വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ബിഐ ജീവനക്കാര്‍ പണിമുടക്കി. എസ്ബിഐയിൽ ബാങ്കിംഗ് സേവനങ്ങളെ തകിടം മറിക്കും വിധമുള്ള വിൽപന — വിപണന പദ്ധതി പിൻവലിക്കുക, ജീവനക്കാരുടെ ഒഴിവുകൾ നികത്തുക, ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുക, അന്തസ്സുള്ള തൊഴിൽ- ജീവിത സാഹചര്യങ്ങളും മൂല്യാധിഷ്ഠിത തൊഴിൽശക്തി സൗഹൃദ നയങ്ങളും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ആഹ്വാനം പ്രകാരം ഇന്ന് എസ്ബിഐ ജീവനക്കാർ പണിമുടക്കി.
പണിമുടക്കിയ ജീവനക്കാർ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം, പൊതുയോഗങ്ങൾ നടത്തി.
പരിഷ്ക്കാരങ്ങൾ സാമൂഹ്യനീതിയെ നിരാകരിക്കരുത്; വി എം സുധീരൻ
എസ് ബി ഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകൾ സാമ്പത്തിക‑സാമൂഹ്യ വികാസങ്ങൾക്കും സമത്വങ്ങൾക്കുമായി നിലകൊള്ളേണ്ടതുണ്ടെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ പറഞ്ഞു. തിരുവനന്തപുരത്ത് ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് കാര്യാലയത്തിനു മുന്നിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നെഹ്റുവിയൻ നയങ്ങളിൽ നിന്നും വ്യതിചലിച്ചത് അസമത്വങ്ങൾ വർദ്ധിക്കാനിടയാക്കി എന്ന് വി എം സുധീരൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്തു വർഷക്കാലയളവിൽ പതിമൂന്നു ലക്ഷം കോടി രൂപയാണ് ബാങ്കുകൾ എഴുതി തള്ളിയത്. വൻകിട കമ്പനികളുടെ ഈ കിട്ടാക്കടങ്ങൾ എഴുത്തിത്തള്ളുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ഇടപാടുകളിലെ ഉയർന്ന സേവന നിരക്കുകളിലും ചെറുകിട വ്യവസായ — വിദ്യാഭ്യാസ വായ്പകളുടെ വർദ്ധിക്കുന്ന പലിശ നിരക്കുകളിലും പ്രകടനമാകുകയാണ്. കൂടാതെ ഒഴിവുകളുണ്ടായിട്ടും ചെലവുചുരുക്കലിന്റെ പേരിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നില്ല. എസ്ബിഐയിൽ മാത്രം 30000 ജീവനക്കാരുടെ കുറവുണ്ട്. ഉദ്യോഗസ്ഥക്ഷാമം ബാങ്കിംഗ് സേവനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
കാർഷിക- ചെറുകിട വ്യവസായ മേഖലയിൽ നേരിട്ടു വായ്പാ വിതരണം നടത്താതെ അദാനി കാപ്പിറ്റൽ പോലുള്ള സ്വകാര്യ ധനകാര്യ കമ്പനികൾ വഴി പോകുന്നത് അപകടമാണ്. കേരളത്തിൽ എസ്ബിഐയുടെ വായ്പാ നിക്ഷേപ അനുപാതം ഉയർത്തുകയും മുൻഗണനാ വിഭാഗം വായ്പാ വിതരണം വർദ്ധിപ്പിക്കുകയും വേണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടു. ശാഖകളിലെ ആൾ ക്ഷാമം പരിഹരിക്കാതെയും ഉള്ള ജീവനക്കാരെ പിൻവലിച്ചുകൊണ്ടും നടപ്പാക്കുന്ന എസ്ബിഐയിലെ പുതിയ പരിഷ്ക്കാരമായ വിപണന ‑വിൽപന ബിസിനസ് മാതൃക പിൻവലിക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടു.
എഐടിയുസി സെക്രട്ടറി കെ പി ശങ്കരദാസ്, എഐബിഇഎ ദേശീയ ജോയിൻ്റ് സെക്രട്ടറി കെ എസ് കൃഷ്ണ, ടി എസ്ബി ഇ എ സംസ്ഥാന പ്രസിഡന്റ് എസ് സുരേഷ് കുമാർ, എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു, എസ്ബിടി ഇ യു മുൻ ജനറൽ സെക്രട്ടറി കെ ചന്ദ്രശേഖരൻ നായർ, ടി എസ്ബി ഇ എനേതാക്കളായ ആർ സന്തോഷ് കുമാർ, എം ഷാഫി, സയൺ ഡി ജോസഫ്, എകെബി ഇഎഫ് ജില്ലാ സെക്രട്ടറി സുബിൻ ബാബു, റിട്ടയറീസ് ഫെഡ. ജില്ലാ പ്രസിഡൻ്റ് എസ് പ്രഭാദേവി, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ പ്രസിഡന്റ് വി എം അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
English Summary: SBI employees went on strike
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.