11 January 2026, Sunday

സര്‍വം വിജയം

സി രാജ
January 11, 2026 6:30 am

കാതടപ്പിക്കുന്ന ശബ്ദമിശ്രണങ്ങളില്ല, ആരവങ്ങളില്ല, നായകനും വില്ലനും തമ്മിലുള്ള അതിശക്തമായ പോരാട്ടങ്ങളില്ല, പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ക്ലൈമാക്സില്ല. റിലീസ് ചെയ്ത് പത്തു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ നൂറുകോടി ക്ലബ്ബില്‍ കയറിയ ‘സര്‍വം മായ’ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. അച്ഛന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലെ പല ഫ്രെയിമുകളും കഥാപാത്രങ്ങളുടെ സവിശേഷതകളും പ്രേക്ഷകരിലേക്ക് വീണ്ടും പകര്‍ന്നു നല്‍കുകയാണ് അഖില്‍ സത്യന്‍. നായകനായ നിവിന്‍പോളിയുടെ ശക്തമായ മടങ്ങിവരവ് കൂടിയാണ് ചിത്രം. സംവിധായകന്‍ അഖില്‍ സത്യന്‍ സംസാരിക്കുന്നു.

നൂറു കോടി ക്ലബ്ബിലേക്ക്

**************************
സന്തോഷം. ആക്ഷനുകളുടെ അതിപ്രസരമില്ലാത്ത ശബ്ദകോലാഹലങ്ങളില്ലാത്ത, വെടിവയ്പും ബോംബേറുമില്ലാത്ത മാനുഷിക വൈകാരികതയും ബന്ധങ്ങളും പറഞ്ഞുപോകുന്ന സിമ്പിളായ ഒരു ഫീല്‍ഗുഡ് മൂവി വിജയിച്ചതില്‍ ഏറെ സന്തോഷം. ഫാസില്‍, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശൻ എന്നിവര്‍ എടുത്തിട്ടുള്ള ഫീല്‍ഗുഡ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. കോവിഡ് കാലം കഴിഞ്ഞശേഷം അത്തരം സിനിമകളേ ഇല്ലായിരുന്നു. ഫീല്‍ഗുഡ് സിനിമകളുടെ കാലം കഴിഞ്ഞുവെന്നുവരെ പലരും പറഞ്ഞു. അവിടെനിന്ന് ഒരു തിരിച്ചുപോക്ക്, ഒരു മാറ്റമാണ് ‘സര്‍വം മായ’.

‘സര്‍വം മായ’യും നിവിന്‍പോളിയും

*********************************


പാച്ചുവും അത്ഭുതവിളക്കും പൂര്‍ത്തിയാക്കാനെടുത്തത് രണ്ടരവര്‍ഷമാണ്. നിവിനുവേണ്ടി എഴുതിയ സിനിമയായിരുന്നു അത്. നടക്കാതെ വന്നപ്പോഴാണ് ഫഹദിലേക്കെത്തുന്നത്. കോവിഡ് തടസമായി. അതുകഴിഞ്ഞപ്പോള്‍ ഫഹദിന്റെ ഡേറ്റ് പ്രശ്നമായി. അങ്ങനെ സിനിമ നീണ്ടുപോയ സമയത്താണ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കൃതി ആകര്‍ഷിച്ചത്. അതിലെ ഒരു സ്പാര്‍ക്ക് കഥയാക്കിയാലോ എന്നു മനസില്‍ ആലോചിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം നാട്ടിലെ ഒരു ക്ഷേത്രത്തില്‍ പോയി. പ്രസാദം തരാനെത്തിയ നമ്പൂതിരിയെ കണ്ടപ്പോള്‍ അമ്പരന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കോളജില്‍ ജൂനിയറായി പഠിച്ച എസ്എഫ്ഐ നേതാവ്. ഇവിടെ എങ്ങനെ എന്ന ചോദ്യത്തിന് “പ്രൊഫഷനല്ലേ, ജീവിക്കണ്ടേ…” എന്നായിരുന്നു മറുപടി. നിരീശ്വരവാദിയായ ഒരാള്‍ നിവൃത്തിയില്ലാതെ പൂജാരിയായാല്‍ എങ്ങനെയാവും എന്ന ചിന്ത മനസിലേക്കെത്തി. ഈ പൂജാരി പൂജ നടത്തുമ്പോള്‍ ഒരു പ്രേതം കൂടെ കൂടിയാല്‍ എന്താവും എന്നും ആലോചിച്ചു. അതും ഈശ്വരവിശ്വാസിയായ ഒരു ജെന്‍സി പ്രേതം. അതോടെ കഥയ്ക്ക് ഒരു രൂപരേഖയായി.
ഒരു ഘട്ടത്തില്‍ ‘സര്‍വം മായ’ നടക്കില്ലെന്ന് തോന്നിയ മുഹൂര്‍ത്തമുണ്ടായിരുന്നു. ‘പാച്ചു’ കഴിഞ്ഞിട്ടാണ് നിവിനോട് കഥ വിവരിക്കുന്നത്. അന്ന് നിവിനും ഞാനും ശരിക്കും മാനസികമായും ശാരീരികമായും ക്ഷീണിതരായിരുന്നു. കഥയുടെ വിവരണം നിവിനും ബോധ്യമായില്ല, ഒഴുക്കോടെ അവതരിപ്പിക്കാന്‍ എനിക്കുമായില്ല. എങ്ങുമെത്താതെ അവിടെ പിരിഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞാണ് വീണ്ടും കഥ പറയുന്നത്. ഇതിനിടയില്‍ ‘ഹൃദയപൂര്‍വത്തി‘ന്റെ തിരക്കിലേക്ക് കടന്നിരുന്നു. ‘ഹൃദയപൂര്‍വം’ ആത്മവിശ്വാസം പകര്‍ന്നിരുന്നു. റിഫ്രഷ് ആയാണ് പിന്നീട് രണ്ടുപേരും ‘സര്‍വം മായ’ കേള്‍ക്കാനിരുന്നത്. കഥയുടെ ഒഴുക്കില്‍ ചില മാറ്റങ്ങള്‍ വരുത്തിയതേ ഉണ്ടായിരുന്നുള്ളു.

