22 January 2026, Thursday

ഗാന്ധിക്ക് മുകളിൽ സവര്‍ക്കര്‍; പെട്രോളിയം മന്ത്രാലയത്തിന്‍റെ സ്വാതന്ത്ര്യ ദിന പോസ്റ്ററിനെതിരെ രൂക്ഷ വിമർശനം

Janayugom Webdesk
ന്യൂഡല്‍ഹി
August 15, 2025 1:27 pm

രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറത്തുവിട്ട പോസ്റ്റർ വിവാദത്തിൽ. മഹാത്മാഗാന്ധിക്കൊപ്പം ഹിന്ദുത്വ ആശയങ്ങളുടെ വക്താവായ വി ഡി സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെയാണ് രൂക്ഷ വിമർശനം ഉയരുന്നത്. ‘നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ നമുക്ക് ഓർമിക്കാം’ എന്ന അടിക്കുറിപ്പോടെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റർ പങ്കുവെച്ചത്. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് എന്നിവർക്കൊപ്പം സവർക്കറും പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാണ്.

സ്വാതന്ത്ര്യസമരകാലത്ത് ആൻഡമാൻ ജയിലിൽനിന്ന് മോചിതനാകാൻ ബ്രിട്ടീഷ് സർക്കാരിന് ദയാഹർജി നൽകിയ സവർക്കറെ സ്വാതന്ത്ര്യസമര പോരാളിയാക്കാൻ സംഘപരിവാർ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. പോസ്റ്ററിൽ ഗാന്ധിജിക്ക് മുകളിലാണ് സവർക്കറുടെ ചിത്രം സ്ഥാപിച്ചിട്ടുള്ളത്. പോസ്റ്ററിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.