
ഉത്തരാഖണ്ഡിലെ ഹൽദ്വാനി റെയിൽവേ കോളനിയിലെ താമസക്കാരെ പുനരധിവസിപ്പിക്കാതെ ഒഴിപ്പിക്കരുതെന്ന് സുപ്രീം കോടതി. റെയിൽവേ ഭൂമിയിലെ താമസക്കാർക്ക് അവിടെ തുടരാൻ നിയമപരമായ അവകാശമില്ലെന്ന് നിരീക്ഷിച്ച കോടതി, എന്നാൽ പതിറ്റാണ്ടുകളായി താമസിക്കുന്നവരെ മാനുഷിക പരിഗണനയില്ലാതെ പുറത്താക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ‌്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
റെയിൽവേ വികസനത്തിന് ഭൂമി ആവശ്യമാണെങ്കിലും, 50,000ത്തോളം വരുന്ന താമസക്കാരെ പുനരധിവസിപ്പിക്കുന്നതിന് മുൻഗണന നൽകണം. ഇവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നൽകാൻ കോടതി നിര്‍ദേശിച്ചു. ഹർജിക്കാരുടെ ആവശ്യം പരിഗണിച്ച്, റംസാൻ മാസത്തിന് ശേഷം പുനരധിവാസത്തിനായുള്ള അപേക്ഷകൾ സ്വീകരിക്കാൻ ക്യാമ്പുകൾ തുടങ്ങണം. മാർച്ച് 31നകം അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ നൈനിറ്റാൾ ജില്ലാ കളക്ടർക്കും ഹൽദ്വാനി അധികൃതർക്കും കോടതി നിര്‍ദേശം നൽകി. കുടിയൊഴിപ്പിക്കൽ നടപടികൾക്ക് സ്റ്റേ അനുവദിച്ചില്ലെങ്കിലും, പുനരധിവാസ നടപടികൾ പൂർത്തിയാക്കാതെ പൊളിക്കലുമായി മുന്നോട്ടുപോകരുതെന്ന് നിര്‍ദേശിച്ചു. യോഗ്യരായ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി ആറ് മാസത്തേക്ക് മാസം 2,000 രൂപ വീതം നൽകാനും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.