ഓഡിറ്റോറിയമടക്കം സ്കൂളുകളുടെ സൗകര്യങ്ങൾ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികൾക്ക് വിട്ടുനൽകരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ് വിദ്യാലയങ്ങൾ. കുട്ടികളുടെ ബുദ്ധിവികാസമടക്കം അവരുടെ പൊതുവായ വളർച്ചക്ക് വേദിയാകേണ്ട ഇടമാണ് വിദ്യാലയങ്ങൾ. പൊതുസ്വത്തായതിനാൽ സർക്കാർ സ്കൂളുകൾ വിദ്യാഭ്യാസപരമല്ലാത്ത കാര്യങ്ങൾക്കുപോലും ഉപയോഗിക്കാമെന്ന സങ്കൽപ്പം പഴഞ്ചനാണ്. കുട്ടികളെ മികച്ച പൗരന്മാരായി വളർത്താൻ കഴിയും വിധം വിദ്യാഭ്യാസത്തിന്റെ അത്യുന്നതങ്ങളിലെത്തിക്കാൻ ശ്രമിക്കുന്ന ആധുനിക കാലത്ത് നമ്മുടെ ചിന്തകൾക്കും മാറ്റമുണ്ടാകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം മണ്ണന്തല ഗവ. സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം മതപരമായ ഒരു ചടങ്ങിന് വിട്ടുനൽകാത്ത പ്രധാന അധ്യാപികയുടെ നടപടി ചോദ്യം ചെയ്ത് എസ്എൻഡിപി യോഗം മണ്ണന്തല ശാഖ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. സ്കൂൾ സമയത്തിന് ശേഷം പരിപാടി സംഘടിപ്പിക്കാനാണ് അനുമതി തേടിയതെന്നും കാരണമില്ലാതെയാണ് ആവശ്യം നിരസിച്ചതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. മറ്റ് പല സംഘടനകളുടെയും പരിപാടികൾക്ക് സ്കൂൾ മൈതാനം മുമ്പ് വിട്ടുനൽകിയതും ചൂണ്ടിക്കാട്ടി. എന്നാൽ, കുട്ടികളുടെ താൽപ്പര്യങ്ങൾക്ക് വേണ്ടിയല്ലാതെ മറ്റൊന്നിനും സ്കൂളും സൗകര്യങ്ങളും ഉപയോഗിക്കാനാവില്ലെന്ന ഹൈക്കോടതിയുടെ തന്നെ മുൻ ഉത്തരവുകൾ മുൻനിർത്തിയാണ് പ്രധാന അധ്യാപിക ഈ നിലപാട് സ്വീകരിച്ചതെന്ന് കോടതി വ്യക്തമാക്കി.
സാധാരണ കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നിടങ്ങളാണ് സർക്കാർ സ്കൂളുകൾ. ഈ കുട്ടികളെ സാധ്യമായത്രയും ഉന്നതിയിലെത്തിക്കുകയെന്നത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടുത്തരവാദിത്തമാണ്. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നും കോടതി കൂട്ടിച്ചേർത്തു.
English Summary:School auditorium and grounds not to be given for other purposes: High Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.