
ഡൽഹിയിലെ ചെങ്കോട്ടയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തുടനീളം കശ്മീരികൾക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമാകുന്ന സാഹചര്യത്തിൽ, തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.
സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ കശ്മീർ സ്വദേശിയായ ഡോ. ഉമർ നബിയാണെന്ന് സുരക്ഷാ ഏജൻസികൾ സംശയിക്കുന്നതും കശ്മീരിൽ നിന്നുള്ള മറ്റ് ഡോക്ടർമാർക്ക് ഭീകരപ്രവർത്തനവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും കശ്മീരികൾക്കെതിരായ വിദ്വേഷത്തിന് ആക്കം കൂട്ടി. പ്രധാനമന്ത്രി ഒരു പ്രത്യേക സമൂഹത്തിന്റെ മാത്രം ആളല്ല, രാജ്യത്തെ മുഴുവൻ ജനങ്ങളുടെയുമാണെന്ന് ജെകെഎസ്എ ദേശീയ കൺവീനർ നാസിർ ഖുഹാമി പറഞ്ഞു. കശ്മീരികളോട് ചിറ്റമ്മനയം പാടില്ലെന്ന് വ്യക്തമാക്കുന്ന പൊതുപ്രസ്താവന പുറപ്പെടുവിക്കാനും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
വാട്സാപ്പ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ വഴി കശ്മീരികൾക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. ഇത് രാജ്യത്തുടനീളം വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന 1.5 ലക്ഷത്തിലധികം കശ്മീരി വിദ്യാർത്ഥികളുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് നാസിർ ഖുഹാമി ചൂണ്ടിക്കാട്ടി. കശ്മീരി സമൂഹം മുഴുവനും ഭീകരാക്രമണത്തിൽ ഉൾപ്പെട്ടവരെന്ന പോലെയാണ് ഇപ്പോൾ ചർച്ച. പ്രധാനമന്ത്രിയുടെ ഒരു സന്ദേശം കശ്മീരി സമൂഹത്തിന് ആത്മവിശ്വാസം വളർത്തുന്നതിനുള്ള വലിയ നടപടിയായിരിക്കും.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് നഗരത്തിൽ വാടകയ്ക്ക് താമസിക്കുന്ന 2,000ത്തിലധികം കശ്മീരി വിദ്യാർത്ഥികളെ ഫരീദാബാദ് പൊലീസ് ചോദ്യം ചെയ്തു. കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള നീക്കവുമുണ്ട്. ഗുരുഗ്രാമിലും ഫരീദാബാദിലും പഠിച്ചിരുന്ന 700ലധികം വിദ്യാർത്ഥികൾ ഇതിനകം കശ്മീരിലേക്ക് മടങ്ങി. രാജ്യത്തുടനീളം കശ്മീരി വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന വീടുകളുടെ ഉടമസ്ഥരും വിവിധ തരത്തിൽ ഇവരെ പീഡിപ്പിക്കുന്നു. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പീഡനങ്ങൾ വർധിച്ചിരിക്കുന്നത്.
കശ്മീരി വിദ്യാർത്ഥികൾ ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നവരും ഭീകരതയെയും വിഘടനവാദത്തെയും നിരാകരിക്കുന്നവരുമാണ്. അതിനാൽ വാട്സാപ്പ് സർവകലാശാല വഴി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.