
ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ രണ്ടാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഗുഡ്ഗാവ് സ്വദേശിനിയും , ശാരദ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുമായ ജ്യോതി ശര്‍മ്മയാണ് വനിതാ ഹോസ്റ്റലിലെ മുറിയില്‍ ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോളജിലെ രണ്ട് പ്രൊഫസര്‍മാരില്‍ നിന്നുള്ള മാനസീക പീഡനത്തെ തുടര്‍ന്നാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ജ്യോതിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജ്യോതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണവിധേയരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ഗ്രേറ്റര്‍ നോയിഡ ഡിസിപി സുധീര്‍ കുമാര്‍ പറഞ്ഞു. ജ്യോതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാല അധികൃതരില്‍നിന്നും രണ്ട് പ്രൊഫസര്‍മാരില്‍നിന്നും ദീര്‍ഘകാലമായി മാനസികപീഡനം നേരിടുകയാണെന്നും ആരോപണവിധേയര്‍ക്കെതിരേ നിയമനടപടി വേണമെന്നും കുറിപ്പില്‍ ജ്യോതി ആവശ്യപ്പെടുന്നുണ്ട്.
അവര്‍ ജയിലില്‍ പോകണമെന്നാണ് എന്റെ ആഗ്രഹം. അവര്‍ എന്നെ മാനസികമായി ചൂഷണം ചെയ്തു. എന്നെ അപമാനിച്ചു. ദീര്‍ഘകാലമായി ഞാന്‍ സമ്മര്‍ദത്തിലാണ്. അവരും ഇത് അനുഭവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’, ജ്യോതിയുടെ ആത്മഹത്യക്കുറിപ്പ് പറയുന്നു. ജ്യോതിയുടെ മരണവാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. അതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ചെറിയ സംഘര്‍ഷവും രൂപപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.