4 January 2025, Saturday
KSFE Galaxy Chits Banner 2

ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്; രാസമലിനീകരണം പരിധികടന്നു

Janayugom Webdesk
സ്റ്റോക്ഹോം
February 6, 2022 10:30 pm

ഭൗമവ്യവസ്ഥയ്ക്കും മനുഷ്യനും വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉല്പാദനം ഭൂമിക്ക് താങ്ങാനാകുന്ന പരിധി കടന്നതായി ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ഇനിയും ഇത്തരത്തിലുള്ള രാസമലീനികരണവും പുറന്തള്ളലും തുടര്‍ന്നാല്‍ നിരവധി ദുരന്തഫലങ്ങള്‍ മനുഷ്യന്‍ നേരിടേണ്ടിവരുമെന്നും സ്വീഡനിലെ ഗോതന്‍ബര്‍ഗ് സര്‍വകലാശാലയിലെ മൈക്രോപ്ലാസ്റ്റിക് ഗവേഷക ബെഥനി കാര്‍നി അല്‍മ്രോത് പറഞ്ഞു.
മനുഷ്യരുടേയും ഭൂമിയുടെയും നിലനില്പിന് തന്നെ ഭീഷണിയുയര്‍ത്തുന്നതാണ് വര്‍ധിച്ചുവരുന്ന കൃത്രിമ രാസവസ്തുക്കളുടേയും മനുഷ്യനിര്‍മ്മിത മാലിന്യങ്ങളുടേയും പുറന്തള്ളല്‍. ഇത്തരം പുറന്തള്ളലിലൂടെ ഭൂമിക്ക് താങ്ങാന്‍ കഴിയുന്ന രാസമാലിന്യത്തിന്റെ പരിധി മറികടന്നതായി ഗോതന്‍ബര്‍ഗ് സര്‍വകലാശാലയുടെ പഠനത്തില്‍ പറയുന്നു. 

മൂന്നരലക്ഷത്തോളം വ്യത്യസ്ത കൃത്രിമ രാസമാലിന്യങ്ങളാണ് ആഗോള മാര്‍ക്കറ്റിലുള്ളത്. പ്ലാസ്റ്റിക്, കീടനാശിനി മുതല്‍ തീയണയ്ക്കാനുപയോഗിക്കുന്ന വാതകങ്ങളും വൈദ്യുതിയെ പ്രതിരോധിക്കുന്ന ഇന്‍സുലേറ്റര്‍ വരെ ഇത്തരം കൃത്രിമ രാസമാലിന്യങ്ങളില്‍ ഉള്‍പ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം പോലെതന്നെ ഭൂമിയിലെ ആവാസവ്യവസ്ഥയെയും മനുഷ്യന്റെ നിലനില്പിനെയും ഇത്തരം മാലിന്യങ്ങള്‍ പ്രതികൂലമായി ബാധിക്കും. മൈക്രോ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് മാലിന്യങ്ങളും നിലവില്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കൃത്രിമ രാസവസ്തുക്കളേക്കുറിച്ചോ അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചോ വേണ്ടത്ര പഠനങ്ങളും ഗവേഷണങ്ങളും നടക്കാത്തത് ഇവയ്ക്കെതിരെ നടപടിയെടുക്കുന്നതും വൈകിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

1950 ന് ശേഷം ആഗോളതലത്തില്‍ രാസവസ്തുക്കളുടെ ഉപയോഗം അമ്പത് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. 2050 ആകുമ്പോള്‍ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇതിന്റെ മൂന്ന് മടങ്ങ് വര്‍ധനവാണുണ്ടാകുകയെന്ന് യൂറോപ്യന്‍ എന്‍വയോണ്‍മെന്റ് ഏജന്‍സിയുടെ പഠനത്തില്‍ പറയുന്നുണ്ട്. മനുഷ്യനോ ആവാസവ്യവസ്ഥയ്ക്കോ ഹാനികരമാണെന്ന് കണ്ടെത്തിയിട്ടുള്ള ചില രാസവസ്തുക്കളുടെ ഉല്പാദനം സര്‍ക്കാരുകള്‍ നിരോധിച്ചിട്ടുണ്ട്. ചിലത് പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പല മാരക രാസവസ്തുക്കളുടേയും കൃത്രിമ രാസപദാര്‍ത്ഥങ്ങളുടേയും ഉല്പാദനവും വികസനവും നിയന്ത്രണമില്ലാതെ തുടരുന്നത് ആശങ്കാജനകമാണെന്ന് പഠനത്തില്‍ പറയുന്നു. 

ഭൂമിയുടെ നിലനില്പിനെ ബാധിക്കുന്ന ഒമ്പതോളം പരിതസ്ഥിതികളെ ശാസ്ത്രലോകം പട്ടികപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, ജൈവിക ഘടനയുടെ അമിത ഉപയോഗം, സമുദ്ര അമ്ലീകരണം, ഓസോണ്‍ വിള്ളല്‍, അന്തരീക്ഷത്തിലെ സൂക്ഷ്മകണികകളുടെ മലിനീകരണം, ശൂദ്ധജലത്തിന്റെ ഉപയോഗം, നൈട്രജന്റേയും ഫോസ്‌ഫറസിന്റേയും ബയോജിയോ കെമിക്കല്‍ ചക്രം, ഭൗമവ്യവസ്ഥയിലുണ്ടാകുന്ന മാറ്റം, രാസവസ്തുക്കളുടെ പുറന്തള്ളല്‍ എന്നിവയാണ് അവ. ഇവയില്‍ പലതും ഭൂമിക്ക് താങ്ങാന്‍ കഴിയുന്നതിന്റെ പരിധി ലംഘിച്ചുകഴിഞ്ഞുവെന്നും പഠനം വിലയിരുത്തുന്നു. 

ENGLISH SUMMARY:Scientific warn­ing; Chem­i­cal con­t­a­m­i­na­tion exceed­ed the limit
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.