17 December 2025, Wednesday

Related news

November 24, 2025
November 19, 2025
November 15, 2025
November 12, 2025
October 24, 2025
May 9, 2025
May 8, 2025
May 7, 2025
May 7, 2025
May 2, 2025

മതേതരത്വം ഹിന്ദു വിരുദ്ധമല്ല

രവി കൗശൽ
October 17, 2023 4:30 am

മാധ്യമസ്വാതന്ത്ര്യം, നീതിന്യായം, വിദ്യാഭ്യാസം എന്നിവയ്ക്കെതിരായ ആക്രമണം ചർച്ച ചെയ്യുന്നതിനായി ഡെമോക്രാറ്റിക് ഔട്ട്‌റീച്ച് ഫോർ സെക്യുലർ ട്രാൻസ്‌ഫോർമേഷൻ ഓഫ് ഇന്ത്യ (ദോസ്തി) ശനിയാഴ്ച ന്യൂഡല്‍ഹിയിലെ ജവഹർ ഭവനിൽ സംഘടിപ്പിച്ച കൺവെൻഷനിൽ നൂറുകണക്കിന് പ്രവർത്തകരും അധ്യാപകരും വിദ്യാർത്ഥികളും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു. പൊതുജീവിതത്തിൽ മതേതര മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പൗരസമൂഹ ഗ്രൂപ്പുകളുടെ സംയുക്തവേദിയാണ് ദോസ്തി. കൺവെൻഷനിൽ മൂന്ന് സെഷനുകൾ നിയന്ത്രിച്ചത് പ്രശസ്ത പണ്ഡിതയായ ഷീബ അസ്ലം ഫെഹ്മിയായിരുന്നു.
ഭരണഘടനാ നിയമവും ക്രിമിനൽ നിയമവും തമ്മിലുള്ള വൈരുധ്യമാണ് സാമൂഹിക അസമത്വം ഇല്ലായ്മചെയ്യാന്‍ പരിഹരിക്കപ്പെടേണ്ട പ്രധാന വിഷയമെന്ന് ഇന്ത്യൻ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക ഷാരൂഖ് ആലം പറഞ്ഞു. ‘നമ്മുടെ ഭരണഘടന, സാഹോദര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. അതേസമയം ക്രിമിനൽ നിയമം വിദ്വേഷ പ്രസംഗങ്ങളെ കേവലം ക്രമസമാധാന പ്രശ്നമായി കാണുന്നു. ഭരണഘടനയുടെ കാഴ്ചപ്പാടിലെടുത്താല്‍ വിവേചനത്തിലും ഭരണഘടനാ വാഗ്ദാന ലംഘനത്തിലുമാണ് വിദ്വേഷ പ്രസംഗങ്ങളുടെ വേരുകള്‍ എന്ന് കാണാനാകും’.
അന്വേഷണത്തിനൊടുവിലാണ് ഒരു വ്യക്തിയുടെ അറസ്റ്റ് സംഭവിക്കുകയെന്നാണ് നിയമ സംവിധാനങ്ങളിൽ പൊതുവെ അനുമാനിക്കപ്പെടുന്നത്. എന്നാല്‍ അക്കാര്യത്തിലും വൈരുധ്യം കാണാമെന്ന് അവർ പറഞ്ഞു. ‘നമ്മുടെ രാജ്യത്ത് അറസ്റ്റ് എന്നത് ഇപ്പോള്‍ അന്വേഷണത്തിന്റെ തുടക്കമായിരിക്കുന്നു. ഇതിന് ഒരു കൊളോണിയൽ പാരമ്പര്യമുണ്ട്. മര്‍ദനവും പീഡനവും കൊണ്ട് സത്യം പുറത്തുകൊണ്ടുവരാമെന്ന് അന്വേഷകര്‍ വിശ്വസിക്കുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷവും ഇത് മാറിയിട്ടില്ല എന്നതാണ് കൂടുതൽ വേദനാജനകമായ കാര്യം. സ്കോട്‌ലൻഡ്, ഇംഗ്ലണ്ട്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സമാനതയുണ്ട്. സ്കോട്‌ലൻഡിൽ ഒരു കുറ്റവും ചുമത്താതെ തന്നെ ഒരാളെ ആറ് മണിക്കൂർ വരെ തടങ്കലിൽ വയ്ക്കാം. ഇംഗ്ലണ്ടിൽ തീവ്രവാദ കുറ്റം ആരോപിച്ചാണെങ്കില്‍ ഇത് ഏഴ് ദിവസം വരെയാകാം. നമ്മുടെ രാജ്യത്താകട്ടെ ഇത് ആറ് മാസമാണ്. നിലവിലെ പ്രതിപക്ഷം ഭരിക്കുമ്പോഴാണ് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) പോലെയുള്ള കാടന്‍ നിയമങ്ങൾ കൊണ്ടുവന്നത്. അത് സുരക്ഷാ സേനയ്ക്കുള്ള സമ്മാനമാണെന്ന് ഇപ്പോഴത്തെ നിയമമന്ത്രി പറയുന്നു. അതിന്റെ അനന്തരഫലങ്ങളാണ് നാമിന്ന് കാണുന്നത്’.


