
ഡല്‍ഹിയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ ഗുരുതരമായ സുരക്ഷാ വീഴ്ച. ചെങ്കോട്ടയില്‍ നടന്ന മോക്ഡ്രില്‍ പരാജയപ്പെടുകയും ചെയ്തു. ഡമ്മി ബോംബ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ചെങ്കോട്ടയുടെ സുരക്ഷാ ചുമതലയിലുള്ള ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സുരക്ഷാ വീഴ്ച ആരോപിച്ചാണ് നടപടി. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ റിഹേഴ്സലിന്റെ ഭാഗമായി ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ശനിയാഴ്ച മോക്ഡ്രില്‍ സംഘടിപ്പിച്ചത്. മോക്ഡ്രില്ലിനിടെ സിവിലിയന്മാരുടെ വേഷം ധരിച്ച് ഒരാള്‍ ഡമ്മി ബോംബുമായി ചെങ്കോട്ട പരിസരത്ത് പ്രവേശിച്ചു. ബോംബ് കണ്ടെടുക്കുക എന്നതായിരുന്നു പൊലീസുകാരുടെ ദൗത്യം. എന്നാല്‍ ബോംബുമായി എത്തിയ ആളെ തിരിച്ചറിയാന്‍ പൊലീസുകാര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് കോണ്‍സ്റ്റബിള്‍മാരും ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടെയുള്ള ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. അതേസമയം ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച അഞ്ച് ബംഗ്ലാദേശി പൗരന്മാര്‍ പിടിയിലായി. ഇവരില്‍നിന്ന് ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറി ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ ജോലികള്‍ ചെയ്ത് ജീവിക്കുകയായിരുന്നു ഇവരെന്നാണ് വിവരം. 20നും 25നും ഇടയില്‍ പ്രായമുള്ള ഇവരെ ചോദ്യം ചെയ്തുവരികയാണ്.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് നടക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കെ രാജ്യ തലസ്ഥാനത്ത് സുരക്ഷാപരിശോധനകള്‍ കടുപ്പിച്ചിട്ടുണ്ട്. പ്രദേശം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പരിസരത്തെ താമസക്കാരുടെ മുഴുവന്‍ വിവരങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഹൈടെക് വീഡിയോ അനലറ്റിക്‌സ്, നൂതന വാഹന സ്കാനിങ് സംവിധാനങ്ങള്‍ എന്നിവയും സ്ഥാപിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യദിനാഘോഷത്തിന് മുമ്പുള്ള ദിവസങ്ങളില്‍ അഞ്ച് തരം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.