നിവിനിലുള്ള ആത്മവിശ്വാസം

*****************************


ഇത്രയും നിഷ്കളങ്കതയോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും തമാശ കൈകാര്യം ചെയ്യാനുമുള്ള കഴിവ് മറ്റൊരു നടനില്ല. നിവിന്റെ മുഖത്തെ നിഷ്കളങ്കത ഭയങ്കരമായി എന്നെ ആകര്‍ഷിച്ചിട്ടുണ്ട്.

നൂറുകോടിയുടെ പ്രവചനം

************************
സിനിമയുടെ ഫൈനല്‍ റിവ്യു കണ്ടശേഷം കോ-എഡിറ്ററായ രഥിന്‍ രാധാകൃഷ്ണനോട് നീ എഴുതിക്കോ, ഇത് നൂറുകോടി അടിക്കും എന്നു പറഞ്ഞപ്പോള്‍ രഥിന്‍ അത് എഴുതി. പേപ്പര്‍ ഇപ്പോള്‍ ചര്‍ച്ചയാണ്. തുടക്കം മുതല്‍ ഞാന്‍ ഈ സിനിമ നൂറുകോടി ക്ലബ്ബ് ഉറപ്പ് എന്നു പറയും. എങ്ങനെ ആ ധൈര്യമുണ്ടായി എന്നൊന്നും അറിയില്ല. ഒരുപക്ഷെ, ഒരു അനാവശ്യ ധൈര്യമായിരിക്കാം. എന്നാല്‍ നിവിന് അത് കേള്‍ക്കുമ്പോള്‍ ആശങ്കയാണ്. പറയല്ലേ… എന്നുപറയും. എനിക്കൊരു ആത്മവിശ്വാസമുണ്ടായിരുന്നു. പത്ത് വര്‍ഷത്തെ അനുഭവം. ഒരു വര്‍ഷം എടുത്തുകൊണ്ട് പൂര്‍ത്തിയാക്കിയ കഥ.

നിവിന്‍ — അജു കോംബോ

*************************

നിവിൻ‑അജു കോംബോ പലപ്പോഴും ഉണ്ടായിട്ടുള്ളതിനാല്‍ ആവര്‍ത്തനം ഒഴിവാക്കണമെന്ന് കരുതിയിരുന്നു. അജുവിനെ ഞാന്‍ ഒഴിവാക്കിയതാണ്. എന്നാല്‍ നിവിനാണ് അജുവിനെ സജസ്റ്റ് ചെയ്തത്. നമ്പൂതിരിയുടെ വേഷമിട്ട്, മുടി ക്രോപ്പ് ചെയ്ത് നമ്പൂതിരിയായി അജു എത്തിയ നിമിഷം എനിക്ക് ആ വേഷപ്പകര്‍ച്ച ദൃശ്യമായി. വളരെയധികം അപ്‍ഡേറ്റ് ചെയ്യുന്ന, യാതൊരു ഈഗോയുമില്ലാത്ത നടനാണ് അജുവര്‍ഗീസ്. മോഹന്‍ലാല്‍— ശ്രീനിവാസന്‍ അവരുടെ കോംബോയാണ് എനിക്ക് ഫീല്‍ചെയ്തത്. മലയാള സിനിമയില്‍ ഇനി അത്തരമൊരു കോംബോ അവര്‍ തമ്മിലേ ഉണ്ടാവൂ. അവരുടെ സൗഹൃദവും ഗുണകരമായിട്ടുണ്ട്. അജുവിന് എപ്പോഴും സ്‌പെയ്സ് കൊടുത്തുകൊണ്ടാണ് നിവിന്‍ നില്‍ക്കുക.

ഡെലുലു

**********
സിനിമയിലെ ‘സാധ്യ’യായി അഭിനയിച്ച പ്രീതി മുകുന്ദനെയാണ് ആദ്യം ‘ഡെലുലു’ ആയി തീരുമാനിച്ചത്. എന്നാല്‍ രണ്ടുപേരുടെയും പ്രായം പരസ്പരം പ്രണയം തോന്നിപ്പിക്കുന്ന ഒരു മുന്‍വിധിയിലേക്ക് നയിക്കുമെന്ന് തോന്നി. പ്രായം കുറഞ്ഞ, കുറച്ചുകൂടി കുട്ടിത്തമുള്ള, ഒരു മുഖത്തെ അന്വേഷിച്ചു. അപ്പോഴാണ് ‘മുറ’ എന്ന ചിത്രത്തിന്റെ, പ്രായം കുറഞ്ഞ പ്രൊഡ്യൂസറായ, റിയയുടെ അഭിമുഖം കാണുന്നത്. ആ മുഖം ആകര്‍ഷിച്ചു. റിയയുടെ അച്ഛന്‍ ഷിബു തമീന്‍സിനെ അറിയാം. വിളിച്ച് സംസാരിച്ചു. റിയ ഇതിന് മുമ്പ് ഒരൊറ്റ സിനിമയിലേ അഭിനയിച്ചിട്ടുള്ളു. സംസാരിച്ചപ്പോള്‍ ലഭിച്ച ഒരു എനര്‍ജി ലെവല്‍ അപ്പോള്‍തന്നെ ഡെലുലുവിനെ ഉറപ്പിക്കുകയായിരുന്നു.

ക്ലൈമാക്സ്

***********
സിനിമയില്‍ എനിക്ക് ഏറെ വൈകാരികതയുള്ള മുഹൂര്‍ത്തമാണത്. സ്വന്തമായി കഥ സങ്കല്പിച്ച് എഴുതിയുണ്ടാക്കാനുള്ള കഴിവ് എനിക്കില്ല. റിയല്‍ ലൈഫിനെ നോക്കിക്കാണും. ജീവിതാംശങ്ങളാണ് എഴുത്തിലേക്ക് പകര്‍ത്തുന്നത്. ജീവിതത്തില്‍ എന്നെ ഏറെ വേദനിപ്പിച്ച ഒരനുഭവത്തില്‍ നിന്നാണ് ആ ക്ലൈമാസ്. എന്റെ ഒരു ബന്ധുവിന്റെ മകളുടെ മരണമാണത്. അന്നു കടന്നുപോയ നിമിഷങ്ങള്‍ ഇപ്പോഴും മനസിലുണ്ട്. അതുകൊണ്ടുതന്നെ അതേക്കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും ശബ്ദമിടറും.

