17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 27, 2025
November 15, 2024
October 24, 2024
February 17, 2024
July 21, 2023
October 13, 2022
April 6, 2022
December 17, 2021

കൊടുമൺ മനയിലെ നിഗൂഡതകൾ.…

കെ കെ ജയേഷ്
February 17, 2024 5:50 pm

കാടിന്റെ ഭീതിയിൽ നിന്ന് തേവൻ എന്ന പാണൻ ഓടിയെത്തുന്നത് പടിപ്പുര കടന്ന് കൊടുമൺ മനയിലേക്കാണ്. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടം. മാറാല മൂടിയ മുറികൾ, മച്ചിന് മുകളിലെ ചങ്ങലക്കിലുക്കങ്ങൾ. കാലം നിശ്ചലമായ ആ മന അടിമുടി നിഗൂഡമാണ്. അവിടെ അധിവസിക്കുന്ന കൊടുമൺ പോറ്റിയെപ്പോലെ. മെതിയടി ശബ്ദത്തിന് പിന്നാലെ പോറ്റി അവതരിക്കുന്നു. കറപിടിച്ച പല്ലുകൾ, ഊന്നുവടി അരികത്ത് വെച്ച്, അധികാരത്തിന്റെ പഴഞ്ചൻ കസേരയിലിരുന്ന് അയാൾ മുറുക്കാൻ ചെല്ലം തുറക്കുന്നു. നിഗൂഡമായി ചിരിക്കുന്നു. തേവന്റെ പാട്ടുകേൾക്കുകയും സ്നേഹത്തോടെ അവനെ അകത്തേക്ക് ക്ഷണിക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്നു. പ്രതീക്ഷയോടെ പടികയറിയ തേവന്റെ ജീവിതം പോറ്റിയ്ക്ക് മുമ്പിൽ പകിടകളായി ഉരുളുന്നു. പോറ്റിയുടെ വന്യമായ ചിരിയ്ക്ക് മുമ്പിൽ തേവൻ എല്ലാം മറക്കുന്നു. തനിക്ക് പോകേണ്ട വഴികൾ. കാത്തിരിക്കുന്ന അമ്മ. എന്തിന് സ്വന്തം പേരുപോലും മറന്ന് അയാൾ പോറ്റിയും അടുക്കളക്കാരനും മാത്രമുള്ള മനയുടെ നിഗൂഡതയിൽ അടിമയാക്കപ്പെടുന്നു. 

അയാൾ പോറ്റിയോ ചാത്തനോ ആയിരിക്കാം. ആരായാലും അയാൾ സർവവും കാൽക്കീഴിലൊതുക്കുന്ന അധികാരത്തിന്റെ പ്രതിരൂപമാണ്. നമ്മളെന്ത് തെറ്റ് ചെയ്തിട്ടാ അയാൾ നമ്മളോടിങ്ങനെ ചെയ്യുന്നതെന്ന് തേവൻ അടുക്കളക്കാരനോട് ചോദിക്കുന്നുണ്ട്. തെറ്റ് ചെയ്യണമെന്നില്ല നമ്മളെപ്പോലുള്ള പാവങ്ങളുടെ ജീവിതം കൊണ്ട് കളിക്കാൻ അധികാരത്തിന് ഹരമാണെന്ന് അടുക്കളക്കാരൻ മറുപടി പറയുന്നു. ‘ആരും പിടിച്ചുകൊണ്ടുവന്നതല്ലല്ലോ സ്വയം വന്ന് കയറിയതല്ലേ’ എന്ന അടുക്കളക്കാരന്റെ വാക്കുകൾക്ക് സ്വയം ഇരകളാകാൻ നിന്നുകൊടുക്കപ്പെടുന്ന മനുഷ്യന്റെ ദൈന്യതയുണ്ട്. നിങ്ങൾക്ക് എങ്ങിനെയും ‘ഭ്രമയുഗം’ ആസ്വദിക്കാം. യക്ഷിയും ചാത്തനും പോറ്റിയുമെല്ലാമുള്ള ഒരു ഹൊറർ ചിത്രമായി കണ്ടിറങ്ങാം. ആഴത്തിലിറങ്ങിയാൽ, അധികാരത്തിന്റെ ഫാസിസ്റ്റ് ഭാവത്തിന് മുന്നിൽ നിസ്സഹായരായിപ്പോകുന്ന മനുഷ്യരുടെ ജീവിതാവസ്ഥകളുടെ ഭീതിതമായ കാഴ്ചകളിലേക്ക് കടന്നുചെല്ലാം. അത് സിനിമയിലെ പതിനേഴാം നൂറ്റാണ്ടിലെ ദൃശ്യങ്ങളിൽ നിന്ന് വർത്തമാനകാലത്തിലും നമുക്കു മുമ്പിലുള്ള കാഴ്ചകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയേക്കാം. തമ്മിലടിച്ച നാട്ടുരാജ്യങ്ങളെ കീഴടക്കി യൂറോപ്യൻ അധിനിവേശം ശക്തിപ്രാപിച്ചതുപോലെയോ, തേവൻ പോറ്റിയ്ക്ക് മുന്നിലെത്തി വിധേയനായതുപോലേയോ വർത്തമാനകാലത്ത് പൂർണസമ്മതത്തോടെ അധികാരത്തിന് മുമ്പിൽ വിനീത വിധേയരാവുന്ന മനുഷ്യരുടെ ദൃശ്യങ്ങളിലേക്ക് സിനിമ പ്രേക്ഷകരെയെത്തിക്കും. കാലം നിശ്ചലമായ കൊടുമൺ മനയുടെ പഠിപ്പുര പിന്നിട്ട് കാടു കടന്നാൽ നാട്ടുരാജാക്കൻമാരിൽ നിന്ന് വിദേശീയരിലേക്ക് അധികാരം കൈമാറിയത് തിരിച്ചറിയാം. എന്നാൽ പോറ്റിയവസാനിച്ചാലും അധികാരത്തിന്റെ മോതിരത്തിനായുള്ള പരസ്പരമുള്ള പോരാട്ടം ഇരകളാക്കപ്പെടുന്നതിലേക്ക് തന്നെ നമ്മെ നയിക്കുകയാണ്. അധികാരികൾക്കെല്ലാം ഒരേ മുഖമാണെന്ന് ഇവിടെ നമ്മൾ തിരിച്ചറിയും.
മുത്തശ്ശിക്കഥകളിലൂടെ കുട്ടിക്കാലത്ത് കേട്ട യക്ഷിയെയും ചാത്തനെയുമെല്ലാം ഉപയോഗപ്പെടുത്തി ഭയത്തിന്റെയും അധികാരത്തിന്റെയും വേറിട്ട വായന സാധ്യമാക്കുകയാണ് രാഹുൽ സദാശിവൻ എന്ന സംവിധായകൻ. 