ഇതുകൂടി വായിക്കൂ: തീവണ്ടിയിലെ തീവ്രവാദി പരിശോധന


സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സമാനമായ വിഷയങ്ങളാണ് സമര്‍ത്ഥിച്ചത്. ‘മാധ്യമങ്ങൾക്കെതിരായ ഇപ്പോഴത്തെ ആക്രമണം സർക്കാരിനെ പ്രകീര്‍ത്തിക്കുന്ന പരമ്പരാഗത മാധ്യമങ്ങളുടെ ജനപ്രീതി കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് കാണേണ്ടത്. നിർഭാഗ്യവശാൽ, ജുഡീഷ്യറിയിലും സമാനമായ പ്രവണത നിലനിൽക്കുന്നു. അവിടെ വിരമിക്കലിന് ശേഷമുള്ള വാഗ്ദാനങ്ങള്‍ തൊട്ടുമുമ്പുള്ള വിധികളെ സ്വാധീനിക്കുന്നു’-അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ രാഷ്ട്രീയം രാജ്യത്തിന്റെ മതേതരത്വത്തെ തകർത്താൽ ആഗോളതലത്തില്‍ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സെഷനിൽ മുതിർന്ന മാധ്യമപ്രവർത്തക അർഫ ഖനും ഷെർവാനി പറഞ്ഞു.
‘ഇന്ത്യ തകർച്ചയിലായാല്‍ അത് ലോകത്തെ ഒപ്പം കൊണ്ടുപോകും. കാരണം ഏതാനും ദശലക്ഷം ജനസംഖ്യയുള്ള ഒരു ചെറിയ രാജ്യമല്ല നമ്മുടേത്. ബഹുസ്വരതയ്ക്കും ജനാധിപത്യത്തിനും ലോകം ഉറ്റുനോക്കുന്നത് നമ്മളെയാണ്. എന്നാല്‍ ലിബറലിസം, ജനാധിപത്യം, മതേതരത്വം, ഭരണഘടന തുടങ്ങിയ വാക്കുകൾ തകര്‍ക്കപ്പെട്ടിരിക്കുകയാണെന്ന് മനസിലാക്കണം. ആര്‍എസ്എസും അതിന്റെ പോഷക സംഘടനകളും അപകീർത്തികരമായ പ്രചാരണത്തിനായി സമയവും ഊർജവും ചെലവഴിക്കുകയും മതേതരത്വം അടിസ്ഥാനപരമായി ഹിന്ദു വിരുദ്ധമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഈ വാക്കുകളെ പുനർനിർവചിക്കണമെന്നാണവരുടെ പ്രചരണം. മതനിരപേക്ഷത, കുടുംബങ്ങളെയും സമൂഹങ്ങളെയും ദൃഢമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് വിവിധ സമുദായങ്ങള്‍ തിരിച്ചറിയണ’മെന്നും അവർ കൂട്ടിച്ചേർത്തു.


