
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനവും ഫീസ് ഘടനയും സംബന്ധിച്ച വിഷയത്തില്‍ ഫീസ് നിര്‍ണയ സമിതിയുടെ അധികാര പരിധിയില്‍ ഇടപെട്ട് സുപ്രീം കോടതി. കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച് ജസ്റ്റിസുമാരായ സൂര്യ കാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്ന കൂടിയ ഫീസ് ബിപിഎല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ പഠിക്കാന്‍ സബ്‌സിഡി നല്‍കാനുള്ള സംസ്ഥാനങ്ങളുടെ കോര്‍പസ് ഫണ്ടായി സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കാന്‍ ഫീസ് നിര്‍ണയ സമിതിക്ക് അധികാരമില്ല. കോര്‍പസ് ഫണ്ടായി സംസ്ഥാന സര്‍ക്കാര്‍ സ്വരൂപിച്ച തുക കോളജുകള്‍ക്ക് മടക്കി നല്‍കണം. ഈ ഫണ്ട് കോളജുകളാണ് കൈകാര്യം ചെയ്യേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ട നിയമ നിര്‍മ്മാണം നടത്തുന്നതുവരെ മാത്രമാണ് ഫീസ് നിര്‍ണയ സമിതിക്ക് എന്‍ആര്‍ഐ വിദ്യാര്‍ത്ഥി പ്രവേശനത്തിന്റെയും ഫീസിന്റെയും കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരം. സമിതിയുടെ അധികാര സീമകള്‍ ഇക്കാര്യത്തില്‍ അനന്തമല്ല. ചൂഷണം ചെയ്യാത്തവിധമാകണം എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളുടെ ക്വാട്ടയും ഫീസ് ഘടനയും. സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ബിപിഎല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും കോളജുകള്‍ ഈടാക്കിയ അധിക ഫീസ് തിരിച്ചുനല്‍കാന്‍ മൂന്നു മാസത്തെ സമയപരിധി കോടതി നിശ്ചയിച്ചു. ബിപിഎല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അധിക ഫീസ് ഈടാക്കരുതെന്നും ഉത്തരവിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.