യമായില്ല.
ദേശീയ വിദ്യാഭ്യാസ നയം, ഹിന്ദി അടിച്ചേല്പിക്കാനുള്ള ശ്രമം എന്നിവയ്ക്കെതിരെ തമിഴ്‌നാട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതും ഫണ്ട് തടഞ്ഞുവയ്ക്കുന്നതിന് കാരണമായി. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന ബോര്‍ഡില്‍ പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്യുന്നത് സംബന്ധിച്ച് വിയോജിപ്പാണ് കേരളത്തിനുള്ള ഫണ്ട് തടഞ്ഞതിന് കാരണം. ബംഗാള്‍ കണക്ക് സമര്‍പ്പിച്ചില്ല എന്ന ന്യായം നിരത്തിയാണ് ഫണ്ട് തടഞ്ഞുവച്ചത്.
പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളും പിഎം ശ്രീ പദ്ധതിയുടെ ധാരണപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചിരുന്നു.
പിന്നീട് ദിഗ്‌വിജയ് സിങ് അധ്യക്ഷനായ വിദ്യാഭ്യാസ‑വനിതാ-ശിശുവികസന പാര്‍ലമെന്ററി സമിതി ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കും തടഞ്ഞുവച്ചിരിക്കുന്ന ഫണ്ട് ഉടനടി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട് നിര്‍ദേശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ സഹമന്ത്രി എസ്എസ്എ ഫണ്ട് വിതരണം സംബന്ധിച്ച പ്രതികരണം നടത്തിയത്. കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളുടെ കാതലായ ഫെഡറല്‍ തത്വം ലംഘിച്ച് പ്രതിപക്ഷ സംസ്ഥാനങ്ങളെ പാടെ അവഗണിക്കുന്ന സമീപനം ബിജെപി സര്‍ക്കാര്‍ തുടരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടന്തമാണ് മന്ത്രിയുടെ വാക്കുകളിലുടെ പ്രകടമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.