ഇതുകൂടി വായിക്കൂ: പശ്ചിമേഷ്യന്‍ സംഘർഷത്തിന്റെ നാള്‍വഴികള്‍


‘ഇന്ത്യയിൽ, മതന്യൂനപക്ഷങ്ങൾ മതേതരത്വം ഇഷ്ടപ്പെടുന്നു. കാരണം അത് അവർക്ക് സംരക്ഷണം നൽകുന്നു. എന്നാല്‍ അധികാരമുള്ള മറ്റ് രാജ്യങ്ങളിൽ മനോഭാവം മാറ്റുന്നു, അത് മുസ്ലിങ്ങളായാലും ക്രിസ്ത്യാനികളായാലും ജൂതന്മാരായാലും. മതേതരത്വം എന്നത് വ്യക്തിപരവും കുടുംബപരവുമായ നേട്ടങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് അവർ തിരിച്ചറിയണം. പാശ്ചാത്യ രാജ്യങ്ങളിൽ ജനങ്ങള്‍ തങ്ങളുടെ വ്യക്തിപരമായ അവകാശങ്ങളെ ഭരണഘടന, മാധ്യമസ്വാതന്ത്ര്യം എന്നിവയുമായി സ്വയം ബന്ധപ്പെടുത്തുന്നു. മാധ്യമറിപ്പോര്‍ട്ടുകളില്‍ പോലും സ്വാഭാവികമായ ഇസ്ലാമോഫോബിയ പ്രകടമാണെന്നും പലസ്തീനിനെതിരായ ഇസ്രയേലിന്റെ ആക്രമണ വാര്‍ത്തകള്‍ ഉദാഹരണമാണെന്നും’ അവർ പറഞ്ഞു.
‘യുദ്ധ കവറേജിൽ നിഷ്പക്ഷരും വസ്തുനിഷ്ഠരും ആയിരിക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാൽ മൂന്ന് മുസ്ലിം അമേരിക്കൻ മാധ്യമപ്രവർത്തകരെ പിരിച്ചുവിട്ടുവെന്ന വാർത്ത കേട്ടപ്പോൾ എനിക്ക് വേദന തോന്നി. 15 വർഷം മുമ്പ് താനും റിപ്പോർട്ടിങ്ങില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്. അന്ന് ബട്‌ല ഹൗസ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തത് ഞാനാണ്. സംഭവസ്ഥലത്തെത്തിയ ആദ്യത്തെ വീഡിയോ ജേര്‍ണലിസ്റ്റും ഞാനായിരുന്നു. എന്നിട്ടും, മതേതരമെന്ന് കരുതപ്പെടുന്ന ന്യൂസ് റൂമിൽ നിരോധിത സംഘടനയായ സിമിയുടെ അംഗമായാണ് എന്നെ മുദ്രകുത്തിയത്. സ്വാഭാവികമായ ഈ ഇസ്ലാമോഫോബിയ ഗൗരവമായ ചർച്ചകളെപ്പോലും തടയുന്നു. അതുകൊണ്ട് ആളുകളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള വഴികളാണ് നമ്മള്‍ ആലോചിക്കേണ്ടത്’.
ന്യൂസ്‌ക്ലിക്കിനെതിരെയുള്ള ആക്രമണം സര്‍വസാധാരണമായ അധികാര ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് അനുമാനിക്കുന്നത് തെറ്റാണെന്ന് ഗാവ് സവേര സ്ഥാപകനായ മൻദീപ് പുനിയ പറഞ്ഞു. ‘യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദർശനത്തെക്കുറിച്ചുള്ള എസ് ജയശങ്കറിന്റെ പ്രസ്താവന പുനഃപരിശോധിക്കുന്നത് അത് മനസിലാകാന്‍ സഹായിക്കും. കശ്മീരിലെ പൗരസ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ‘നല്ല ഭരണത്തെ പൗരസ്വാതന്ത്ര്യത്തിന് ഉൾക്കൊള്ളാൻ കഴിയുമെന്ന്’ പറയാന്‍ അദ്ദേഹത്തിന് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍ ‘പൗരസമൂഹം അപകടകരമായ ഒരു സ്ഥാപനമാണെ‘ന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞത്.
ഒരു സമാന്തര സമൂഹമാധ്യമ ശൃംഖല ഉയർന്നുവന്നിട്ടുണ്ടെന്നും അത് സർക്കാരിന്റെ അവകാശവാദങ്ങളെ ശക്തമായി വെല്ലുവിളിക്കുന്നുവെന്നും സമ്മതിക്കേണ്ടിയിരിക്കുന്നു. ചില സന്ദർഭങ്ങളിൽ ഇത് പരമ്പരാഗത മാധ്യമങ്ങളെക്കാൾ ജനപ്രിയവുമാണ്. എങ്കിലും പോരാട്ടത്തിന്റെ മുൻനിരയിലുള്ളത് പ്രസ്ഥാനങ്ങള്‍ തന്നെയാണ്. കർഷക സംഘടനകൾ സമ്മർദം ചെലുത്തുകയും ഖാപ് പോലുള്ള സാമൂഹിക സ്ഥാപനങ്ങൾ വർഗീയ കലാപത്തിൽ കക്ഷിയാകില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തപ്പോൾ നൂഹിൽ ഇത് തെളിഞ്ഞതാണ്.