വിപ്രോയിലെ ജോലിയില്‍ നിന്നും സംവിധാനത്തിലേക്ക്

*********************************************************


കുട്ടിക്കാലത്ത് അനൂപിനും എനിക്കും യാതൊരു സിനിമാ ബന്ധവുമുണ്ടായിരുന്നില്ല. പ്ലസ്‌ടു പഠനകാലത്താണ് സിനിമ മനസിലേക്കെത്തിയത്. അച്ഛന്റെ സിനിമകള്‍ പോലുമല്ല, മണിരത്നം സിനിമകളാണ് ഞങ്ങള്‍ രണ്ടുപേരെയും സിനിമയുടെ ലോകത്തേക്കെത്തിക്കുന്നത്. ‘കന്നത്തില്‍ മുത്തമിട്ടാല്‍’ അന്നത്തെ ഫേവറിറ്റ് സിനിമയായിരുന്നു. അച്ഛന്‍ രണ്ടുപേരുടെയും പഠനത്തിലാണ് ശ്രദ്ധിച്ചത്. ഞങ്ങള്‍ രണ്ടുപേരും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ചെയ്ത് വിപ്രോയില്‍ ജോലി നേടി. മക്കളെ സിനിമയിലേക്ക് കൊണ്ടുവരുന്നതിനേക്കാള്‍ അവരുടെ ജീവിത സുരക്ഷയാണ് അന്ന് അച്ഛന്‍ നോക്കിയത്. എന്റെ മകനായാലും ഞാനതേ ചെയ്യു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു പറയാനാകാത്ത തൊഴില്‍ മേഖലയാണിത്. അനൂപ് നന്നായി സ്കെച്ച് ചെയ്യുമായിരുന്നു. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അനൂപിന് സിനിമയിലേക്ക് വഴിതുറന്നത്. അനൂപ് സിനിമയിലെത്തിയതോടെ എനിക്കും ആ വഴി തുടരണമെന്ന് തോന്നി. അച്ഛനോട് ചോദിച്ചു,

അസിസ്റ്റന്റായി കൂടെക്കൂടി

***********************
ജോലി രാജിവച്ച് ‘കഥ തുടരും’ എന്ന സിനിമയിലാണ് ഒപ്പം കൂടിയത്. പക്ഷെ, തുടക്കം പാളി. എനിക്കത് ചെയ്യാന്‍ പറ്റില്ലെന്ന തോന്നല്‍ വന്നു. ജോലിയും രാജിവച്ചതോടെ ഇനിയെന്ത് എന്ന ചിന്ത വിഷാദരോഗത്തില്‍ വരെ കൊണ്ടെത്തിച്ചു. ഒരു ബ്രേക്കെടുത്തു. ഇക്കാലയളവില്‍ കസിന്‍സ് നടത്തിയ പരസ്യ കമ്പനിയില്‍ ഒപ്പം ചേര്‍ന്നു. അവിടത്തെ അനുഭവങ്ങള്‍ മുതല്‍ക്കൂട്ടായി. ‘സ്നേഹവീടി‘ലൂടെയാണ് തിരിച്ചുവരാന്‍ കഴിഞ്ഞത്.

വീട്ടിലെ സിനിമാ ചര്‍ച്ചകള്‍

***************************
അനൂപിനോട് കഥ ഏകദേശം ഫിനിഷ് ചെയ്തശേഷം മാത്രമായിരിക്കും ചര്‍ച്ചകള്‍ ഉണ്ടാവുക. അച്ഛനൊപ്പം വര്‍ക്ക് ചെയ്യുന്നതിനാല്‍ കഥകളുടെ രൂപരേഖയുണ്ടാവുമ്പോള്‍ തന്നെ പറയും. അഭിപ്രായങ്ങള്‍ സ്വീകരിക്കും. ‘സര്‍വം മായ’യുടെ ആദ്യപകുതി വിവരിച്ചിട്ടുണ്ട്. ‘സര്‍വം മായ’ കഥയാക്കാന്‍ പറഞ്ഞതും അച്ഛനാണ്. ചില സീനുകള്‍ അച്ഛന്‍ പറഞ്ഞതനുസരിച്ച് ഒഴിവാക്കിയിട്ടുമുണ്ട്.

ഭാവി പരിപാടികള്‍

*********************
ഷെര്‍ലക് ഹോംസിന്റെ ഫീമെയില്‍ വെര്‍ഷനിലുള്ള ഒരു സിനിമ ചെയ്യണമെന്നുണ്ട്. നിവിനെയും അജുവിനെയും കോംബോയാക്കി മോഹന്‍ലാല്‍ — ശ്രീനിവാസന്‍ ശൈലിയില്‍ പോസിറ്റീവായ ഒരു എന്റര്‍ടെയിന്‍ ചിത്രം ചെയ്യണമെന്നുണ്ട്. അച്ഛനൊപ്പം ഇനിയും സിനിമകള്‍ ചെയ്യണമെന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.