
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് പകരം നിയമം റദ്ദാക്കരുതെന്നും അടിസ്ഥാന ഗവേഷണങ്ങളും കൂടിയാലോചനകളും നടത്തണമെന്നും 300ലധികം ശാസ്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍, പൗരസംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് നിയമത്തിന് പകരം കൊണ്ടുവന്ന വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക് മിഷന്‍ (ഗ്രാമീണ്‍) നിയമം നിരവധി പ്രശ്നങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കത്തെഴുതുന്നതെന്ന് ഒപ്പിട്ട 355 പേരും പറഞ്ഞു. ഗ്രാമീണ കുടുംബങ്ങളുടെ തൊഴില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് ഇടതുപക്ഷം പിന്തുണ നല്‍കിയ യുപിഎ സര്‍ക്കാര്‍ 2005ല്‍ ദേശീയ തൊഴിലുറപ്പ് നിയമം പാസാക്കിയത്. രാജ്യത്തെ ഓരോ ഗ്രാമീണ കുടുംബത്തിനും പ്രതിവര്‍ഷം 100 ദിവസത്തെ അവിദഗ്ധ ജോലി ഉറപ്പുനല്‍കുന്ന പദ്ധതിയായിരുന്നു.
പുതിയ നിയമപ്രകാരം ഉറപ്പായ തൊഴില്‍ദിനങ്ങളുടെ എണ്ണം 125 ആയി വര്‍ധിക്കും. എന്നാല്‍ സംസ്ഥാനങ്ങളുടെ ചെലവ് വിഹിതം 40% ആയി ഉയരും. ബാക്കി കേന്ദ്രം നല്‍കുമെന്നാണ് പറയുന്നത്. സംസ്ഥാനങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്നതിനും ഭരണപരമായ കാര്യങ്ങള്‍ക്കും ഉള്ള ചെലവുകളും പങ്കിടണം. സാമ്പത്തിക വിദഗ്ധരുടെയും തൊഴില്‍ അവകാശ വിദഗ്ധരുടെയും വിമര്‍ശനത്തിന് വിധേയമായ നിയമനിര്‍മ്മാണമാണിത്.
പുതിയ നിയമത്തില്‍ ഭൂമിശാസ്ത്രപരമായ സാങ്കേതികവിദ്യയും നിര്‍മ്മിതബുദ്ധി അധിഷ്ഠിത സംവിധാനങ്ങളും ഉപയോഗിച്ച് എവിടെ, എന്തിന്, എത്ര ഫണ്ട് അനുവദിക്കണമെന്ന് നിര്‍ണയിക്കാന്‍ ലക്ഷ്യമിടുന്നെന്ന് കത്തില്‍ ഒപ്പിട്ടവര്‍ പറയുന്നു.
ഈ സംവിധാനത്തിന് സാമൂഹ്യ‑പാരിസ്ഥിതിക സംവിധാനങ്ങളുടെ സങ്കീര്‍ണത ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഭൂപ്രകൃതി മാത്രമല്ല, കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള തൊഴില്‍ രീതികള്‍, ആചാരപരവും അനൗപചാരികവുമായ അവകാശങ്ങള്‍, സമുദായ മുന്‍ഗണനകള്‍ എന്നിവ അല്‍ഗോരിതം അനുമാനത്തിന് വഴങ്ങില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.