പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനുണ്ടാക്കിയ ധാരണ ഇന്ത്യയെ അമേരിക്കന്‍ അവശിഷ്ടങ്ങളുടെ വിപണനകേന്ദ്രമാക്കി മാറ്റുമെന്ന് ആക്ഷേപം. ഇരുരാജ്യങ്ങളും ആണവ, പ്രതിരോധ, വ്യാപാര, ബഹിരാകാശ മേഖലകളിലടക്കം ഉഭയകക്ഷി സഹകരണം ശക്തമാക്കുമെന്നാണ് മോഡിയുടെ സന്ദര്‍ശന വേളയില്‍ ധാരണയായത്. ഇത് യുഎസിന് അവരുടെ കാലഹരണപ്പെട്ട ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള നല്ല അവസരമായി തീരുമെന്ന് ദ കൗണ്ടര്‍ കറണ്ട് പ്രസിദ്ധീകരിച്ച വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവസഹകരണത്തിലാണ് പ്രധാനമായും ഇത് സംഭവിക്കുക.
അമേരിക്കയുടെ ആണവോർജ പദ്ധതികള്‍ക്കനുഗുണമായി, ഇന്ത്യ നയങ്ങളിൽ മാറ്റം വരുത്തുമെന്ന് സമ്മതിച്ചതായി നരേന്ദ്ര മോഡിയെ കൂടെയിരുത്തി ട്രംപ് പറഞ്ഞിരുന്നു. സാങ്കേതികമായി കാലഹരണപ്പെട്ടതും ദുർബലവുമാണ് നിലവിലെ യുഎസ് ആണവ വൈദ്യുത കോർപറേഷനുകളെന്നും 1973ന് ശേഷം അമേരിക്കൻ വൈദ്യുതി കമ്പനികള്‍ പുതിയ ആണവ നിലയങ്ങൾ സ്ഥാപിക്കുന്നതില്‍ നിന്ന് വിട്ടുനിന്നുവെന്നും കൗണ്ടര്‍ കറണ്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
1978 മുതൽ ഒരു വൈദ്യുത കമ്പനിയും ആണവ റിയാക്ടറുകൾക്കായി ഓർഡർ നൽകിയിട്ടില്ല. കൂടാതെ ആണവ റിയാക്ടറുകളുടെയും അതിന്റെ ഘടകങ്ങളുടെയും ആഭ്യന്തര ഉല്പാദന ശേഷി കുറഞ്ഞു. ഇത് ആണവ റിയാക്ടർ സാങ്കേതികവിദ്യയില്‍ ഇടിവിനും മേഖലയിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ കുറവിനും കാരണമായി. തൽഫലമായി അമേരിക്കൻ ആണവ നിലയങ്ങളും റിയാക്ടർ സാങ്കേതികവിദ്യകളും കാലഹരണപ്പെട്ടതാണ്. അതിനാൽ, കാലഹരണപ്പെട്ട ആണവ സാങ്കേതികവിദ്യ വാങ്ങുന്നത് അമേരിക്കൻ കമ്പനികൾക്ക് മാത്രമേ ഗുണം ചെയ്യൂ. ഇന്ത്യയുടെ ഊർജ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുപകരം അമേരിക്കൻ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സഹായിക്കുന്നതാണിത്.
ഇത്തരമൊരു നീക്കത്തിലൂടെ ട്രംപിന്റെ കീഴിലുള്ള അമേരിക്കൻ കോർപറേറ്റ് നേതൃത്വം ഇന്ത്യൻ സമ്പത്തും വിഭവങ്ങളും കൈക്കലാക്കി യുഎസ് ആണവ കോർപറേഷനുകളെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍കിട ആയുധ ഉല്പന്ന വിപണന രാജ്യമാണ് യുഎസ്. എങ്കിലും ആണവ രംഗത്ത് അവിടെയുള്ള സംരംഭങ്ങള്‍ പഴഞ്ചനായതിനാല്‍ അവയെ ഇന്ത്യന്‍ ചെലവില്‍ പുനരുജ്ജീവിപ്പിക്കുകയും അവശിഷ്ടങ്ങള്‍ വിറ്റൊഴിവാക്കുകയും ചെയ്യുക എന്ന ട്രംപിന്റെ കെണിയില്‍ വിനീത വിധേയത്വം കാരണം മോഡി തലവച്ചുകൊടുക്കുകയായിരുന്നുവെന്നാണ് അനുമാനിക്കേണ്ടത്.
Sell nuclear waste to India under cooperation agreement
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.