
എസ്ബിഐ കാർഡ് സേവന നിരക്കുകളിലും ഫീസ് ഘടനയിലും മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതുക്കിയ ചാർജുകൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള തുകകൾ, മൊബൈൽ വാലറ്റുകളിലേക്കുള്ള പണം ലോഡിങ്, കാർഡ് മാറ്റി നൽകുന്നതിനുള്ള ഫീസ്, ലേറ്റ് ഫീസ് എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ വന്നിട്ടുള്ളത്. സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി ഫീസുകൾ ഇനി തേർഡ്-പാർട്ടി ആപ്പുകൾ വഴി അടയ്ക്കുമ്പോൾ ട്രാൻസാക്ഷൻ തുകയുടെ 1% അധിക ചാർജ് ഈടാക്കും. എന്നാൽ, സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ, അവിടുത്തെ പിഒഎസ് മെഷീനുകൾ വഴിയോ നേരിട്ട് പേയ്‌മെന്റ് നടത്തിയാൽ ഈ ചാർജ് ബാധകമാവുകയില്ലെന്ന് എസ്ബിഐ കാർഡ് വ്യക്തമാക്കിയിട്ടുണ്ട്.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മൊബൈൽ വാലറ്റുകളിലേക്ക് പണം ചേർക്കുന്നതിന് പുതിയ ഫീസ് നിലവിൽ വന്നു. 1,000 രൂപയിൽ കൂടുതലുള്ള ഓരോ വാലറ്റ് ലോഡിങ്ങിനും 1% ഫീസ് ഈടാക്കും. കൂടാതെ, ക്രെഡിറ്റ് കാർഡ് വഴി പണം കൈവശം എടുക്കുന്നതിനുള്ള ഫീസ് ഇടപാട് തുകയുടെ 2.5% ആയിരിക്കും, ഇത് കുറഞ്ഞത് 500 രൂപയാണ്.കാർഡ് മാറ്റി നൽകുന്നതിനുള്ള ഫീസ് 100 രൂപ മുതൽ 250 രൂപ വരെയാണ്. പ്രീമിയം ‘ഓറം’ കാർഡുകൾക്ക് ഇത് 1,500 രൂപയാകും. ചെക്ക് പേയ്‌മെന്റ് ഫീസ് 200 രൂപയും, ക്യാഷ് പേയ്‌മെന്റ് ഫീസ് 250 രൂപയുമാണ്. പേയ്‌മെന്റ് മടങ്ങിയാൽ പേയ്‌മെന്റ് തുകയുടെ 2% (കുറഞ്ഞത് 500 രൂപ) പിഴ ഈടാക്കും.
നിശ്ചിത സമയത്തിനുള്ളിൽ മിനിമം പേയ്‌മെന്റ് തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ, അടയ്‌ക്കേണ്ട തുക 500 രൂപ വരെയാണെങ്കിൽ ചാർജ് ഉണ്ടാകില്ല. എന്നാൽ 500 രൂപ മുതൽ 1,000 രൂപ വരെ 400 രൂപയും, 1,000 രൂപ മുതൽ 10,000 രൂപ വരെ 750 രൂപയും, 50,000 രൂപയ്ക്ക് മുകളിലാണെങ്കിൽ 1,300 രൂപയും വരെ ലേറ്റ് ഫീസ് ഈടാക്കും. തുടർച്ചയായി രണ്ട് ബില്ലിങ് സൈക്കിളുകളിൽ മിനിമം തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ, അധികമായി 100 രൂപ ലേറ്റ് പേയ്‌മെന്റ് ചാർജ് ഈടാക്കുമെന്നും എസ്ബിഐ കാർഡ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.