22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

സീറ്റ് വീതം വയ്ക്കല്‍ കടുപ്പമാകും; എന്‍ഡിഎ വിപുലീകരണം വെല്ലുവിളി

Janayugom Webdesk
ന്യൂഡല്‍ഹി
July 18, 2023 10:26 pm

പ്രതിപക്ഷ സഖ്യ നീക്കങ്ങള്‍ക്ക് ബദലായി ബൃഹദ് എന്‍ഡിഎ സഖ്യം രൂപീകരിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് വെല്ലുവിളികള്‍ ഏറെ. 38 പാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ച് വീണ്ടും ഭരണത്തിലേറാനുള്ള തീവ്രശ്രമം ആരംഭിച്ച മോഡിക്കും സംഘത്തിനും മുന്നോട്ടുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാകുമെന്നാണ് സൂചന.
സീറ്റ് വിഭജനമാകും എന്‍ഡിഎ നേരിടുന്ന പ്രധാന വെല്ലുവിളി. ബിഹാറിലും, മഹാരാഷ്ട്രയിലുമടക്കം സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനം കീറാമുട്ടിയാകും. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ആദ്യ എന്‍ഡിഎ സര്‍ക്കാരില്‍ 24 പാര്‍ട്ടികളാണ് ഉണ്ടായിരുന്നത്. മോഡിക്ക് കീഴില്‍ 38 പാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രം സീറ്റ് വിഭജനത്തില്‍ കലങ്ങിമറിഞ്ഞേക്കും. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും, രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും ചേര്‍ന്ന സഖ്യം 40 സീറ്റുള്ള സംസ്ഥാനത്ത് 39 സീറ്റുകള്‍ പിടിച്ചടക്കിയിരുന്നു. ബിജെപി 17, ജെഡിയു, എല്‍ജെപി ഒരു സീറ്റ് വീതമാണ് നേടിയത്. എന്നാല്‍ 2020ലേക്ക് എത്തുമ്പോള്‍ ചിത്രം മാറി. എന്‍ഡിഎ സഖ്യം വിട്ട നീതിഷ് കുമാര്‍ പ്രതിപക്ഷത്തിന്റെ ചുക്കാന്‍ പിടിക്കുന്ന നിലയിലേക്കും കോണ്‍ഗ്രസ്-രാഷ്ട്രീയ ജനതാദള്‍ സഖ്യസര്‍ക്കാരിന്റെ അമരക്കാരനായും മാറി. മറുവശത്ത് എല്‍ജെപി രണ്ടായി പിളര്‍ന്നു. രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനും, അമ്മാവനും എംപിയുമായ പശുപതി പരസും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നത് എന്‍ഡിഎയ്ക്ക് ബിഹാറില്‍ തിരിച്ചടിയാകുമെന്നാണ് പുറത്ത് വരുന്ന വിവരം. 

മഹാരാഷ്ട്രയിലെ രാഷ്ട്രീയനാടകങ്ങളും എന്‍സിപി, ശിവസേന പിളര്‍പ്പും സര്‍ക്കാര്‍ രൂപീകരണവും പ്രതീക്ഷയ്ക്ക് വിരുദ്ധമായ ഫലങ്ങളുണ്ടാക്കിയേക്കും. ഉത്തര്‍പ്രദേശ്, ഹരിയാന, ഝാര്‍ഖണ്ഡ്, അസം അടക്കമുള്ള സംസ്ഥാനങ്ങളിലും ലോക്‌സഭയിലേക്ക് 2019 ലെ വിജയം ബിജെപിക്ക് ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.
വര്‍ധിച്ച് വരുന്ന പണപ്പെരുപ്പം, തൊഴിലില്ലായ്മ, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം, ഇന്ധന വിലവര്‍ധനവ്, മണിപ്പൂര്‍ കലാപം നിയന്ത്രിക്കുന്നതിലെ ദയനീയ പരാജയം ഒക്കെ മോഡി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിഷയങ്ങളാണ്. ഏറ്റവും ഒടുവില്‍ കര്‍ണാടകയില്‍ വീണ്ടും താമര വിരിയിക്കാനുള്ള മോഹം കരിഞ്ഞതും ബിജെപിയുടെ പതനത്തിന്റെ നാന്ദികുറിയ്ക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

Eng­lish Sum­ma­ry: Seat allo­ca­tion will be tough; NDA exten­sion challenge

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.