12 December 2025, Friday

Related news

December 8, 2025
December 6, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
December 1, 2025
December 1, 2025
November 20, 2025
November 19, 2025

സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് ആലപ്പുഴയില്‍; പാഠപുസ്തകങ്ങള്‍ 23ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

സ്വന്തം ലേഖകൻ
തിരുവനന്തപുരം
April 20, 2025 9:46 pm

പുതിയ അധ്യയന വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണോദ്ഘാടനവും ബുധനാഴ്ച ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി നിർവഹിക്കും.

മേയ് പത്തോടെ 3.80 കോടി പാഠപുസ്തകങ്ങളും വിദ്യാലയങ്ങളിലെത്തും. പുതുക്കിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും സംബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും മേയ് 13 മുതല്‍ അഞ്ച് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ മുഴുവൻ ഒമ്പതാം ക്ലാസ് പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് വിതരണം ചെയ്യാനായത് ചരിത്രമാണ്. പരിഷ്കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വർഷം പരിഷ്കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ 238 ടൈറ്റിൽ പാഠപുസ്തകങ്ങളും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ 205 ടൈറ്റില്‍ പാഠപുസ്തകങ്ങളുമാണ് രണ്ടുവർഷം കൊണ്ട് പരിഷ്കരിച്ചത്. 

പരിഷ്കരണത്തിന്റെ ഭാഗമായി പ്രൈമറി തലങ്ങളിൽ കായിക വിദ്യാഭ്യാസത്തിനായി ഹെൽത്തി കിഡ്സ് എന്നുള്ള പ്രത്യേക പുസ്തകവും ഒന്നു മുതൽ പത്താം വരെയുള്ള കുട്ടികൾക്ക് യോഗ പരിശീലനത്തിനായി പ്രത്യേക പാഠപുസ്തകവും കല, വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നീ മേഖലകളിലും പ്രത്യേക പാഠപുസ്തകങ്ങൾ തയ്യാറാക്കി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷി, പാർപ്പിടം വസ്ത്രം, സാമ്പത്തിക സാക്ഷരത, പാഴ്‌വസ്തു പരിപാലനം, പ്രിന്റിങ് ആന്റ് സ്റ്റേഷനറി, പ്ലംബിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, ഭക്ഷ്യവ്യവസായം, ടൂറിസം, മാധ്യമങ്ങളും വിനോദങ്ങളും, കരകൗശലം, എന്നീ മേഖലകളിൽ അഞ്ചു മുതൽ പത്ത് വരെ പ്രത്യേകം പാഠപുസ്തകങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.