22 December 2024, Sunday
KSFE Galaxy Chits Banner 2

സത്യജിത് റായ് സിനിമകളിലെ കല്‍ക്കത്ത

കെ ദിലീപ്
നമുക്ക് ചുറ്റും
December 7, 2021 6:30 am

കല്‍ക്കത്ത നഗരം സത്യജിത് റായ് എന്ന ചലച്ചിത്രകാരന്, ചിത്രകാരന്, എഴുത്തുകാരന് സ്വന്തം ജീവശ്വാസം തന്നെയായിരുന്നു. റായിയുടെ പ്രശസ്തമായ കുറ്റാന്വേഷണ കഥകളിലെ പ്രൈവറ്റ് ഡിറ്റക്റ്റീവ് ‘ഫേലൂദാ’ അഥവാ പ്രദോഷ് ചന്ദ്രമിത്തര്‍. കല്‍ക്കത്ത നഗരത്തില്‍ സഞ്ചരിക്കുന്ന വഴികളിലൂടെ അതി സൂക്ഷമമായ വിവരണം ആ നഗരത്തിന്റെ ഓരോ തെരുവും മനുഷ്യരും റായിക്ക് എത്രമാത്രം പരിചിതരായിരുന്നു എന്നതിന് സാക്ഷ്യമാണ്. സത്യജിത് റായിയുടെ ആദ്യകാല സിനിമകള്‍ മുതല്‍ കല്‍ക്കത്ത നഗരം പശ്ചാത്തലമാവുന്നുണ്ട്. അപരാജിതോയിലും അപൂര്‍ സന്‍സാറിലും കല്‍ക്കത്താ നഗരമുണ്ട്. അപു തിരിച്ചുപോവുന്നത് കല്‍ക്കത്ത നഗരത്തിലേക്കാണ്. പക്ഷെ, ആദ്യകാല റായ് സിനിമകളിലെ കല്‍ക്കത്ത, റായ് ജീവിച്ച അന്‍പതുകള്‍ മുതല്‍ എണ്‍പതുകള്‍ വരെയുള്ള കാലഘട്ടത്തിലെ പ്രക്ഷുബ്ധമായ, അസ്വസ്ഥമായ കല്‍ക്കത്ത നഗരമല്ല. ബിദൂതി ഭൂഷന്റെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലുള്ള നോവലുകളിലെ കല്‍ത്തയാണ്. റായ് ജീവിച്ചിരുന്ന കാലഘട്ടത്തിലെ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്ത ചരിത്രപരമായ പ്രാധാന്യം മാത്രമേ ആ സിനിമകളില്‍ കല്‍ക്കത്ത നഗരത്തിനുള്ളൂ. സ്വന്തം ജീവിത പശ്ചാത്തലമായ കല്‍ക്കത്ത നഗരത്തിലേക്ക് റായി ക്യാമറ ചലിപ്പിക്കുന്നത് മൂന്നു ചലച്ചിത്രങ്ങളിലാണ്. പ്രതിദ്വന്ദി, സീമാബദ്ധ, ജനആരണ്യ. ഇവയില്‍ ആദ്യ ചിത്രം പ്രതിദ്വന്ദി, ബംഗാളിലെ പ്രശസ്തനായ നോവലിസ്റ്റ് സുനില്‍ ഗംഗോപാദ്ധ്യയുടെ നോവലിനെ ആസ്പദമാക്കിയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ശൈശവദശ പിന്നിട്ടശേഷം ഭരണതലത്തില്‍ അഴിമതി വ്യാപകമാവാന്‍ തുടങ്ങിയ കാലഘട്ടമാണ് എഴുപതുകള്‍. ബംഗാളില്‍ നക്സല്‍ബാരി പ്രസ്ഥാനത്തിന് വേരുറയ്ക്കുന്നതും എഴുപതുകളില്‍ തന്നെ. ഈ കല്‍ക്കത്തയില്‍ അച്ഛന്റെ മരണത്തോടെ മെഡിക്കല്‍ കോളജ് പഠനം നിര്‍ത്തി ഒരു ജോലി അന്വേഷിക്കുന്ന സിദ്ധാര്‍ത്ഥന്‍ എന്ന ചെറുപ്പക്കാരന്റെ അനുഭവങ്ങളെ കേന്ദ്രീകരിച്ചാണ് എഴുപതുകളിലെ കല്‍ക്കത്തയെ റായ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട ലോക സംഭവം ഏത് എന്ന ഇന്റര്‍വ്യൂവിലെ ചോദ്യത്തിന് ‘വിയറ്റ്നാമിലെ ജനങ്ങളുടെ ചെറുത്തുനില്പ്’ എന്ന മറുപടി നല്കിയതുകൊണ്ട് സിദ്ധാര്‍ത്ഥന് ജോലി നഷ്ടപ്പെടുന്നിടത്ത് നിന്നാണ് ചലച്ചിത്രം ആരംഭിക്കുന്നത്. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയത് എന്ന പച്ചവെള്ളം പോലെ അരാഷ്ട്രീയമായ മറുപടിയായിരുന്നു മനേജ്മെന്റ് പ്രതീക്ഷിച്ചിരുന്നത്. അശാന്തവും അഴിമതി നിറഞ്ഞതുമായ കല്‍ക്കത്തയില്‍ ജോലി തേടിയുള്ള സിദ്ധാര്‍ത്ഥന്റെ പ്രയാണം ചെന്നെത്തുന്നത് കല്‍ക്കത്തയില്‍ നിന്നും അകലെ ഒരു കൊച്ചു പട്ടണത്തിലാണ്. അവിടെ അപ്പോഴും പക്ഷികളുടെ ശബ്ദം അപരിചിതമായിരുന്നില്ല. ആദ്യകാല റായ് ചിത്രങ്ങളില്‍ ജീവിതം മെച്ചപ്പെടുത്തുവാനുള്ള ആകാംഷയോടെ നഗരത്തിലേക്ക് ചേക്കേറിയിരുന്ന കഥാപാത്രങ്ങള്‍ക്ക് പകരം കല്‍ക്കത്ത ത്രയത്തിലെ ആദ്യ ചിത്രമായ പ്രതിദ്വന്ദിയില്‍ (1970) തൊഴിലില്ലായ്മയും അഴിമതിയും നിറഞ്ഞ നഗരത്തില്‍ നിന്ന് വിട്ടുപോവുകയാണ് നായകന്‍. തുടര്‍ന്ന് 1971 ല്‍ ബംഗാളിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരില്‍ ഒരാളായ ശങ്കറിന്റെ ‘സീമാബദ്ധ’ എന്ന നോവലാണ് കല്‍ക്കത്ത ത്രയത്തിലെ രണ്ടാം സിനിമയ്ക്കായി റായ് തിരഞ്ഞെടുത്തത്. ‘സീമാബദ്ധ’ എന്ന വാക്ക് മലയാളത്തില്‍ ‘ക്ലിപ്തം’ എന്നാണ്. എല്ലാ ലിമിറ്റഡ് കമ്പനികളുടെയും പേരിനോട് ചേര്‍ന്നുവരുന്ന വാക്ക്. ‘ബാധ്യതകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു’ എന്നര്‍ത്ഥം. പ്രതിദ്വന്ദി കല്‍ക്കത്ത എന്ന നഗരത്തില്‍ വളര്‍ന്നുവരുന്ന കാപട്യവും അഴിമതിയും ദാരിദ്ര്യവും തൊഴിലില്ലായ്മയുമൊക്കെ ചര്‍ച്ച ചെയ്തപ്പോള്‍ ‘സീമാബദ്ധ’ അതേ നഗരത്തിന്റെ മറ്റൊരു മുഖമാണ് അനാവരണം ചെയ്തത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസായങ്ങളുടെയും സ്വാതന്ത്ര്യശേഷം ഉപഭോക്തൃ വസ്തുക്കളുടെ വിപണി വാനോളം വളര്‍ന്നതിന്റെയും കാലഘട്ടം കൂടിയായിരുന്നു എഴുപതുകള്‍. ഉല്പാദനം പരിമിതമായിരുന്ന ആ കാലഘട്ടത്തില്‍ മോട്ടോര്‍ വാഹനങ്ങള്‍ മുതല്‍ ടേബിള്‍ഫാന്‍ വരെയുള്ള സകല ഉപഭോഗ വസ്തുക്കളും ചൂടപ്പംപോലെ വിറ്റുപോയിരുന്നു. പുതുതായി ഉയര്‍ന്നുവന്ന നിര്‍മ്മാണശാലകളില്‍ ഒരു പുതിയ ഉദ്യോഗസ്ഥവര്‍ഗം ഉദയം ചെയ്തു. മാനേജ്മെന്റ് എക്സിക്യൂട്ടീവ് കമ്പനികളുടെ വളര്‍ച്ചയ്ക്കൊപ്പം കമ്പനി ഡയറക്ടര്‍മാരായി മാറുന്നവര്‍. പട്നയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യം പഠിച്ച് യാദൃശ്ചികമായി കല്‍ക്കത്തയിലെ ഒരു ബ്രിട്ടീഷ് ഫാന്‍ നിര്‍മ്മാണ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരായി ജോലി കിട്ടുന്ന ശ്യാമള്‍ ആണ് കല്‍ക്കത്തയടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലെ ഈ പുതിയ വളര്‍ച്ചയുടെ ലോകം അടയാളപ്പെടുത്തുന്നത്. തെരുവിലെ ചൂടും പുകയും വമിക്കുന്ന കല്‍ക്കത്തയില്‍ നിന്ന് ഈ ലോകം ഭിന്നമാണ്. കമ്പനി ഫ്ളാറ്റിലെ ജീവിതവും ക്ലബ്ബുകളും പ്രമോഷനുവേണ്ടിയുള്ള കാക്കപിടുത്തങ്ങളും ഉയര്‍ന്ന ശമ്പളവുമൊക്കെയായി സുഭിക്ഷതയുടെയും പൊങ്ങച്ചത്തിന്റെയും മറ്റൊരു ലോകം.


ഇതുകൂടി വായിക്കാം; ഒരേയൊരു റായ്


മുമ്പ് അധ്യാപകനായിരുന്ന ഷേക്സ്പിയറിലെ പ്രാവീണ്യം കൊണ്ട് ജോലി ലഭിച്ച, എക്സിക്യൂട്ടീവുകളുടെ ലോകത്തെ കാപട്യങ്ങളോടും നാട്യങ്ങളോടും പൊരുത്തപ്പെടാനാവാത്ത മനസുള്ള ശ്യാമള്‍ ഒടുക്കം കമ്പനിയുടെ ഒരു കോണ്‍ട്രാക്ട് നഷ്ടപ്പെടുത്താതിരിക്കാന്‍ ആസൂത്രണം ചെയ്ത ഒരു സമരത്തില്‍ ഒരു പാവം വാച്ച്മാന്‍ കൊല്ലപ്പെടുന്നു. പക്ഷെ, കമ്പനി സന്നിഗ്ധഘട്ടത്തില്‍ നിന്ന് രക്ഷപ്പെടുകയും ശ്യാമളിന് ജോലിക്കയറ്റം ലഭിക്കുകയും ചെയ്യുന്നു. സ്വയം വെറുത്ത് കരയുന്ന ശ്യാമളിനെ കണ്ട് കൊല്ലപ്പെട്ട വാച്ച്മാന് പകരക്കാരനായി എത്തിയ ആള്‍ ഇങ്ങനെ ചിന്തിക്കുന്നു; ‘വലിയ ബാബുമാരൊക്കെ ഇങ്ങനെയാവും സന്തോഷത്തിന്റെ നിമിഷങ്ങളില്‍ ഏങ്ങിയേങ്ങി കരയുന്നു’ ‘സീമാബദ്ധ’ ഒരു പുതിയ കല്‍ക്കത്തയുടെ ഉദയമാണ് ചിത്രീകരിച്ചത്. മഹാനഗരങ്ങളില്‍ അതിവേഗം വളരുന്ന വ്യവസായങ്ങളുടെയും പുതിയ ഭരണവര്‍ഗത്തിന്റെയും ജീവിതം, ‘ലാഭം’ എന്നതില്‍ മാത്രം അധിഷ്ഠിതമായ ഒരു തത്വശാസ്ത്രം അവലംബിച്ചുള്ള ജീവിതം, മറ്റൊരു മൂല്യത്തിനും സ്ഥാനമില്ല. ‘സീമാബദ്ധ’ കാണിച്ചുതരുന്ന