
ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ ഒരു സ്കൂൾ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ 14 ആയി. ഇനിയും നിരവധി വിദ്യാർത്ഥികളെ കണ്ടെത്താനായിട്ടില്ലെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കിഴക്കൻ ജാവയിലെ സിഡോർജോയിലുള്ള നൂറ്റാണ്ട് പഴക്കമുള്ള അൽ ഖോസിനി ഇസ്ലാമിക് ബോർഡിങ് സ്കൂളിന്റെ പ്രാർത്ഥനാ ഹാൾ തകർന്ന് വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറുകണക്കിന് ആളുകളാണ് അകപ്പെട്ടത്. തിങ്കളാഴ്ച മുതൽ രക്ഷാപ്രവർത്തകർ കൈകൊണ്ട് അവശിഷ്ടങ്ങൾ നീക്കി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. എന്നാൽ, വ്യാഴാഴ്ചയോടെ ജീവന്റെ ഒരു സൂചനയും ലഭിക്കാത്തതിനെ തുടർന്ന് ജാക്ക്ഹാമറുകളോടുകൂടിയ ഹെവി എക്സ്കവേറ്ററുകൾ ഉപയോഗിച്ച് പ്രവർത്തനം വേഗത്തിലാക്കി.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഒൻപത് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ മരണസംഖ്യ 14 ആയി ഉയര്‍ന്നു. ഇപ്പോഴും 50-ഓളം വിദ്യാർഥികളെ കാണാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹങ്ങളിൽ രണ്ടെണ്ണം പ്രാർത്ഥനാ ഹാളിലും ഒരെണ്ണം പുറത്തേക്കുള്ള വാതിലിനടുത്തുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് സൂചന.
അപകടത്തിൽപ്പെട്ടവരിൽ കൂടുതലും 12നും 19നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ്. പെൺകുട്ടികൾ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് പ്രാർത്ഥിക്കുകയായിരുന്നതിനാൽ അവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞു. രണ്ട് നിലകളുള്ള കെട്ടിടത്തിന് അനുമതിയില്ലാതെ രണ്ട് നിലകൾ കൂടി നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. കോൺക്രീറ്റ് ഒഴിക്കുന്ന സമയത്ത് പഴയ കെട്ടിടത്തിന്റെ അടിത്തറയ്ക്ക് ഭാരം താങ്ങാൻ കഴിഞ്ഞില്ലെന്നും ഇത് തകർച്ചയ്ക്ക് കാരണമായെന്നും പൊലീസ് പറഞ്ഞു. സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.