5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 24, 2024
September 6, 2024
July 28, 2024
June 30, 2024
March 28, 2024
March 8, 2024
February 28, 2024
December 30, 2023
September 27, 2023
August 9, 2023

ശാസ്ത്രം സത്യം; കെട്ടുകഥ മിഥ്യ

അഡ്വ. കെ പ്രകാശ്ബാബു
August 6, 2023 4:30 am

ശാസ്ത്രത്തെയും പുരാണകഥകളിലെ ഭാവനകളെയും കൂട്ടിക്കെട്ടുന്നത് അനഭിലഷണീയമായ പ്രവണതയാണ്. പ്രപഞ്ച സത്യങ്ങളെ സംബന്ധിച്ച് മതങ്ങൾ നൽകിയ വ്യാഖ്യാനങ്ങളെ ശാസ്ത്രീയമായി തെറ്റാണെന്ന് തെളിയിക്കുകയും ശാസ്ത്ര നേട്ടങ്ങളെ മനുഷ്യസമൂഹത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ഉപയോഗിക്കുകയുമാണ് മാനവരാശി എന്നും ചെയ്തിട്ടുള്ളത്. ഭൂമി പരന്നതാണെന്ന മതവിശ്വാസങ്ങളെ തിരുത്തി, ഭൂമി ഗോളാകൃതിയിലുള്ളതാണെന്നും അത് സൂര്യനെ വലംവയ്ക്കുന്ന സൗരയൂഥത്തിലെ ഒരു അംഗമാണെന്നും തെളിയിച്ച കോപ്പർ നിക്കസും ഗലീലിയോയുമെല്ലാം മതമേധാവിത്തത്തിന്റെ ചാട്ടവാറടിയേറ്റവരാണ്. പ്രപഞ്ചത്തിന്റെ കേന്ദ്രം തന്നെ ഭൂമിയാണെന്ന് റോമൻ, ഗ്രീക്ക്, പ്രാചീന ഭാരത സിദ്ധാന്തങ്ങളെ ശാസ്ത്രം തിരുത്തിയത് പതിനാറാം നൂറ്റാണ്ടോടുകൂടി മാത്രമാണ്. എന്നാൽ ക്രിസ്തുവർഷം ആരംഭിക്കുന്നതിനും ഇരുനൂറിലധികം വർഷങ്ങൾക്ക് മുമ്പ് ‘ചവിട്ടി നിൽക്കാൻ ഒരിടവും ഒരു ബലമുള്ള ഉത്തോലകവും തന്നാൽ ഞാൻ ഈ ഭൂമിയെ പൊക്കിമാറ്റാം’ എന്നു പറഞ്ഞ ആർക്കിമിഡീസ് എന്ന ഗണിത‑ഭൗതിക ശാസ്ത്രജ്ഞന്റെ നേട്ടം ഭാവി ലോകത്തിന്റെ ഭൗതികശാസ്ത്ര മേഖലയിൽ വിജ്ഞാനത്തിന്റെയും പുതിയ കണ്ടുപിടിത്തങ്ങളുടെയും മാസ്മരികലോകം തുറന്നിട്ടിരുന്നു.
ഐസക് ന്യൂട്ടൻ, തോമസ് ആൽവാ എഡിസൻ, ആൽബർട്ട് ഐൻസ്റ്റീൻ തുടങ്ങിയ ശാസ്ത്രപ്രതിഭകൾ പുതുതലമുറയ്ക്ക് ശാസ്ത്രീയ വിജ്ഞാനം പകര്‍ന്നുനല്‍കി. ശാസ്ത്രം വളരുംതോറും ഐതിഹ്യങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും കേവലം കാല്പനിക സൃഷ്ടികളായി മാറി. ലോകത്തെവിടെയും അങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്. ഗ്രീക്ക്, റോമൻ കഥകളെപ്പോലെ പ്രാചീന ഭാരതീയ പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ധാരാളം കാല്പനിക ഭാവങ്ങളുള്ള കെട്ടുകഥകൾ നിറഞ്ഞിട്ടുണ്ട്. ഭാരതത്തിലെ പ്രാചീന മനുഷ്യൻ പ്രകൃതിശക്തികളെ ആരാധിക്കാൻ തുടങ്ങിയ കാലംമുതൽ അവ പുതിയപുതിയ കഥകളിൽക്കൂടിയും കവികളിൽക്കൂടിയും വികസിച്ചു.

