സ്കൂൾതല പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അധ്യാപകരുടെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. എം എസ് സൊല്യൂഷൻസിലെ അധ്യാപരുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയ അധ്യാപകർ കഴിഞ്ഞ ദിവസവും ഹാജരായിരുന്നില്ല. ജിഷ്ണു, ഫഹദ് എന്നിവർക്കായിരുന്നു നോട്ടീസ് നൽകിയിരുന്നത്. രണ്ടുതവണ ആവശ്യപ്പെട്ടിട്ടും ഹാജരാവാതിരുന്നതിനെ തുടർന്നാണ് വീടുകളിൽ പരിശോധന നടത്തിയത്. എം എസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിനും ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. ഇദ്ദേഹത്തിനായി കഴിഞ്ഞ ദിവസവും വിവിധ സ്ഥലങ്ങളിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
ചോദ്യപേപ്പർ ചോർച്ച കേസിൽ ഗൂഡാലോചന കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ചോദിച്ചു. ഗൂഢാലോചന വകുപ്പ് ചുമത്തിയതിൽ അധിക റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം മൂന്നിന് കേസ് വീണ്ടും കോടതി പരിഗണിക്കും. ഷുഹൈബ് ഇപ്പോഴും ഒളിവിലാണ്. തെരച്ചിൽ നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. ചോദ്യക്കടലാസ് ചോർത്തിയിട്ടില്ലെന്നും മുൻകൂർ പ്രവചനം മാത്രമെ നടത്തിയിട്ടുള്ളുവെന്നുമാണ് ഷുഹൈബിന്റെ വാദം. എന്നാൽ എംഎസ് സൊല്യൂഷൻസ് വിഷയത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.