
ഇറച്ചിക്കോഴി കടയിൽ നിന്ന് ചാടിപ്പോകുന്ന രണ്ട് ബ്രോയിലർ കോഴികൾ അലഞ്ഞു തിരിഞ്ഞ് നാടൻ കോഴികൾക്കിടയിൽ പെട്ടുപോയാൽ എന്തു സംഭവിക്കും? കോഴികളുടെ സന്തോഷവും നൊമ്പരവും പ്രണയവുമെല്ലാം പെൺകുട്ടികളടങ്ങിയ സംഘം രസകരമായി വേദിയിലെത്തിച്ചപ്പോൾ സദസിൽ കൈയ്യടികളുയർന്നു. കോട്ടയം ജില്ലയെ പ്രതിനിധികരിച്ച് എത്തിയ എസ് എച്ച് ജി എച്ച് എസ് എസ് ഭരണങ്ങാനം അവതരിപ്പിച്ച സി ഫോർ ചിക്കനിലൂടെയാണ് ഹൈസ്കൂൾ വിഭാഗം നാടക മത്സര വേദി ഉണർന്നത്. പൊതുസമൂഹവുമായി ഇടപെഴകാതെ അകന്ന് കഴിയുന്നവരെ ഒടുവിൽ ആ സമൂഹം തന്നെ ഭക്ഷണമാക്കും എന്ന സന്ദേശമാണ് നാടകത്തിലൂടെ കുട്ടികൾ നൽകിയത്.
പഴമയെ അവജ്ഞയോടെ കാണുന്ന പുതിയ തലമുറ ചിലപ്പോൾ അപകടമായേക്കും എന്ന ചിന്ത രസകരമായി അവതരിപ്പിച്ച തിരുവനന്തപുരം നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ജി എച്ച് എസ് എസിന്റെ ‘അമ്മക’ത്തിനും കിട്ടി ഏറെ കൈയ്യടി. രാജേഷ് കീഴത്തുർ സംവിധാനം ചെയ്ത നാടകം ചിരിയിലൂടെ തുടങ്ങി വലിയ ചിന്ത സമ്മാനിച്ചാണ് അരങ്ങൊഴിഞ്ഞത്. നാട്ടിൽ നിന്നും നിലനിൽക്കുന്ന അനാവശ്യ ചിന്തകളെയും അന്ധവിശ്വാസങ്ങളെയുമാണ് കാസർക്കോട് ഇരിയണ്ണി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ വേദിയിൽ എത്തിച്ച മ ‘അരണപാച്ചിൽ’ വിമർശിച്ചത്. അരണ കടിച്ചാൽ മരിക്കുമെന്ന അനാവശ്യ ചിന്തയെ ഒരു അരണയുടെ മരണപ്പാച്ചിലിലൂടെയാണ് നാടകം അവതരിപ്പിക്കുന്നത്. മനുപ്രീത്, സായിദ്ദ് കെ കെ, അഭിനവ് കെ കെ എന്നിവർ എഴുതി സംവിധാനം ചെയ്ത മ അരണപാച്ചിലിന്റെ രംഗസജ്ജീകരണങ്ങളും കൈയ്യടി നേടി. അഭയാർത്ഥികളാക്കപ്പെട്ട ജനതയുടെ മനസിന്റെ വിങ്ങലുകൾ വേദിയിൽ അവതരിപ്പിച്ച കോഴിക്കോട് മേമുണ്ട എച്ച് എസ് എസിന്റെ ‘ഭാഷ’ കൈകാര്യം ചെയ്ത പ്രമേയം കൊണ്ട് വേറിട്ട് നിന്നു.
ഒരു ചിരി കൊണ്ട്, അതിലേറെ സ്നേഹത്താൽ ഈ ഭൂമിയിലെ സകല ജീവികളെയും ഒപ്പം കൂട്ടാമെന്ന് കുട്ടികളെ കൊണ്ട് പറയിപ്പിക്കുകയാണ് നാടകം. ഹൃദയം കൊണ്ട് സംസാരിക്കുന്ന ഭാഷയാണ് ലോകത്തിനാവശ്യമെന്ന് നാടകം പറയുന്നു. ഇളകിമറിയുന്ന തിരമാലയും കടലിനടിയിലെ ലോകവും അഭയാർത്ഥി ക്യാമ്പും സ്വപ്നങ്ങളുമെല്ലാം കുട്ടികൾ മനോഹരമായി വേദിയിലെത്തിച്ചു. ജിനോ ജോസഫ് സംവിധാനം ചെയ്ത ‘ഭാഷ’ ഏറെ ആരാധകരെ സ്വന്തമാക്കിയാണ് വേദി വിട്ടത്. വെള്ളരി നാടകത്തെ ഓർമിപ്പിക്കുന്ന കോട്ടയം കഞ്ഞിക്കുഴിയിലെ മൗണ്ട് കാർമൽ എച്ച് എസ് എസിന്റെ സൈക്കിളാണ് കൈയ്യടി നേടിയ മറ്റൊരു കാലാസൃഷ്ടി. ഹൈസ്കൂൾ വിഭാഗം കുട്ടികളാണ് അരങ്ങിലെത്തിയതെങ്കിലും മുതിർന്നവരെ പോലും ഇരുത്തി ചിന്തിപ്പിക്കുന്ന പ്രമേയങ്ങളുടെ വൈവിധ്യം തന്നെയാണ് ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തെ വേറിട്ട് നിർത്തിയത്. വേദി 11 കാൽഡിയൻ സിറിയൻ എച്ച് എസ് എസിലെ കർണികാരം വേദിയിൽ നടന്ന നാടക മത്സരത്തിൽ 18 ടീമുകളാണ് മാറ്റുരച്ചത്. മത്സരം അവസാനിക്കുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു. കയ്യടിച്ചും പ്രോത്സാഹിപ്പിച്ചും കാണികൾ ഒപ്പം നിന്നതോടെ ഒട്ടേറെ അവിസ്മരണീയ നിമിഷങ്ങളിലൂടെ കടന്നാണ് ഒടുവിൽ തിരശീല വീണത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.