
സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ആഘോഷത്തിനായി കുട്ടികളിൽനിന്ന് പിരിച്ച തുക തിരികെ നൽകുകയും ചെയ്ത നടപടിക്കതിരെ നിലപാടറിയിച്ച് വിദ്യാഭ്യാസ വകുപ്പ്. ഞായറാഴ്ച ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിലപാട് വ്യക്തമാക്കിയത്.കേരളം പോലെ ഉയർന്ന ജനാധിപത്യബോധവും മതനിരപേക്ഷ സംസ്‌കാരവുമുള്ള ഒരു സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത നടപടിയാണിതെന്നും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന സങ്കുചിത മോഡലുകൾ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ജാതി-മത ചിന്തകൾക്കപ്പുറം കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കുകയും വളരുകയും ചെയ്യുന്ന ഇടങ്ങളിൽ വേർതിരിവിന്റെ വിഷവിത്തുകൾ പാകാൻ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം കേരളത്തിലെ വിദ്യാലയങ്ങളിൽ ഒരുപോലെ ആഘോഷിക്കപ്പെടേണ്ടവയാണ്. ഇത്തരം ഒത്തുചേരലുകളിലൂടെയാണ് കുട്ടികൾ പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുന്നത്. ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ എല്ലാ വിദ്യാലയങ്ങൾക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.