23 December 2024, Monday
KSFE Galaxy Chits Banner 2

സംസ്ഥാന സ്കൂൾ കലോത്സവം: മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും

സ്വർണ്ണക്കപ്പിനെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ വരവേൽക്കും
Janayugom Webdesk
കോഴിക്കോട്
January 1, 2023 7:23 pm

സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. കോഴിക്കോട് മോഡൽ സ്കൂളിൽ തിങ്കളാഴ്ച രാവിലെ 10 മണിക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി രജിസ്ട്രേഷൻ കൗണ്ടർ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് — ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കും. പ്രോഗ്രാം കമ്മിറ്റി തയ്യാറാക്കിയ ജില്ലയുടെ പാർട്ടിസിപ്പന്റ്സ് കാർഡ് സ്വീകരിക്കുന്ന ചടങ്ങും ഏറ്റുവാങ്ങുന്ന ചടങ്ങും നടക്കും.

കലോത്സവത്തിനായി കോഴിക്കോട് എത്തുന്ന ആദ്യ ജില്ലാ ടീമിന് രാവിലെ ഒമ്പത് മണിക്ക് റെയിൽവേ സ്റ്റേഷനിൽ റിസപ്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. 10. 10 ന് പബ്ലിസിറ്റി കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ‘ഡോക്യൂ ഫിക്ഷൻ ’ റിലീസ് ചെയ്യും. ഫറൂഖ് എച്ച്എസിൽ കലോത്സവ തീം വീഡിയോ പ്രകാശനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ 10. 30ന് മാനാഞ്ചിറയിൽ കലോത്സവ വണ്ടി എന്നപേരിൽ അലങ്കരിച്ച 30 ബസ്സുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോ നടക്കും. 11 മണിക്ക് വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്ലാഷ് മോബ് മാനാഞ്ചിറയിൽ സംഘടിപ്പിക്കും.

ഉച്ചയ്ക്ക് 12 മണിക്ക് അക്കോമഡേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കാവ് സ്കൂൾ, കുട്ടികൾക്ക് താമസ സൗകര്യത്തിനായി തുറന്നുകൊടുക്കും. പൊതുവിദ്യാഭ്യാസ, പൊതുമരാമത്ത് മന്ത്രിമാർ പങ്കെടുക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് കലോത്സവ സ്വർണ്ണക്കപ്പ് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ ഏറ്റുവാങ്ങും. 10 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന സ്വർണക്കപ്പ് ഘോഷയാത്രയെ മുതലക്കുളം മൈതാനിയിൽ മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസും വരവേൽക്കും. തുടർന്ന് രണ്ടു മണിക്കൂർ നേരത്തേക്ക് സ്വർണ്ണക്കപ്പ് മാനാഞ്ചിറ സ്ക്വയറിൽ പ്രദർശനത്തിന് വയ്ക്കും.

വൈകുന്നേരം മൂന്ന് മണിക്ക് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചിത്വമിഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള സന്ദേശയാത്ര സെന്റ് മൈക്കിൾസ് സ്കൂളിൽ നിന്ന് ആരംഭിച്ച് വിക്രം മൈതാനിയിൽ അവസാനിക്കും. അതിനുശേഷം വോളണ്ടിയർമാർ വിക്രം മൈതാനി ശുചീകരിച്ച് വേസ്റ്റ് ബിൻ സ്ഥാപിക്കും. വൈകിട്ട് 3.30 ന് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ മുതലക്കുളത്ത് നിന്ന് ആരംഭിച്ച് ബി ഇ എം സ്കൂളിൽ അവസാനിക്കും. വൈകിട്ട് നാലിന് ഭക്ഷണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലബാർ ക്രിസ്ത്യൻ കോളേജ് ക്യാമ്പസിൽ പായസം പാകം ചെയ്ത് അടുക്കളയുടെ ഉദ്ഘാടനം നിർവഹിക്കും.

4.30 ന് മീഡിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീഡിയ പവലിയന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ മന്ത്രി വി ശിവൻകുട്ടി നടത്തും. വൈകുന്നേരം ആറു മണിക്ക് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയെ കുറിച്ചുള്ള വിവരണം ക്രോഡീകരിച്ചുള്ള ബുക്ക് ലെറ്റ് സംഘാടകസമിതി ഓഫീസിൽ വച്ച് പ്രകാശനം ചെയ്യും. സ്കൂൾ കലോത്സവത്തിന്റെ കൊടിമരം ഇന്നലെ പ്രധാന വേദയായ വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ ഇ കെ വിജയൻ എംഎൽഎയിൽ നിന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി.

Eng­lish Sum­ma­ry: Ker­ala School Arts Fes­ti­val: Reg­is­tra­tion of con­tes­tants will begin tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.