വാല്മീകിയുടെ രാമായണവും വേദവ്യാസന്റെ മഹാഭാരതവും ഭാഗവതവുമെല്ലാം ഇത്തരത്തിൽ ഇന്ത്യൻ പ്രാചീന സംസ്കാരത്തിൽ ഇടം നേടിയ വിശിഷ്ട ഗ്രന്ഥങ്ങളാണ്. സെമറ്റിക് മതങ്ങൾ ലോകത്ത് ആരംഭിക്കുന്നതിന് എത്രയോമുമ്പ് നിലവിലുണ്ടായിരുന്ന സംസ്കാരത്തിന്റെ ഭാഗമാണ് മുകളിൽ പറഞ്ഞ എല്ലാ രാജ്യാതീത സംസ്കാരങ്ങളും. ക്രൈസ്തവ, ഇസ്ലാം മതങ്ങളെക്കാൾ ആറ് നൂറ്റാണ്ടുകളിലധികം പഴക്കമുള്ളതാണ് യഹൂദ മതം. എന്നാൽ ഇതിലെല്ലാം പ്രപഞ്ചസൃഷ്ടിയുമായി ബന്ധപ്പെട്ടും മനുഷ്യരാശിയുമായി ബന്ധപ്പെട്ടും വ്യത്യസ്തമെങ്കിലും കാല്പനിക കാഴ്ചപ്പാടുകൾ ധാരാളം കാണാം. ഡാർവിന്റെ പരിണാമ സിദ്ധാന്തം 1859ൽ പ്രസിദ്ധീകരിക്കുമ്പോൾ അത് നിലവിലുള്ള വിശ്വാസപ്രമാണങ്ങളോടുള്ള വെല്ലുവിളിയായി മാറി. ശാസ്ത്രത്തിന്റെയും പുതിയ കണ്ടുപിടിത്തങ്ങളുടെയും ജനങ്ങളുടെ ശാസ്ത്ര ബോധത്തിന്റെയും അടിസ്ഥാനത്തിൽ തർക്കങ്ങളും വെല്ലുവിളികളും ക്രമേണ അപ്രത്യക്ഷമാവുകയും ശാസ്ത്രസത്യങ്ങൾ പൊതുവിൽ അംഗീകരിക്കപ്പെടുകയും ചെയ്തു. 1958ൽ ആഫ്രിക്കൻ തവളകളുടെ ക്ലോണിങ് പരീക്ഷണം നടത്തിയ ഡോ. ജോൺ ഗുർഡോണിന്റെ ആശയം കാല്പനിക സിനിമാ ലോകത്തും ശ്രദ്ധ പിടിച്ചുപറ്റി. 1993 ൽ ‘ജുറാസിക് പാർക്ക്’ എന്ന ഹോളിവുഡ് സിനിമ നിർമ്മിച്ച സ്റ്റീഫൻ സ്പിൽബർഗ് ദിനോസറുകളെ ക്ലോണിങ്ങിൽക്കൂടി പുനർജനിപ്പിച്ചത് ലോകം കണ്ടു. 1996 ജൂലൈയിലാണ് സ്കോട്ട്‌ലാൻഡിലെ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട് ‘ഡോളി’ എന്ന ചെമ്മരിയാടിന് ക്ലോണിങ്ങിൽക്കൂടി ജന്മം നൽകിയത്. ഒരു കുട്ടി (പുതിയ തലമുറ) ജനിക്കുന്നതിന് അണ്ഡമോ ബീജമോ സ്ത്രീപുരുഷ സംഗമമോ ആവശ്യമില്ലെന്നു തെളിയിക്കുന്നിടംവരെ ശാസ്ത്രം വളർന്നു. മനുഷ്യ ക്ലോണിങ്ങിനെക്കുറിച്ചുള്ള പരീക്ഷണങ്ങൾ നടക്കുന്നതിനിടയിലാണ് ഐക്യരാഷ്ട്രസഭയും മതമേലധ്യക്ഷന്മാരുമെല്ലാം ഇടപെടുന്ന അവസ്ഥയുണ്ടായത്.


