23 January 2026, Friday

Related news

January 5, 2026
April 18, 2025
March 12, 2025
February 27, 2025
February 24, 2025
January 17, 2025
December 12, 2024
November 6, 2024
October 24, 2024
October 16, 2024

കേരളതീരത്ത് കടലാക്രമണം രൂക്ഷം: നിരവധി വീടുകള്‍ തകര്‍ന്നു, കള്ളക്കടല്‍ പ്രതിഭാസമെന്ന് കാലാവസ്ഥാ വകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
March 31, 2024 9:52 pm

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് ഇന്ന് വൈകുന്നേരം കടലാക്രമണമുണ്ടായത്.
തിരുവനന്തപുരത്ത് വലിയതുറ, പൊഴിയൂര്‍, പൂന്തുറ എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. പരിക്കേറ്റ രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊഴിയൂരില്‍ വീടുകള്‍ക്ക് കേടുപാടുകളുണ്ട്. കോവളത്ത് കടകളിലും വെള്ളം കയറി. വര്‍ക്കല പാപനാശത്ത് കടല്‍ 15 മീറ്ററോളം കരയിലേക്ക് കയറി. ഇവിടെ ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു.

കൊല്ലത്ത് മുണ്ടയ്ക്കല്‍, ചവറ, അഴീക്കല്‍ ഭാഗങ്ങളിലാണ് കടല്‍ക്ഷോഭമുണ്ടായത്. മുണ്ടയ്ക്കല്‍ ഭാഗത്ത് ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 80ഓളം വീടുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. മുണ്ടയ്ക്കല്‍ സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്നുള്ള ചുറ്റുമതിലും മാരിയമ്മന്‍ കോവിലിന്റെ ഓഫിസും കടല്‍കയറ്റത്തില്‍ തകര്‍ന്നു.
ചേർത്തല ഒറ്റമശേരി, പള്ളിത്തോട് പ്രദേശങ്ങളിൽ നൂറ് മീറ്ററോളം കടൽ കയറി. അമ്പലപ്പുഴ വളഞ്ഞവഴിയിൽ വീടുകളിൽ വെളളം കയറി. പുറക്കാട്, പൂന്തല ഭാഗങ്ങളിൽ ഉച്ചയ്ക്ക് 12 മണിയോടെ 200 മീറ്ററോളം ഉൾവലിഞ്ഞ കടൽ ഒരു മണിക്കൂറിന് ശേഷം ആർത്തലച്ച് തീരത്തേക്ക് കയറുകയായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളായ കടലോര മേഖലകളിലേക്ക് വിനോദസഞ്ചാരം അനുവദിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി അറിയിച്ചിട്ടുണ്ട്.

എറണാകുളത്ത് പുതുവൈപ്പ്, ചെറായി, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം വെളിയത്താംപറമ്പ്, വളപ്പ് ബീച്ചുകളിലും കടൽ കയറി. തൃശൂരിൽ പെരിഞ്ഞനം വെസ്റ്റ് പന്തൽക്കടവ് മുതൽ മതിലകം കളിമുട്ടം വരെയുളള ഭാഗങ്ങളിൽ ശക്തമായ തിര അടിച്ചുകയറി. വലകൾ അടക്കമുളള മത്സ്യബന്ധന ഉപകരണങ്ങള്‍ തകർന്നു. തീരദേശ മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റി.

ആശങ്ക വേണ്ട, ഇത് കള്ളക്കടല്‍ പ്രതിഭാസം 

കടലാക്രമണത്തിൽ ആശങ്ക വേണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. വിവിധയിടങ്ങളിലായി ഇപ്പോൾ കാണുന്ന കടലാക്രമണം ‘കള്ളക്കടൽ’ പ്രതിഭാസമാണെന്നും അധികൃതർ വിശദീകരിച്ചു. സമുദ്രോപരിതലത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് കള്ളക്കടൽ പ്രതിഭാസമുണ്ടാക്കുന്നത്.

അവിചാരിതമായി കടൽ കയറിവന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഇതിനെ ‘കള്ളക്കടൽ’ എന്ന് വിളിക്കുന്നത്. വേലിയേറ്റ സമയമായതിനാൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ തീവ്രത കൂടിയതാണ് കടലാക്രമണങ്ങളുടെ കാരണമെന്നും ദുരന്ത നിവാരണ അതോറിട്ടി അധികൃതർ പറയുന്നു. രണ്ട് ദിവസം കൂടി കടലാക്രമണം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Eng­lish Sum­ma­ry: Sea attack severe on Ker­ala coast: Many hous­es were destroyed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.