ഈ വളര്‍ച്ചതന്നെയാണ് ‘പ്രതിദ്വന്ദി‘യിലെ അഴിമതിയും ദാരിദ്ര്യവും നിറഞ്ഞ മറ്റൊരു ലോകത്തെ അതേ നഗരത്തില്‍ സൃഷ്ടിക്കുന്നത്. ഇവ രണ്ടും പരസ്പര പൂരകമായി നിലനില്ക്കുന്നു. ‘സീമാബദ്ധ’യില്‍ കൊല്ലപ്പെടുന്ന വാച്ച്മാന്‍ പ്രതിദ്വന്ദിയിലെ ഒരു തൊഴിലിനായി അലയുന്നവരുടെ പ്രതിനിധിയാണ്. കല്‍ക്കത്താ ത്രയത്തിലെ മൂന്നാമത്തെ റായ് ചിത്രം 1975 ല്‍ പുറത്തിറങ്ങിയ ‘ജന ആരണ്യ’ ആണ്. ശങ്കറിന്റെ തന്നെ ബംഗാളിയില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട നോവലുകളിലൊന്നാണ് ‘ജന ആരണ്യ’. കല്‍ക്കത്ത ത്രയത്തില്‍ റായി തിരഞ്ഞെടുത്ത മൂന്നു ചിത്രങ്ങളില്‍ രണ്ടും ശങ്കറിന്റേതായത് യാദൃശ്ചികമല്ല. ശങ്കറിന്റെ നോവലുകള്‍ ബംഗാളിയുടെ മനസില്‍ അത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുള്ളവയാണ്. ജന ആരണ്യ എന്ന പദത്തിന്റെ നേര്‍ തര്‍ജമ ജനങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട വനം എന്നാണെങ്കിലും റായ് അതിന് നല്കിയ ഇംഗ്ലീഷ് തര്‍ജമ ‘The Mid­dle man’ അഥവാ ‘ദല്ലാള്‍’ എന്നാണ്. തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും കാപട്യത്തിന്റെയും മുഖമുദ്രയായി വളരുന്ന നഗരത്തില്‍ ഏറ്റവും പ്രസക്തനായ വ്യക്തി ‘ദല്ലാള്‍’ ആവുന്നു. കച്ചവടത്തിലെ ഇടനിലക്കാരന്‍ അഥവാ ബ്രോക്കര്‍ ആണ് ദല്ലാള്‍. അഴിമതിയുടെ ലോകത്ത് സ്വന്തം ധനലാഭമല്ലാതെ മറ്റൊരു മൂല്യത്തിനും പ്രസക്തിയില്ലാത്ത ലോകത്ത് ഏറ്റവും പ്രസക്തനായ വ്യക്തി ഇടനിലക്കാരന്‍ തന്നെയാണ്. കമ്പനികളെ സ്വന്തം ഉല്പന്നം വിറ്റഴിക്കാനും വ്യക്തികള്‍ക്ക് സ്വകാര്യ നേട്ടങ്ങള്‍ സംഘടിപ്പിക്കുവാനും വേശ്യകള്‍ക്ക് ഇടപാടുകാരെ എത്തിക്കാന്‍വരെ ദല്ലാള്‍ ആവശ്യമായി വരുന്നു. സോമനാഥ് എന്ന ചെറുപ്പക്കാരന്‍ നന്നായി പഠിച്ച ഒരു വിദ്യാര്‍ത്ഥിയായിരുന്നു. നീതിനിഷ്ഠനായ അച്ഛന്റെ‍ മകന്‍. എഴുപതുകളിലെ അരാജകത്വം നിറഞ്ഞ കോളജ് അന്തരീക്ഷത്തില്‍ എല്ലാവരും കോപ്പിയടിച്ചുകൊണ്ടിരുന്ന പരീക്ഷാ മുറിയില്‍ തന്റെ വിജ്ഞാനം മാത്രം പരീക്ഷാ പേപ്പറില്‍ പകര്‍ത്തിയവന്‍. പക്ഷെ അയാളുടെ ഉത്തരക്കടലാസ് ശരിയായ വിധത്തില്‍ മൂല്യനിര്‍ണയം