ഇതുകൂടി വായിക്കൂ: കേരളം ഹിന്ദുത്വ തീവ്രവാദത്തിന്റെ ഇരയായി മാറിക്കൂടാ


ചില പ്രതിഭാശാലികളുടെ കാല്പനിക ഭാവങ്ങളെ ശാസ്ത്രം യാഥാർത്ഥ്യമാക്കിയിട്ടുണ്ടാവും. അതുകൊണ്ട് ശാസ്ത്രം യാഥാർത്ഥ്യമല്ല, കാല്പനികതകളാണ് യാഥാർത്ഥ്യം എന്നാരും പറയുകയുമില്ല. സ്വപ്നങ്ങളും ഭാവനകളും ശാസ്ത്രജ്ഞരെ സ്വാധീനിക്കുന്നുണ്ടാവും. എന്നാൽ ഭൗതികമായി ശാസ്ത്രം കെെവരിച്ച നേട്ടങ്ങളെ അവഗണിക്കുകയും കെട്ടുകഥകളെ മാത്രം വിശ്വസിക്കുകയും ചെയ്യുന്നത് നീതീകരിക്കാൻ കഴിയില്ല. പുരാണങ്ങളിലും ഐതിഹ്യങ്ങളിലും കാണുന്ന കെട്ടുകഥകൾ അതിലെ കഥാപാത്രങ്ങളുടെ ധീരവും സാഹസികവുമായ ജീവിതങ്ങളുടെ സാക്ഷ്യപത്രങ്ങളാണ്.
പുരാണങ്ങളിലെയും ഐതിഹ്യങ്ങളിലെയും കഥാപാത്രങ്ങളുടെ ജീവിതത്തെ യുക്തിയുടെ അടിസ്ഥാനത്തിൽ വിലയിരുത്താൻ കഴിയില്ല. കാരണം കാല്പനികതയ്ക്ക് യുക്തിയില്ലയെന്നതു തന്നെ. എന്നാൽ ഇന്ത്യൻ പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാപാത്രങ്ങൾ വിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും ഫലമായി ഒരു വലിയ വിഭാഗം മനുഷ്യരുടെ ആരാധനാ വിഗ്രഹങ്ങളായി മാറിയിട്ടുണ്ട്. അതിനെ ഒറ്റയടിക്ക് മാറ്റിയെടുക്കാൻ ആർക്കും കഴിയില്ല. തൽക്കാലം അതിനെ അതിന്റെവഴിക്കു വിട്ടേക്കുക. എന്നാൽ ശാസ്ത്രം സത്യവും ആത്മീയചിന്തയ്ക്ക് അതീതവുമാണ്. പുതുതലമുറ ഇത് മനസിലാക്കുന്നുമുണ്ട്. ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയ കഴിഞ്ഞ നൂറ്റാണ്ട് ഈ നൂറ്റാണ്ടിന്റെ വഴികാട്ടിയാണ്. ശാസ്ത്രമുണ്ടാക്കിയ നേട്ടങ്ങളെ മനുഷ്യരാശിയുടെ വികാസത്തിന് ഉപയോഗിക്കണമെങ്കിൽ അന്ധവിശ്വാസങ്ങളുടെയും കെട്ടുകഥകളുടെയും വലയങ്ങൾ ഭേദിച്ച് പുതുതലമുറ പുറത്തുവരണം. അമ്മൂമ്മക്കഥകളിലൂടെ വളർന്ന ‘മണിച്ചിത്രത്താഴിലെ ഗംഗ’യാകാനല്ല വിദ്യാർത്ഥികൾ പഠിക്കേണ്ടത്. ശാസ്ത്രാവബോധം ഉണ്ടാകുന്ന വൈജ്ഞാനിക ധിഷണാശാലികളെ രൂപപ്പെടുത്താനാണ് വിദ്യാഭ്യാസ മേഖല ശ്രമിക്കേണ്ടത്. കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞതുപോലെ ‘ശാസ്ത്രം സത്യമാണെന്നു പറയുന്നതിന്റെയർത്ഥം വിശ്വാസത്തെ തള്ളിക്കളയുകയെന്നല്ല’. ശാസ്ത്രം സത്യവും കെട്ടുകഥകൾ ഭാവനകളുമാണെന്ന് പുതുതലമുറ തിരിച്ചറിയേണ്ടത് മാനവരാശിയുടെ വളർച്ചയ്ക്കും നിർമ്മിതബുദ്ധി വികസിച്ച ഈ കാലഘട്ടത്തിനും ആവശ്യമാണ്.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.