അധികം സംഭാഷണമോ കഥാപാത്രങ്ങളോ ചായക്കൂട്ടുകളോ ഇല്ലാതെ ഭീതി നിറഞ്ഞ ഭ്രമയുഗ കാഴ്ചകൾ ബ്ലാക്ക് ആന്റ് വൈറ്റിൽ അതിമനോഹരമായാണ് സംവിധായകൻ പ്രേക്ഷകർക്ക് മുമ്പിൽ ഒരുക്കുന്നത്. പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റെ സംഭാഷണങ്ങൾ കരുത്തുറ്റതാകുമ്പോഴും തേവനെന്ന കഥാപാത്രത്തെക്കൊണ്ടുപോലും അച്ചടി ഭാഷയിൽ സംസാരിപ്പിക്കുന്നത് കല്ലുകടിയാകുന്നുണ്ട്. കൊടുമൺ പോറ്റിയെന്ന പ്രതിനായകനായി മമ്മൂട്ടി നിറഞ്ഞാടുകയാണ് ചിത്രത്തിൽ. ഭീതി വിതയ്ക്കുന്ന പോറ്റിയുടെ രൗദ്ര ഭാവങ്ങളും അട്ടഹാസങ്ങളും അധികാരത്തിന്റെ അഹന്തയും നിഗൂഡതയും നിറഞ്ഞ ശരീരഭാഷയും മമ്മൂട്ടിയിൽ ഭദ്രം. നിസ്സഹായനാണ് തേവൻ. ദൈന്യത നിറഞ്ഞ അയാളുടെ ജീവിതാവസ്ഥകൾ അർജുൻ അശോകൻ അതിമനോഹരമായി അവതരിപ്പിച്ചു. തീർച്ചയായും ചിത്രത്തിൽ ഏറ്റവുമധികം വിസ്മയിപ്പിച്ചത് സിദ്ധാർത്ഥ് ഭരതൻ തന്നെയാണ്. പോറ്റിയുടെ രൗദ്രഭാവത്തിനും തേവന്റെ നിസഹായതയ്ക്കും അപ്പുറം ഏറെ സങ്കീർണമാണ് സിദ്ധാർത്ഥ് ഭരതന്റെ അടുക്കളക്കാരൻ. തീർത്തും നിഗൂഢമായ കഥാപാത്രം. അയാളിലെ ഭാവങ്ങൾക്ക് പതിയെപ്പതിയെ വിസ്മയിപ്പിക്കുന്ന തരത്തിലാണ് രൂപമാറ്റങ്ങൾ സംഭവിക്കുന്നത്. അമാൽഡ ലിസ്, മണികണ്ഠ ആചാരി എന്നിവരും ചെറു വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തല സംഗീതവും ഷെഹ്നാദ് ജലാലിന്റെ ക്യാമറാക്കാഴ്ചകളും ചിത്രത്തിന് കരുത്ത് പകരുന്നു.

Eng­lish Summary:Secrets of Kodu­man Mana
You may also like this video

YouTube video player

TOP NEWS

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.