ഇന്ത്യയിലേക്ക് പുതിയ ചരക്ക് കപ്പല്‍ പാത തുറന്ന് സൗദി അറേബ്യ. ചെങ്കടലിലെ ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തെ ഇന്ത്യയിലെ മുന്ദ്ര, നവ ഷെവ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിംഗ് റൂട്ട് സൗദി അറേബ്യ ആരംഭിച്ചിരിക്കുന്നത്. സെപ്തംബർ മുതൽ കിംഗ്ഡംസ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ(പിഐഎഫ്) അനുബന്ധ സ്ഥാപനമായ ഫോക്ക് മാരിടൈം സർവീസസായിരിക്കും ഈ തുറമുഖങ്ങള്‍ക്കിടയില്‍ സർവ്വീസ് നടത്തുക. സൗദി അറേബ്യന്‍ തുറമുഖത്ത് നിന്നും പത്ത് ദിവസത്തെ ദൈർഘ്യമായിരിക്കും ഇന്ത്യയിലേക്ക് എത്താന്‍ വേണ്ടി വരികയും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ റൂട്ടിലൂടെ ഇന്ത്യയിലേക്ക് പെട്രോകെമിക്കല്‍ ഉത്പന്നങ്ങളും ഇന്ത്യയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടേയുള്ളവയുമായിരിക്കും പ്രധാന വ്യാപാര ചരക്കുകള്‍.
പുതിയ പാത ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. ഇന്ത്യയിലേക്കുള്ള സർവീസിന് പുറമേ, ഒമാനിലെ അസൈദുമായി ഒരു വെസൽ ഷെയറിംഗ് എഗ്രിമെൻ്റിലും(വിഎസ്എ) ഫോക്ക് മാരിടൈം ഒപ്പുവച്ചിട്ടുണ്ട്. ഈ റൂട്ടിലും കമ്പനി ഒരു പുതിയ കപ്പല്‍ സർവ്വീസ് ആരംഭിക്കും. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിന്റെ വളർച്ചയെ പ്രതിനിധീകരിക്കുന്നതാണ് പുതിയ റൂട്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇത് ശക്തിപ്പെടുത്തുന്നുവെന്നും കമ്പനി ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. പുതിയ സേവനം സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനോടൊപ്പം വ്യവസായികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാണെന്നും ഫോക്ക് മാരിടൈം സിഇഒ പോൾ ഹെസ്റ്റ്ബേക്ക് എടുത്തുപറഞ്ഞു. കണക്‌റ്റിവിറ്റിയും സമുദ്രഗതാഗത മേഖലയിലേയും വികസനവും വർധിപ്പിച്ച് സൗദിയെ ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബായി മാറ്റുകയെന്ന സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണ് ഈ പുതിയ കപ്പല്‍ പാതയെന്നും ഹെസ്റ്റ്ബേക്ക് വ്യക്തമാക്കി.
പുതിയ പദ്ധതി ഉപഭോക്താക്കൾക്ക് സുസ്ഥിരമായ അവസരം വാഗ്ദാനം ചെയ്യുന്നതായി ഫോക്ക് മാരിടൈമിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സലീം കാദർനാനിയും പറഞ്ഞു. അതേസമയം, കേരളത്തില്‍ നിന്നും യുഎഇയിലേക്കുള്ള യാത്രകപ്പല്‍ സർവ്വീസ് ആരംഭിക്കുന്നതിനുള്ള ചർച്ചകള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. സർവ്വീസിനായി നിരവധി കപ്പല്‍ കമ്പനികള്‍ താല്‍പ്പര്യം അറിയിച്ചിരുന്നു എങ്കിലും രണ്ട് കമ്പനികളാണ് അന്തിമ ചുരുക്കപ്പട്ടികയിലുള്ളത്. കേരള മാരിടൈം ബോര്‍ഡ് ആണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കോഴിക്കോട് കേന്ദ്രമായുള്ള ജബല്‍ വെഞ്ചറസ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ കേന്ദ്രമായുള്ള വൈറ്റ് ഷിപ്പിങ് എന്നീ കമ്പനികളാണ് ചുരുക്കപ്പട്ടികയില്‍. ദുബായിലേക്കുള്ള യാത്രയ്ക്ക് 10,000 രൂപയില്‍ താഴെയാകും ടിക്കറ്റ് നിരക്ക് എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.