നടത്തപ്പെടുന്നില്ല. കണ്ണടയില്ലാത്ത വൃദ്ധനായ ഉത്തരക്കടലാസ് പരിശോധകന്‍ മിനിമം പാസ് മാര്‍ക്കു മാത്രം നല്കുന്നു. തെരുവില്‍ ഒരു പഴത്തൊലിയില്‍ തട്ടിവീഴുന്ന സോമനാഥ് ആ സംഭവത്തിലൂടെ പരിചയപ്പെടുന്ന ബിഷുദാ എന്ന ഇടനിലക്കാരന്‍ അയാളെ സ്വന്തമായി ഒരു വ്യാപാര ഏജന്റ് ആവാന്‍ ക്ഷണിക്കുന്നു. ജനനിബിഡമായ ബുരാബസാറിലെ ദല്ലാള്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു കെട്ടിടത്തിലെ ഒരു മേശയും കസേരയും സ്വന്തമാക്കാന്‍ ബിഷുദാ സോമനാഥിനെ സഹായിക്കുന്നു. ഇടനിലക്കാരുടെ സങ്കീര്‍ണമായ കച്ചവട ലോകത്തെ കള്ളത്തരങ്ങളും കുതികാല്‍ വെട്ടും അധാര്‍മികതയും അതിന്റെ ഭാഗമായി മാറേണ്ടിവരുന്ന വിദ്യാസമ്പന്നനും സാമൂഹ്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നവനുമായ ഒരു ചെറുപ്പക്കാരന്റെ മാനസിക സംഘര്‍ഷവുമാണ് ഉപരിതലത്തില്‍ ജന ആരണ്യയുടെ പ്രമേയം. പക്ഷെ, മാറിയ കല്‍ക്കത്തയുടെ അല്ലെങ്കില്‍ ഏതൊരു ഇന്ത്യന്‍ മഹാനഗരത്തിന്റെയും ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ യഥാര്‍ത്ഥ ചിത്രീകരണമായി അത് മാറുന്നു. ഏറ്റക്കുറച്ചിലുകളോടെ സത്യജിത് റായിയുടെ കല്‍ക്കത്ത ത്രയം കല്‍ക്കത്തയുടെ മാത്രമല്ല, ഇന്ത്യയിലെ ഏതൊരു മഹാ നഗരത്തിന്റെയും ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലനമാണ്. എഴുപതുകളിലെ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവിനു പകരം രണ്ടായിരത്തില്‍ ഐ ടി പ്രൊഫഷണല്‍ വന്നിരിക്കാം. എഴുപതുകളിലെ പീറ്റേഴ്സണ്‍ ഫാന്‍ കമ്പനിക്കു പകരം രണ്ടായിരങ്ങളില്‍ മൊബൈല്‍ ഫോണ്‍ കമ്പനിയോ ടെലിവിഷന്‍ കമ്പനിയോ ആയിരിക്കും. കമ്പനികളുടെയും ഇടനിലക്കാരുടെയും വേഷമോ ഭാഷയോ മാറിയിരിക്കാം. പക്ഷെ, അതേ യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്കുന്നു. ഒരുപക്ഷെ, എഴുപതുകളേക്കാള്‍ രൂക്ഷമായി. ചലച്ചിത്രങ്ങളായാലും മറ്റേതു സാഹിത്യ രൂപങ്ങളായാലും അവ കാലത്തെ അതിജീവിക്കുന്നത് കാലാതിവര്‍ത്തിയായ യാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിക്കുമ്പോഴാണ് എന്ന സത്യം റായ് സിനിമകള്‍ ഒന്നുകൂടി ഉറപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.