28 December 2024, Saturday
KSFE Galaxy Chits Banner 2

ജനാധിപത്യത്തിന് ഭീഷണിയായി വീണ്ടും രാജ്യദ്രോഹക്കുറ്റം

സഫി മോഹന്‍ എം ആര്‍
June 8, 2023 4:48 am

രാജ്യദ്രോഹക്കുറ്റം നടപ്പിലാക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ നിയമ കമ്മിഷൻ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു. കഴിഞ്ഞ എട്ട് വർഷമായി കേന്ദ്രസർക്കാർ നന്നായി ദുരുപയോഗം ചെയ്ത രാജ്യദ്രോഹക്കുറ്റം കൂടുതൽ ശക്തിയോടെ നടപ്പിലാക്കണമെന്ന നിയമ കമ്മിഷന്റെ കണ്ടെത്തൽ രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കേണ്ട മറ്റൊരു സ്ഥാപനം കൂടി കേന്ദ്രസർക്കാർ വരുതിയിലാക്കി എന്നതിന് തെളിവാണ്. 2022 മേയ് 11-ാം തീയതി എസ് ജി വോംബദ്കേരേ വെഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന വിധിന്യായത്തിലൂടെ സുപ്രീം കോടതി അസ്ഥിരപ്പെടുത്തിയ രാജ്യദ്രോഹക്കുറ്റമാണ് കേന്ദ്ര സർക്കാർ ഇന്ത്യൻ ലോ കമ്മിഷനിലൂടെ തിരികെക്കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. സർ ജെയിംസ് സ്റ്റീഫൻ 1870ൽ ഒരു ഭേദഗതിയിലൂടെയാണ് ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടുത്തിയത്. 1891ൽ ബംഗാളി ദിനപത്രമായ ബങ്കോബാസിയുടെ ഉടമയായ ജോഗേന്ദ്ര ചന്ദ്രബോസിനെതിരെ ഈ നിയമം ആദ്യമായി പ്രയോഗിച്ചു. ആയിരക്കണക്കിന് സ്വാതന്ത്ര്യസമരസേനാനികൾക്കെതിരെ ബ്രിട്ടീഷുകാർ ഈ നിയമം പ്രയോഗിച്ചപ്പോൾ ബാലഗംഗാധര തിലകിനെയും ഗാന്ധിജിയെയും പോലും വെറുതെവിട്ടില്ല. രാജ്യദ്രോഹക്കുറ്റത്തിന് കുറഞ്ഞത് മൂന്ന് വർഷം തടവുശിക്ഷ ആണെങ്കിൽപ്പോലും ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന രീതിയിലാണ് ബ്രിട്ടീഷുകാർ നിയമപുസ്തകത്തിൽ ഈ കുറ്റകൃത്യത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.

 


ഇതുകൂടി വായിക്കൂ; റെയില്‍വേ അപകടങ്ങള്‍: താല്‍ക്കാലിക ജാഗ്രത മാത്രം പോര


അറസ്റ്റ് ചെയ്താൽ ജാമ്യം കിട്ടാൻ കഴിയാത്ത കുറ്റമായി മാറ്റിക്കൊണ്ട് അടിയന്തരാവസ്ഥ സമയത്ത് ഇന്ദിരാഗാന്ധി സർക്കാർ ഈ കുറ്റകൃത്യത്തിൽ ചില ഭേദഗതികൾ കൊണ്ടുവന്നിരുന്നു. അന്വേഷണ ഏജൻസികൾക്ക് കോടതിയുടെ സമ്മതമില്ലാതെ അന്വേഷണം നടത്തുവാനുള്ള അധികാരം അടിയന്തരാവസ്ഥക്കാലത്തെ നിയമഭേദഗതിയിലൂടെയാണ് നടപ്പിലാക്കിയത്. ഈ നിയമത്തിന്റെ ദുരുപയോഗം തടയുന്നതിനുവേണ്ടി 1962ൽ സുപ്രീം കോടതി കേദാർനാഥ് കേസിൽ ചില നിർദേശങ്ങൾ കൊണ്ടുവന്നിരുന്നുവെങ്കിലും അവ പാലിക്കുവാൻ ഭരിക്കുന്ന സർക്കാരുകൾ തയ്യാറായിരുന്നില്ല എന്നതാണ് സത്യം. ഈ സാഹചര്യങ്ങൾ മുതലെടുത്താണ് കേന്ദ്രസർക്കാർ ഈ നിയമത്തെ വർഷങ്ങളായി ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത്. ആർട്ടിക്കിൾ 14.കോം എന്ന നിയമ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിൽ, കഴിഞ്ഞ ദശാബ്ദത്തിന്റെ അന്ധകാരമായിരുന്നു കേന്ദ്ര സർക്കാരിന്റെ രാജ്യദ്രോഹക്കുറ്റം ചുമത്തല്‍ എന്ന് കണ്ടെത്തിയിരിക്കുന്നു. ഈ പഠന റിപ്പോർട്ട് അവരുടെ വെബ്സൈറ്റിൽ ലഭ്യമാണ്. 10 വർഷത്തിനിടയിൽ 13,000 പൗരന്മാരെ ഈ നിയമത്തെ മറയാക്കി അറസ്റ്റ് ചെയ്യുകയും കാരാഗൃഹത്തിലടയ്ക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ മാധ്യമപ്രവർത്തകർ, എഴുത്തുകാർ, രാഷ്ട്രീയപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, അഭിഭാഷകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരാണ് ഈ നിയമത്തിന്റെ ഇരയായത് എന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്.
നരേന്ദ്രമോഡി സർക്കാർ വന്നതിന് ശേഷം ഓരോ വർഷവും 28 ശതമാനം വർധനവാണ് ഈ കുറ്റം ചുമത്തുന്ന കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. രാജ്യവും ലോകവും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്ത വ്യക്തികൾക്കെതിരെയാണ് കേന്ദ്രസർക്കാർ ഈ നിയമം ഉപയോഗിച്ചത് എന്നത് ആശങ്കാജനകം തന്നെ. കിഷോർചന്ദ്ര വാങ്ചിമ, രാജ്ദീപ് സർദേശായി, മൃണാൾ പാണ്ഡേ, ദിഷാ രവി, കനയ്യകുമാർ, ഉമർഖാലിദ്, അരുന്ധതി റോയ്, വിനോദ് ദുവ, ഐഷ സുൽത്താന, സിദ്ദിഖ് കാപ്പൻ, ഫാദർ സ്റ്റാൻ സ്വാമി, രാമചന്ദ്ര ഗുഹ, അടൂർ ഗോപാലകൃഷ്ണൻ എന്നിവ ചില പേരുകൾ മാത്രം.


ഇതുകൂടി വായിക്കൂ; ആധുനിക ശകുനികൾ


നിയമ കമ്മിഷന്റെ 88 പേജുകളുള്ള റിപ്പോർട്ട് ഭരണഘടനാ വിരുദ്ധവും സുപ്രീംകോടതിയുടെ കേദാർനാഥ് വിധിക്ക് എതിരുമാണ്. ജസ്റ്റിസ് റിതുരാജ് അവാസ്തി ചെയർപേഴ്സണും ജസ്റ്റിസ് കെ ടി ശങ്കരൻ, മറ്റ് നിയമവിദഗ്ധർ എന്നിവരടങ്ങുന്ന കമ്മിഷൻ, കേദാർനാഥ് വിധി മറികടക്കുന്നതിനുവേണ്ടി ‘എക്സ്പ്ലനേഷൻ 4’ എന്ന പുതിയ വിവരണം കൂടി കൊണ്ടുവന്നിട്ടുണ്ട്. കുറഞ്ഞ ശിക്ഷ മൂന്നിൽ നിന്ന് ഏഴ് വർഷമായി കൂട്ടാനും കമ്മിഷൻ മറന്നില്ല. രാജ്യത്തെ ജനങ്ങൾക്ക് ഭരണഘടന നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുവാൻ ഇത്രയും വലിയ മാറ്റങ്ങൾ കൊണ്ടുവന്ന നിയമ കമ്മിഷൻ തീരുമാനം ഭരണഘടനയുടെ ധാർമ്മിക മൂല്യങ്ങൾക്ക് എതിരാണ്.
രാജ്യം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന ഈ അവസരത്തിൽ കൊളോണിയൽ നിയമമായ രാജ്യദ്രോഹക്കുറ്റം എടുത്തുമാറ്റാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയെക്കാെണ്ട് 2022 മേയ് എട്ടിന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം കൊടുപ്പിച്ച കേന്ദ്രസർക്കാർ തന്നെയാണ് അവരുടെ മറ്റാെരു കമ്മിഷനെക്കൊണ്ട് ഇത് നടപ്പിലാക്കണമെന്ന് പറയിക്കുന്നത്. അവരുടെ ഇരട്ടത്താപ്പ് നയമാണിത്. ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇടയാക്കുന്നതുമായ നിയമ കമ്മിഷൻ റിപ്പോർട്ട് എത്രയും പെട്ടെന്ന് നടപ്പിലാക്കുവാനാകും കേന്ദ്രസർക്കാരിന്റെ ഇനിയുള്ള ശ്രമം. രാജ്യത്തെ ജനങ്ങളെ അണിനിരത്തി ഇതിനെ ചെറുത്ത് തോല്പിക്കേണ്ടതാണ്. പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ ഇവരുടെ പൊള്ളത്തരം തുറന്നുകാണിച്ച് ഈ നിയമത്തെ പരാജയപ്പെടുത്തേണ്ടിയിരിക്കുന്നു.

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.