ഇതുകൂടി വായിക്കൂ: കേരളം ഹിന്ദുത്വ തീവ്രവാദത്തിന്റെ ഇരയായി മാറിക്കൂടാ


ആർഎസ്എസ്-ബിജെപി സഖ്യം വർഗീയ വിഷം കുത്തിവയ്ക്കുമ്പോൾ രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗത്തും ആഘാതമുണ്ടെന്ന് ജവഹർലാൽ നെഹ്രു സർവകലാശാലയിലെ സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആന്റ് പ്ലാനിങ് പ്രൊഫസർ സുരജിത് മജുംദാർ പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഉന്നതവിദ്യാഭ്യാസരംഗത്തെ യുവജനങ്ങളുടെ പങ്കാളിത്തം എട്ട് ശതമാനത്തിൽ നിന്ന് 27 ശതമാനമായി ഉയർന്നുവെന്നും പെൺകുട്ടികൾ, ദളിതർ, ആദിവാസികൾ എന്നിങ്ങനെ നേരത്തെ വിദ്യാഭ്യാസം ലഭിക്കാതിരുന്ന വിഭാഗങ്ങളാണിതില്‍ അധികവുമെന്നും അദ്ദേഹം പറഞ്ഞു. ‘ഉന്നതവിദ്യാഭ്യാസത്തിൽ ആൺകുട്ടികളെക്കാൾ പെൺകുട്ടികളുടെ പ്രവേശന അനുപാതം കൂടുതലാണ്. എസ്‌സി, എസ്‌ടി, ഒബിസി എന്നിവയുടെ പങ്കാളിത്തവും അവരുടെ ജനസംഖ്യാനുസൃതമായി വരുന്നു. എന്നാല്‍ മുസ്ലിം സമുദായം ഇപ്പോഴും പിന്നിലാണ്’ മജുംദാർ പറഞ്ഞു. സ്വകാര്യ വിദ്യാഭ്യാസ മേഖലയും വളരുകയാണ്. അതേസമയം നിലവിലുള്ള വികസന പ്രക്രിയയിൽ ചുരുങ്ങിയ ജോലിസാധ്യത മാത്രമാണുള്ളത്. ജനങ്ങള്‍ തൊഴിലിനെയും വളർച്ചയെയും കുറിച്ച് ചോദിക്കുമ്പോൾ രാഷ്ട്രീയമായി സ്ഫോടനാത്മകമായ സാഹചര്യമുണ്ടാകുന്നു.
‘ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സ്വയംഭരണാധികാരമുള്ള യുജിസി പോലുള്ള സ്ഥാപനങ്ങളെ ഭരണകൂടം ഉപയോഗിക്കുന്നു. പാഠ്യപദ്ധതികള്‍ അടിച്ചേല്പിച്ചും ആർഎസ്എസുമായും അതിന്റെ അനുബന്ധ സംഘടനകളുമായും അടുപ്പമുള്ളവരെ വൈസ് ചാൻസലർമാരാക്കിയും നിയന്ത്രണം ഉറപ്പാക്കുന്നു. സ്കൂൾ വിദ്യാഭ്യാസവും ആക്രമിക്കപ്പെടുകയാണ്’ ‑മുന്‍ ഡൽഹി സർവകലാശാലാ പ്രൊഫസർ മധു പ്രസാദ് പറഞ്ഞു.

(അവലംബം: ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.