10 December 2025, Wednesday

തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സീറ്റ് ചര്‍ച്ച; ‘ബാബറി മസ്ജിദി‘ന് സസ്പെന്‍ഷന്‍

റാഹിൽ നോറ ചോപ്ര
December 9, 2025 4:18 am

2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ, തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി അഞ്ചംഗ കമ്മിറ്റിയാണ് ചര്‍ച്ച നടത്തുന്നത്. തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ഗിരീഷ് റയ ചോഡങ്കർ, സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ കെ സെൽവ പെരുന്തഗൈ, നിയമസഭാ കക്ഷി നേതാവ് രാജേഷ് കുമാർ, നിവേദിത് ആൽവ, സൂരജ് ഹെഗ്ഡെ എന്നിവരടങ്ങുന്ന സമിതി മുഖ്യമന്ത്രി സ്റ്റാലിനെയും ഡിഎംകെയുടെ മുതിർന്ന നേതാക്കളെയും കണ്ട് സീറ്റുകളുടെ എണ്ണം സംബന്ധിച്ച ഹൈക്കമാൻഡിന്റെ ആവശ്യം അറിയിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അനുവദിച്ച 25 സീറ്റുകള്‍ക്ക് പകരം 35 സീറ്റുകൾ ആവശ്യപ്പെടുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് മാത്രമല്ല, വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ), ഇടതു പാർട്ടികൾ ഉൾപ്പെടെയുള്ള മിക്കവാറും എല്ലാ സഖ്യകക്ഷികളും 2026ലെ തെരഞ്ഞെടുപ്പിൽ ഡിഎംകെയിൽ നിന്ന് കൂടുതൽ വിഹിതം നേടാൻ ഒരുങ്ങുകയാണ്. എന്നാല്‍ 2021ലെ സീറ്റ് വിഭജന ഫോർമുല തുടരണമെന്ന് ഡിഎംകെ നിർദേശിക്കാനാണ് സാധ്യത. രാജ്യ തലസ്ഥാനത്തെ വായു മലിനീകരണ വിഷയത്തിൽ പാർലമെന്റ് സമുച്ചയത്തിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പ്രകടനം നടത്തി. അടിയന്തര പരിഹാര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി സർക്കാരിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടി ദേശീയ അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയും പ്രതിഷേധത്തിൽ പങ്കെടുത്തു. വായു മലിനീകരണത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നതിനായി മാസ്ക് ധരിച്ചും ‘കാലാവസ്ഥ ആസ്വദിക്കൂ’ എന്ന ബാനർ ഉയർത്തിപ്പിടിച്ചുമാണ് പാർലമെന്റ് അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തത്. ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി (സംഘടന) ബി എൽ സന്തോഷ് എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കഴിഞ്ഞ ബുധനാഴ്ച പാർലമെന്റിൽ നടത്തിയ കൂടിക്കാഴ്ചകൾ അടുത്ത ബിജെപി അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് ഉടൻ നടന്നേക്കാമെന്ന അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കി. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, പുതുച്ചേരി, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ, അതിന് മുമ്പുതന്നെ പുതിയ അധ്യക്ഷൻ നിലവിൽ വരണമെന്ന് പാർട്ടിക്കുള്ളിലെ പലരും കരുതുന്നു. ബിജെപിയുടെ പ്രധാന ബുദ്ധികേന്ദ്രങ്ങള്‍ ഒബിസി അധ്യക്ഷനെയാണ് ആഗ്രഹിക്കുന്നത്. എന്തായാലും നരേന്ദ്ര മോഡിയുടെയും ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതിന്റെയും അംഗീകാരത്തോടെയായിരിക്കും പുതിയ നേതാവിനെ തീരുമാനിക്കുക. അധ്യക്ഷ സ്ഥാനത്തേക്ക് ശിവരാജ് സിങ് ചൗഹാൻ, ധർമ്മേന്ദ്ര പ്രധാൻ, ബി എൽ സന്തോഷ്, വിനോദ് താവ്ഡെ എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. കഴിഞ്ഞ 20 വർഷമായി ബിഹാറിന്റെ സമഗ്ര വികസനത്തിന് പ്രതിജ്ഞാബദ്ധമായ സംസ്ഥാന സർക്കാർ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വ്യാവസായിക വളർച്ച, കാർഷിക മേഖല, സ്ത്രീകൾക്കും യുവാക്കൾക്കും തൊഴിൽ, നഗരങ്ങളുടെയും ഗ്രാമപ്രദേശങ്ങളുടെയും വികസനം എന്നിവയിലേക്ക് നയിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറയുന്നു. നിയമസഭയിൽ ഗവർണറുടെ നയപ്രസംഗത്തിന് മറുപടി പറയുന്നതിനിടെ മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുകയും അതിന് കൈ ഉയർത്താന്‍ വിമുഖത കാണിച്ച പ്രതിപക്ഷ ബെഞ്ചുകളെ പരിഹസിക്കുകയും ചെയ്തു. “എന്തുകൊണ്ടാണ് നിങ്ങൾ കൈകൾ ഉയർത്താത്തത്? പ്രധാനമന്ത്രിയുടെയും കേന്ദ്രത്തിന്റയും ബിഹാറിനുള്ള സഹായം എല്ലാവർക്കും ഗുണം ചെയ്യുന്നതാണ്” എന്നായിരുന്നു പ്രസ്താവന. പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവിന്റെ അഭാവത്തിൽ രാഷ്ട്രീയ ജനതാദൾ എംഎൽഎ കുമാർ സർവ്ജീത് ആണ് അതിന് മറുപടി നല്‍കിയത്. ‘മുഖ്യമന്ത്രി ആർജെഡിക്കൊപ്പമായിരുന്നപ്പോൾ, ബിജെപി ഭരണഘടന നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ഇപ്പോൾ ബിജെപിയുമായി കൈകോർത്തതിനാൽ, പ്രധാനമന്ത്രിയെ പിന്തുണയ്ക്കാൻ എംഎൽഎമാരോട് ആവശ്യപ്പെടുകയാണെന്ന്’ സര്‍വ്ജീത് തിരിച്ചടിച്ചു. ‘ഏത് വിശ്വസിക്കണമെന്ന് എനിക്ക് ശരിക്കും ആശയക്കുഴപ്പമുണ്ട്’ എന്നും സർവ്ജീത് പരിഹസിച്ചു. ‘ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ഡിസംബർ ആറിന് ‘ബാബറി മസ്ജിദ്’ നിർമ്മിക്കാൻ ആഹ്വാനം ചെയ്ത ഭരത്പൂർ എംഎൽഎ ഹുമയൂൺ കബീറിനെ തൃണമൂൽ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. സസ്പെൻഷന് മറുപടിയായി, ഡിസംബർ 22ന് എംഎൽഎ സ്ഥാനം രാജിവച്ച് സ്വന്തം പാർട്ടി പ്രഖ്യാപിക്കുമെന്ന് കബീർ പറഞ്ഞു. “ബിജെപിക്കും തൃണമൂലിനുമെതിരെ ഞാൻ മത്സരിക്കും,” അദ്ദേഹം പറഞ്ഞു. അതേസമയം, തൃണമൂൽ കോൺഗ്രസ് വർഗീയ രാഷ്ട്രീയം പിന്തുണയ്ക്കുക്കുന്നില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ന്യൂനപക്ഷ ആധിപത്യമുള്ള മുർഷിദാബാദിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മമത പറഞ്ഞത്, “ടിഎംസി വർഗീയ രാഷ്ട്രീയം പ്രയോഗിക്കില്ല. മുർഷിദാബാദിലെ ജനങ്ങൾ കലാപ രാഷ്ട്രീയം അംഗീകരിക്കില്ല” എന്നാണ്. സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്ററോ (എൻആർസി) തടങ്കൽപ്പാളയങ്ങളോ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ന്യൂനപക്ഷ സമുദായങ്ങൾക്ക് ഉറപ്പ് നൽകി. പക്ഷേ ഹുമയൂണ്‍ പ്രഖ്യാപിത ദിവസം തന്നെ 300 കോടിയുടെ മസ്ജിദിന് തറക്കല്ലിട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുസ്ലിം വോട്ട് ബാങ്ക് ഇല്ലാതാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. (ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.